തിരുവനന്തപുരം: മെറിറ്റ് അട്ടിമറിച്ചുള്ള മെഡിക്കൽ പ്രവേശനം ക്രമവത്കരിക്കാൻ കോളജുകൾ വ്യാജരേഖയും ചമച്ചു. കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ പ്രവേശനം ക്രമവത്കരിക്കാൻ ഒാർഡിനൻസ് ഇറങ്ങിയതിന് പിന്നാലെയാണ് വിദ്യാർഥികളുടെ ഹാജർ സംബന്ധിച്ച് കോളജ് വ്യാജരേഖയുണ്ടാക്കിയത്. ഒാർഡിനൻസിലെ വ്യവസ്ഥ പ്രകാരം വിദ്യാർഥികളുടെ മെറിറ്റ് പരിശോധിക്കാൻ സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി ബി. ശ്രീനിവാസിനെ നിയമിച്ചിരുന്നു. രണ്ട് കോളജിലും പഠനം തുടരുന്ന കുട്ടികളുടെ വിവരം റിപ്പോർട്ട് ചെയ്യാൻ ശ്രീനിവാസ് ആരോഗ്യ സർവകലാശാലക്ക് നിർദേശം നൽകി.
ആരോഗ്യ സർവകലാശാല നിയോഗിച്ച മൂന്നംഗസമിതി കോളജുകളിലെത്തി രേഖകൾ പരിശോധിച്ചു. സമിതി കോളജിൽ എത്തുന്നുവെന്ന വിവരത്തെതുടർന്ന് പഠനം മതിയാക്കിപ്പോയ വിദ്യാർഥികൾക്കുവരെ കോളജുകൾ ഹാജർ രേഖയുണ്ടാക്കി. ഇൗ രേഖയാണ് പ്രിൻസിപ്പൽമാർ ആരോഗ്യസർവകലാശാല അധികൃതർക്ക് കൈമാറിയത്. പ്രിൻസിപ്പൽമാർ നൽകിയ രേഖകൾ സർക്കാറിന് കൈമാറുന്ന ചുമതല മാത്രമാണ് സർവകലാശാലക്ക് നിർവഹിക്കാനുണ്ടായിരുന്നതെന്ന് ആരോഗ്യ സർവകലാശാല വി.സി ഡോ.എം.കെ.സി. നായർ പറഞ്ഞു. ഇതിൽ പരിശോധന നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
2017 മാർച്ചിൽതന്നെ വിദ്യാർഥികളുടെ പ്രവേശനം റദ്ദുചെയ്ത പ്രവേശന മേൽനോട്ടസമിതിയുടെ ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി വിധി വന്നിരുന്നു. ഇതോടെ പല വിദ്യാർഥികളും രക്ഷിതാക്കളും നൽകിയ പണം തിരികെ ആവശ്യപ്പെട്ട് മാനേജ്മെൻറിനെ സമീപിച്ചിരുന്നു. പ്രശ്നം നിയമനടപടിയിലേക്ക് നീങ്ങിയതോടെ പലർക്കും ഗഡുക്കളായി പണം നൽകിയിരുന്നു. ഇൗ വിദ്യാർഥികൾ പഠനം നിർത്തിപ്പോവുകയും ചെയ്തു. ഇതിനിടെയാണ് മാനേജ്മെൻറ് കൂടി പങ്കാളിയായി കുട്ടികളെയും രക്ഷിതാക്കളെയും മുന്നിൽ നിർത്തി ഒാർഡിനൻസിനായി നീക്കം നടത്തിയത്.
പഠനം തുടരുന്ന വിദ്യാർഥികൾക്ക് മാത്രമേ പ്രവേശനം ക്രമവത്കരിച്ച് നൽകാൻ ഒാർഡിനൻസിൽ വ്യവസ്ഥയുള്ളൂ. ഒാർഡിനൻസ് നീക്കം ലക്ഷ്യം കണ്ടതോടെ പഠനം നിർത്തിയ വിദ്യാർഥികൾക്കുകൂടി ചുരുങ്ങിയ ദിവസം കൊണ്ട് കോളജുകൾ ഹാജർ രേഖയുണ്ടാക്കി ആരോഗ്യ സർവകലാശാലയിൽനിന്നുള്ള സംഘത്തിന് കൈമാറി. ഇൗ രേഖയാണ് ആരോഗ്യ സർവകലാശാല ബി. ശ്രീനിവാസിന് കൈമാറിയത്. നേരത്തേ വിദ്യാർഥി പ്രവേശനത്തിനായും കണ്ണൂർ മെഡിക്കൽ കോളജിെൻറ രേഖകളിൽ ജസ്റ്റിസ് ജയിംസ് കമ്മിറ്റി കൃത്രിമം കണ്ടെത്തിയിരുന്നു. ഒാൺലൈൻ അപേക്ഷക്ക് പകരം വിദ്യാർഥിയുടെ ഒപ്പോ തീയതിയോ ഇല്ലാത്ത അപേക്ഷകളുടെ പകർപ്പാണ് കോളജ് അധികൃതർ സമർപ്പിച്ചത്. ഇതെല്ലാം കണ്ടെത്തിയാണ് പ്രവേശനം ജയിംസ് കമ്മിറ്റി റദ്ദുചെയ്തത്. കേസ് സുപ്രീംകോടതിയുടെ പരിഗണനക്ക് വന്നപ്പോഴും വ്യാജരേഖകൾ സമർപ്പിച്ചതിന് കോളജുകൾ വിമർശനം നേരിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.