കാരായി രാജന്റെ ഫോൺ പൊലീസ് ചോർത്തുന്നുവെന്ന അൻവറിന്റെ ആരോപണം പങ്കുവെച്ച് പി. ജയരാജന്റെ മകൻ

കണ്ണൂർ: പൊലീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പി.വി. അൻവർ എം.എൽ.എ എഴുതിയ കുറിപ്പ് പങ്കുവെച്ച് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്റെ മകൻ ജെയിൻ രാജ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കാരായി രാജന്റെ ഫോൺ പൊലീസ് ചോർത്തു​ന്നുവെന്ന അൻവറിന്റെ ആരോപണമാണ് ജെയിൻ ഷെയർ ചെയ്തത്.

എ.ഡി.ജി.പി എം.ആർ. അജിത് കുമാർ, എസ്.പിമാരായ സുജിത് ദാസ്, എസ്. ശശിധരൻ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച പി.വി. അൻവർ ഇന്നലെയാണ് ​കാരായിയെ കുറിച്ച് എഴുതിയത്. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആർ.എസ്‌.എസ്‌ കത്തിച്ചതിന്റെ പേരിൽ കണ്ണൂരിലുള്ള സഖാവ്‌ കാരായി രാജന്റെ ഫോൺ ചോർത്തുന്നു എന്നതായിരുന്നു ആരോപണം. കാരായിൽ നിന്ന് കണ്ണൂരിലെ ജയരാജന്മാരിലേക്ക്‌, അവിടെ നിന്ന് എ.കെ.ജി സെന്ററിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും എന്നതായിരുന്നു ഫോൺ ചോർത്തുന്നവരുടെ ലക്ഷ്യം എന്ന് അൻവർ പറയുന്നു. എന്നാൽ, ഇത്‌ ബൂമറാങ് ആവുമെന്ന അവസാന നിമിഷത്തെ ആരുടെയോ ഉപദേശമാണിവരെ ഇതിൽ നിന്ന് പിന്തിരിപ്പിച്ചതെന്നും അല്ലെങ്കിൽ ആശ്രമം കത്തിച്ചതിന്റെ പാപഭാരം ഈ പാർട്ടിയും കാരായിയെ പോലെയുള്ള സഖാക്കളും തലയിൽ പേറേണ്ടി വന്നേനേ എന്നും അദ്ദേഹം പറഞ്ഞു.

‘നിരപരാധികളായ സഖാക്കളെ വേട്ടയാടുന്ന പൊലീസിലെ ചിലരുടെ മനോഭാവം എതിർക്കപ്പെടേണ്ടതുണ്ട്, അവസാനിപ്പിക്കപ്പെടേണ്ടതുണ്ട്‌. നീതി കിട്ടിയില്ലെങ്കിൽ അത്‌ കിട്ടും വരെ പോരാടും. അതിനിനി ദിവസക്കണക്കൊക്കെ റെക്കോർഡ്‌ ചെയ്യപ്പെട്ടാലും അതൊന്നും കാര്യമാക്കുന്നില്ല. എനിക്ക്‌ വേണ്ടിയല്ല, നമ്മൾ ഓരോരുത്തവർക്കും വേണ്ടിയാണ് സഖാക്കളെ ഈ പോരാട്ടം’ എന്ന കുറിപ്പോടെ കാരായിക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിച്ചത്.

