കണ്ണൂരിൽ കൊലപാതകങ്ങൾ കുറവ്; അക്രമങ്ങൾക്ക് പിന്നിൽ ആർ.എസ്.എസ് -മുഖ്യമന്ത്രി

തിരുവനന്തപുരം: ആർ.എസ്.എസിന്‍റെ ബോധപൂർവമായ ഇടപെടലുകളാണ് കണ്ണൂർ ജില്ലയിലെ അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ ജില്ലയിലെ അക്രമ സംഭവങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ഇരിക്കൂർ എം.എൽ.എ കെ.സി ജോസഫാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.

ഏറെക്കാലമായി കേരളത്തിന്‍റെ ചില ഭാഗങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷാന്തരീക്ഷം രൂപപ്പെട്ടു വരുകയും അത് കൊലപാതകങ്ങളിലെത്തുകയും ചെയ്യുന്ന ദൗര്‍ഭാഗ്യകരമായ സ്ഥിതിയുണ്ട്. രാഷ്ട്രീയമായ അഭിപ്രായ ഭിന്നതകളുണ്ടാവുന്നതു സ്വാഭാവികമാണ്. രണ്ടു പ്രസ്ഥാനങ്ങള്‍ക്കിടയില്‍ മാത്രമല്ല, രണ്ടു വ്യക്തികള്‍ക്കിടയില്‍ പോലും ഒരേ അഭിപ്രായം എല്ലാ കാര്യത്തോടും എല്ലായ്പ്പൊഴും ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാല്‍, ആ അഭിപ്രായ വ്യത്യാസങ്ങള്‍, വ്യത്യസ്ത സമീപനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രതികാര മനോഭാവമുണ്ടാവുന്നതും അതിന്‍റെ അടിസ്ഥാനത്തില്‍ കൊലപാതകങ്ങളുണ്ടാവുന്നതും നീതീകരിക്കാനാവുന്നതല്ല. ഒരു പരിഷ്കൃത സമൂഹത്തിനു ചേരുന്നതുമല്ല. ഇതിനെ മറികടക്കാൻ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തകര്‍ ബോധപൂര്‍വം പരിശ്രമിക്കണം. ദൃഢനിശ്ചയത്തോടെ സമാധാനപരമായി നിലകൊള്ളുമെന്നുറപ്പിക്കണം. 'മനുഷ്യത്വ'മെന്ന മഹാഗുണത്തിന്‍റെ മഹത്വം മനസ്സില്‍നിന്നു ചോര്‍ന്നുപോകാന്‍ ഏതു സാഹചര്യത്തിലും അനുവദിക്കില്ല എന്നു നിശ്ചയിക്കണമെന്നും പിണറായി വ്യക്തമാക്കി.

ക്രൗര്യം കൊണ്ട് ഒരാളെ ഇല്ലാതാക്കാന്‍ പറ്റും; തിരുത്താന്‍ പറ്റില്ല. സൗമനസ്യം കൊണ്ടേ ആരെയും തിരുത്താനാവൂ. മനുഷ്യത്വപൂര്‍ണമായ ആ സൗമനസ്യത്തിന്‍റെ രാഷ്ട്രീയത്തിനായി എല്ലാവരും സ്വയം അര്‍പ്പിക്കുമെങ്കില്‍ ഈ നാട് ഒരുമയോടെ പുരോഗമിക്കും. നമ്മുടെ വരും തലമുറകള്‍ക്കു സ്വച്ഛമായി ഐശ്വര്യത്തില്‍ കഴിയാനാവുന്ന ഒരു അന്തരീക്ഷം നമുക്കു സൃഷ്ടിണം. സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ വേണ്ടി ഗവണ്‍മെന്‍റ് കൈക്കൊള്ളുന്ന നടപടികളോട് എല്ലാവരും സഹകരിക്കണമെന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ നോക്കിയാൽ (2014 ഫെബ്രുവരിയിൽ നിയമസഭയിൽ വെച്ചത്) കണ്ണൂരിൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് കൊലപാതകങ്ങൾ കുറവാണെന്ന് പിണറായി പറഞ്ഞു. സംസ്ഥാനത്തെ കൊലപാതകങ്ങളുടെ കാര്യത്തിൽ കണ്ണൂരിന് ആറാം സ്ഥാനമാണ്. ഒന്നാം സ്ഥാനത്ത് തിരുവനന്തപുരമാണ്. ജനങ്ങൾ ഭയപ്പെടുന്ന സാഹചര്യം കണ്ണൂരിൽ ഇല്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.  

