തളിപ്പറമ്പ്: ലോക്ഡൗൺ കാലത്ത് അനർഹമായി റേഷൻ ആനുകൂല്യം കൈപ്പറ്റിയവർക്കെതിരെ കർശന നടപടിയുമായി സിവിൽ സപ്ലൈസ് വകുപ്പ്. ഇതിെൻറ ഭാഗമായി തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫിസർ ടി.ആർ. സുരേഷ് കുമാറിെൻറ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം തുടങ്ങി.
മുൻഗണന റേഷൻ കാർഡുകൾ ഉപയോഗിച്ച് ആനുകൂല്യങ്ങൾ അനർഹമായി കൈപ്പറ്റിയവർക്കെതിരെയാണ് നടപടിയെടുക്കുക.
മുൻഗണന റേഷൻ കാർഡുകൾ ഉപയോഗിച്ച് ലോക്ഡൗൺ കാലത്ത് ചിലർ അനർഹമായ ആനുകൂല്യങ്ങൾ കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു.
ആനുകൂല്യം അനർഹമായി കൈപ്പറ്റിയവരുടെ റേഷൻ കാർഡുകൾ പിടിച്ചെടുക്കുകയും കൈപ്പറ്റിയ സാധനങ്ങളുടെ വില പിഴയോടുകൂടി ഈടാക്കുകയും ചെയ്തു തുടങ്ങി. തളിപ്പറമ്പിൽ 60,000 രൂപ വരെ പിഴ അടക്കേണ്ട കാർഡുടമകളുണ്ട്.
ലോക്ഡൗൺ കാലത്ത് നിർധനർക്ക് നൽകുന്ന കിറ്റുകൾ കൈപ്പറ്റിയവരിൽ ചിലർ ഇരുനില വീടുകളും വാഹനങ്ങളും ഉള്ളവരാണെന്ന് അത് വിതരണം ചെയ്ത സന്നദ്ധപ്രവർത്തകർതന്നെ അധികൃതരെ വിവരമറിയിച്ചിരുന്നു. ഇത്തരം പരാതിയുടെ അടിസ്ഥാനത്തിലാണ് തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ സ്ക്വാഡ് രൂപവത്കരിച്ച് നടപടി തുടങ്ങിയത്. നിലവിൽ 3,34,111 രൂപ ഇത്തരത്തിൽ ഈടാക്കിയിട്ടുണ്ട്.
വരും ദിവസങ്ങളിലും പരിശോധന കർശനമാക്കും. അനർഹമായി മുൻഗണന കാർഡുകൾ കൈവശം വെക്കുന്നവർ അടിയന്തരമായി അവ സപ്ലൈ ഓഫിസിൽ ഹാജരാക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ആഗസ്റ്റ് 15 വരെയാണ് കാർഡുകൾ മാറ്റാൻ സപ്ലൈ ഓഫിസ് സമയം അനുവദിച്ചിട്ടുള്ളത്. നേരിട്ട് കാർഡ് സമർപ്പിച്ച് പൊതുവിഭാഗത്തിലേക്ക് മാറ്റിവാങ്ങുന്നവരെ പിഴയൊടുക്കുന്നതിൽനിന്ന് ഒഴിവാക്കാനും ആലോചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.