‘ഭരണകൂട വേട്ടയാടലുകൾക്ക്‌ മുന്നിൽ പതറാതെ നിന്ന പ്രിയ സഖാവ്‌ കാരായി..’ എന്ന കുറിപ്പോടെയാണ് ഇത് ജെയിൻ രാജ് ഷെയർ ചെയ്തത്. സർക്കാറിനും പാർട്ടിക്കുമെതിരെ പാർട്ടി അണികളടക്കമുള്ളവരുടെ രോഷ പ്രകടനമാണ് ഇതിന് താഴെയുള്ള കമന്റുകളിൽ. ‘അൻവർ രേഖാമൂലം എഴുതി നൽകിയാൽ മാത്രമേ ആരോപണം അന്വേഷിക്കൂ എന്നാണ് പാർട്ടി നിലപാട്.. അൻവർ ഉന്നയിക്കുന്നത് സ്വന്തം വീട്ടിലെ കാര്യം അന്വേഷിക്കാൻ അല്ല എന്നും, പാർട്ടിയും സർക്കാറും ചുമതലപ്പെടുത്തിയവർ പാർട്ടിയെയും സർക്കാരിനെയും ചതിക്കുന്ന കാര്യമാണ് അൻവർ അന്വേഷിച്ച് കണ്ടെത്തിയിട്ടുള്ളതെന്നുമുള്ള സാമാന്യ ബോധമെങ്കിലും നേതൃത്വം കാണിക്കണം.. അൻവർ എഴുതി നൽകിയില്ലെങ്കിൽ നിങ്ങൾ അന്വേഷിക്കില്ല എന്ന് പറയുന്നത് ഈ പാർട്ടിയോടും പാർട്ടി പ്രവർത്തകരോടും കേരളീയ സമൂഹത്തോടും ചെയ്യുന്ന അപരാധമല്ലേ.. അൻവർ ഉന്നയിച്ച വിഷയം അൻവറിന്റെ വീട്ടുകാര്യമല്ല, എന്തിനേറെ അൻവറിന്റെ നിയോജക മണ്ഡലത്തിലെ കാര്യം പോലുമല്ല.. തീർത്തും പാർട്ടിയും സർക്കാറും ഗൗരവത്തിൽ എടുക്കേണ്ട കാര്യമാണ്..’ -ഒരാൾ കമന്റിൽ ചൂണ്ടിക്കാട്ടി.

‘സഖാവെ ഇതൊക്കെ ആരോട് പറയണം. ഇതൊക്കെ ചെയ്യാൻ അവർക്ക് ധൈര്യം വരണമെങ്കിൽ പാർട്ടിയിൽ തന്നെ ഉള്ള ആരോ ഒരാളുടെ സപ്പോർട്ട് അവർക്ക് കിട്ടുന്നുണ്ട്. പാർട്ടി നേതാവിന്റെ മകളുടെ പരാതിയിൽ പുറത്താക്കിയവൻ എങ്ങനെ വീണ്ടും ഈ നിലയിൽ എത്തി പരിശോധിക്കണം. ചില പോലീസുകാരുടെ റാങ്ക് നില എങ്ങനെ പെട്ടന്ന് മുകളിൽ എത്തി. ഇവരെ സഹായിക്കുന്നവർ മസിലാക്കിക്കോ, പാർട്ടിക്ക് മീതെ നമ്മൾക്ക് ആരുമില്ല. നിങ്ങൾ പിന്മാറിയില്ലെങ്കിൽ സഖാക്കൾ വലിച്ച് താഴെ ഇടുന്ന സമയം വിദൂരമല്ല’ എന്നാണ് കല്ലാച്ചിയിലെ പ്രവർത്തകനായ റജി എന്നയാൾ എഴുതുന്നുത്. പ്രദേശിക നേതാക്കൾക്കെതിരെ സംസ്ഥാന കമ്മിറ്റിക്കും ജില്ലകമ്മിറ്റിക്കും പരാതി കൊടുത്തതിന് തനിക്കെതിരെ കള്ളക്കേസ് എടുത്തതായും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘അജിത് കുമാറിനെ പോലുള്ള ക്രമിനലുകൾക്കിടയിലും നല്ലവരായ പൊലീസുകാർ ഉള്ളത് കൊണ്ടാണ് ഞാൻ രക്ഷപെട്ടു പോന്നത്. എനിക്ക് എതിരെ അവർ കടുത്ത പരാതി രസകരമായിരുന്നു വഴിയിൽ പോകുന്ന പെണ്കുട്ടിയെ പെട്രോൾ ഒഴിച്ചു കൊല്ലാൻ നോക്കി എന്നായിരുന്നു. ആ കുട്ടി തന്നെ പിന്നീട് അത് ഇല്ലാത്തതാണെന്നു പറഞ്ഞു. പക്ഷെ ഞാൻ ഡി.വൈ.എഫ്.ഐയുടെ പരിപാടിക്ക് വടകര പോകുമ്പോൾ ആയിരുന്നു കേസിന് തെരഞ്ഞെടുത്ത സമയം എന്നതാണ് എനിക്ക് ദുഃഖമുണ്ടാക്കിയത്. അവർക്കെന്ത് പാർട്ടി. സ്വന്തം കാര്യം സിന്ദാബാദ് അതായിരുന്നു അവരുടെ മുദ്രവാക്യം . ഇതൊക്കെ പറയാൻ കാരണം ഇവരെയൊക്കെ പേടിച്ചു ആരും മിണ്ടില്ല. അതാ പാർട്ടി ഇങ്ങനെ ആയിപ്പോയത്. ഇതിനൊക്കെ മാറ്റം വരും ഇവരെ കണ്ടു നമ്മുടെ യുവ തലമുറ വളരരുത്’ -കമന്റിൽ പറയുന്നു.