ആർ.എസ്.എസുകാർ സി.പി.എം പ്രവർത്തകരെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസുകളിലെ പ്രതിപ്പട്ടികയിൽ വന്നിട്ടുള്ളവർ ജില്ലക്ക് പുറത്തുള്ളവരാണ്. ആർ.എസ്.എസുമായി ബന്ധമുള്ള വയനാട്, തിരുവനന്തപുരം, കാസർകോട് ജില്ലക്കാരാണിവർ. ബോധപൂർവമായ ആർ.എസ്.എസ് നീക്കങ്ങൾ ജില്ലയിൽ നടക്കുന്നുണ്ട്. സ്വഭാവികമായും എതിർപക്ഷത്തുള്ള രാഷ്ട്രീയ കക്ഷിയും സംഭവത്തെ വികാരപരമായി കാണുമെന്നും അപ്പോൾ സംഘർഷമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതാണ് ബി.ജെ.പി പ്രവർത്തകൻ രമിത്തിന്‍റെ കൊലപാതകത്തിന് വഴിവെച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.  

ജില്ലയിലെ കൊലപാതകങ്ങളെല്ലാം രാഷ്ട്രീയ കൊലപാതകങ്ങളല്ല. അഞ്ച് രാഷ്ട്രീയ കൊലപാതകങ്ങൾ മാത്രമാണ് കണ്ണൂരിലുണ്ടായത്. ജില്ലക്ക് പുറത്തു നിന്നെത്തിയവരാണ് കൊലപാതകങ്ങൾ നടത്തുന്നത്. സർക്കാറിന്‍റെ സമാധാന ശ്രമങ്ങളോട് ആർ.എസ്.എസ് സഹകരിക്കുന്നില്ല. എന്നാൽ, സമാധാന ചർച്ചക്ക് സർക്കാർ തയാറാണ്. ആദ്യം ജില്ലാ നേതാക്കളുമായി ചർച്ച നടത്തും. പിന്നീട് സംസ്ഥാന തലത്തിൽ ചർച്ചകൾ നടക്കും. ചർച്ചക്ക് മുമ്പ് ഇനി കൊലപാതകങ്ങൾ നടത്തില്ലെന്ന് ബന്ധപ്പെട്ടവർ തീരുമാനിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങൾ ജനങ്ങളുടെ സമാധാന ജീവിതത്തെ പ്രതികൂലമായി ബാധിച്ചെന്ന് കെ.സി ജോസഫ് പറഞ്ഞു. നാലര മാസത്തിനിടെ ഏഴ് കൊലപാതകങ്ങളാണ് ജില്ലയിൽ നടന്നത്. കേന്ദ്രം ഭരിക്കുന്ന കക്ഷിയും കേരളം ഭരിക്കുന്ന കക്ഷിയും തമ്മിൽ മത്സരിച്ചുള്ള രാഷ്ട്രീയ കൊലപാതകങ്ങളാണ് നടക്കുന്നത്. ഇത് കേരളത്തിന് അപമാനമാണെന്നും ജോസഫ് ചൂണ്ടിക്കാട്ടി. ഇതിനിടെ, കെ.സി ജോസഫിന്‍റെ പ്രസംഗം തടസപ്പെടുത്താൻ ബോധപൂർവമായ ശ്രമം ഭരണപക്ഷം നടത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി. അഞ്ച് മിനിറ്റോളം അംഗങ്ങൾ ഭരണപക്ഷത്തിനെതികെ മുദ്രാവാക്യം വിളിച്ചു. തുടർന്ന് പ്രതിപക്ഷ അംഗങ്ങളും സ്പീക്കറും തമ്മിൽ വാക്കേറ്റവും ഉണ്ടായി.

Tags:    
News Summary - kannur political murder cm pinaray vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.