മുസ്​ലിം പ്രാതിനിധ്യം: ജനങ്ങളിലെ സംശയം ദൂരീകരിക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് കാന്തപുരം; 'ധവളപത്രം ഇറക്കണം'

കോഴിക്കോട്: മുസ്​ലിംകൾ അനർഹമായത് നേടിയെന്ന എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ ആരോപണത്തിന് പ്രതികരണവുമായി സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാര്‍. സമുദായങ്ങൾക്കിടയിൽ വിദ്വേഷം പരത്തുന്ന പ്രസ്താവനകളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്ന് അബൂബക്കര്‍ മുസ്‍ലിയാര്‍ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

മുസ്​ലിംകൾ കേരളത്തിൽ അനർഹമായത് നേടിയെന്ന പ്രസ്താവന ദൗർഭാഗ്യകരമാണ്. അത് വസ്തുതാപരവുമല്ല. ജനങ്ങളിലുണ്ടായ സംശയം ദുരീകരിക്കാൻ സംസ്ഥാന സർക്കാറിന് ബാധ്യതയുണ്ട്. രാഷ്ട്രീയാധികാരത്തിലും സർക്കാർ ഉദ്യോഗങ്ങളിലും വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യത്തെ കുറിച്ച് സർക്കാർ ധവളപത്രം ഇറക്കണമെന്നും അബൂബക്കര്‍ മുസ്‍ലിയാര്‍ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ പ്രധാന ന്യൂനപക്ഷ സമുദായങ്ങളായ മുസ് ലിം, ക്രൈസ്തവ, സിഖ് സമൂഹങ്ങൾ സമാന സ്വഭാവമുള്ള തിക്താനുഭവങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. അതിനെ ജനാധിപത്യപരമായും ഭരണഘടനാപരമായും ഒരുമിച്ച് നിന്ന് പ്രതിരോധിക്കേണ്ടതുണ്ട്. ഈ വിഷയം കേരളത്തിലെ ഉൾപ്പെടെ ന്യൂനപക്ഷ സമുദായ നേതാക്കളുമായി സംസാരിക്കും. ന്യൂനപക്ഷങ്ങളെ അപരവൽകരിക്കാനുള്ള നീക്കം അനുവദിക്കാനാവില്ല.

രാജ്യത്ത് ബുൾഡോസർ രാജ് ശക്തിപ്പെട്ടുവരുന്നത് ഞെട്ടലുളവാക്കുന്നു. ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യമിട്ട് ഏകപക്ഷീയ ഇടിച്ചുനിരത്തൽ രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങൾ നിന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്. താമസസ്ഥലങ്ങളും ആരാധനാലയങ്ങളും ഇങ്ങനെ ബുൾഡോസറിന് ഇരയാക്കുന്നുണ്ട്. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണ്. വീടുകളിൽ നിന്നും ആരാധനാലയങ്ങളിൽ നിന്നും പുറത്താക്കുന്ന ഇത്തരം നീക്കങ്ങൾ ആവർത്തിക്കാതിരിക്കാൻ സുപ്രീംകോടതി മാർഗരേഖ പുറപ്പെടുവിക്കണം. ഇതിനായി സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം പരിഗണിക്കും.

നീറ്റ് ഉൾപ്പെടെ പരീക്ഷകളിലുണ്ടായ ക്രമക്കേട് രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളെ വലച്ചിരിക്കുകയാണ്. കുറ്റക്കാരെയും അവർക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചവരെയും ശിക്ഷിക്കണം. ഏകീകൃത നീറ്റ് പരീക്ഷയിൽ പുനരാലോചന വേണം. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ മേൽനോട്ടത്തിൽ സംസ്ഥാനങ്ങൾ സ്വതന്ത്രമായി എൻട്രൻസ് പരീക്ഷകൾ നടത്തുന്നതിന് അവസരമൊരുക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും അബൂബക്കര്‍ മുസ്‍ലിയാര്‍ ആവശ്യപ്പെട്ടു. 

Tags:    
News Summary - Kanthapuram react to Muslim representation Issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.