‘ഇതിനും പി ശശിയെ കൊണ്ട് മറുപടി പറയിക്കണം... തലശ്ശേരി പുന്നോൽ ഹരിദാസ് എന്ന സഖാവിനെ 21-02-2022 ഭാര്യയുടെയും മകളുടെയും മുന്നിൽ ഇട്ട് RSS കാർ ഒരു കാൽ അറുത്തു മാറ്റി അതിനിഷ്ടൂരമായ കൊലപാതകം. ശരീരത്തിൽ മാരകമായ 21 ഓളം വെട്ടുകൾ BJP മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ ലിജേഷ് അടക്കം പ്രതിയായ കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചിട്ടും എല്ലാവരും ജാമ്യത്തിൽ ഇറങ്ങി. കൃത്യ സമയം വിചാരണ നടത്തി ശിക്ഷ വാങ്ങി കൊടുക്കാൻ സർക്കാരിന് ആയില്ല. ആലപ്പുഴയിലെ RSS പ്രവർത്തകൻ രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ 90 ദിവസം കൊണ്ട് വിചാരണ നടത്തി വധശിക്ഷ വാങ്ങി കൊടുക്കാൻ ഈ ആഭ്യന്തര വകുപ്പിന് സാധിച്ചു. സ്വന്തം സഖാക്കളേ കൊന്ന കേസിൽ പോലും RSS കാർക് ശിക്ഷ വാങ്ങി കൊടുക്കാൻ പറ്റാത്ത ആഭ്യന്തര വകുപ്പ്. RSS കാർ കൊന്നാലും കൊല്ലപ്പെട്ടാലും എങ്ങിനെയാണ് അവർക്കു മാത്രം കേരളത്തിൽ നീതി കിട്ടുന്നത്.?’ -എന്നാണ് മറ്റൊരു കമന്റ്.

‘ഒരു കമ്യൂണിസ്റ്റിന്റെ കയ്യിൽ രണ്ടു തോക്കുകൾ ഉണ്ടായിരിക്കണം. ഒന്ന് വർഗ ശത്രുവിനെതിരേയും ഒന്ന് വഴി പിഴക്കുന്ന സ്വന്തം നേതാക്കൾക്കെതിരെയും. സഖാവ് ഹോചിമിൻ’ -എന്നാണ് മറ്റൊരു കമന്റ്. ‘സഖാവ് ധനരാജൻ കൊല്ലപ്പെട്ടപ്പോൾ അന്വേഷണം നേരാം വഴിയല്ല പോകുന്ന എന്ന് മനസിലായി അന്നത്തെ ജില്ല സെക്രട്ടറി പി. ജയരാജന് വരെ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തേണ്ടി വന്നിരുന്നു’ എന്ന് ഓർമിപ്പിക്കുന്നു മറ്റൊരാൾ.

Tags:    
News Summary - Karayi Rajan's phone tapped by police- jain raj shares PV Anvar's allegation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.