കാസർകോട്: കേന്ദ്ര സർവകലാശാലയിൽ മെഡിക്കൽ ഓഫിസർ, ഡെപ്യൂട്ടി രജിസ്ട്രാർ നിയമനങ്ങളിൽ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. സർവകലാശാല ആരോഗ്യകേന്ദ്രത്തിലെ ഡോ. ആരതി ആർ. നായരുടെ മെഡിക്കൽ ഓഫിസർ നിയമനം, ഡെപ്യൂട്ടി രജിസ്ട്രാറായി സുരേശൻ കണ്ടത്തിൽ, കെ. രാജീവൻ, വെങ്കിട്ര രമണൻ എന്നിവരുടെ നിയമനം, പരീക്ഷ കൺട്രോളർ ആർ. ജയപ്രകാശിന്റെ ശമ്പള നിശ്ചയം എന്നിവയിലാണ് 2023-24 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ ക്രമക്കേട് സൂചിപ്പിച്ചത്. ആരതി ആർ. നായർ മതിയായ പ്രവൃത്തി പരിചയ രേഖ സമർപ്പിച്ചിട്ടില്ല എന്നാണ് പറയുന്നത്. ഈ വകുപ്പിൽ ഡീനിനെ നിയമിച്ചതിനെതിരെ ആരതി ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഇവരുടെ യോഗ്യത സംബന്ധിച്ച പരാമർശമുണ്ട്.
ഹൈകോടതി വിധിപ്പകർപ്പിലും അയോഗ്യത പരാമർശം വന്നതോടെ നിയമന റാങ്ക് പട്ടികയിൽ ആരതിക്ക് താഴെ പേരുള്ള പാലക്കാട് സ്വദേശി ഡോ. ഫാത്തിമ മുസ്തഫ, ആരതിയെ പിരിച്ചുവിട്ട് തന്നെ നിയമിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുണ്ട്. മെഡിക്കൽ ഓഫിസർ തസ്തികയിലേക്ക് മൂന്നുവർഷം പ്രവൃത്തി പരിചയം വേണമെന്നിരിക്കെ ആരതിക്ക് രണ്ടു വർഷവും എട്ടുമാസവും മാത്രമേ പരിചയ രേഖയുള്ളൂ. ഹൈകോടതി വിധിയിൽ ആരതിയുടെ യോഗ്യതക്കെതിരെ പരാമർശമുണ്ടായതറിഞ്ഞ് ഫാത്തിമ മുസ്തഫ, മെഡിക്കൽ ഓഫിസറായി തൊട്ടടുത്ത റാങ്കുകാരിയായ തന്നെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് കത്ത് നൽകി.
കഴിഞ്ഞ ജനുവരി 31ലെ കോടതി വിധിയിലൂടെയാണ് ആരതിയുടെ അയോഗ്യതയെക്കുറിച്ച് അറിയുന്നതെന്ന് ഫാത്തിമയുടെ കത്തിൽ പറയുന്നു. സുരേഷ് കണ്ടത്തിലിനെ ഡെപ്യൂട്ടി രജിസ്ട്രാറായി നിയമിച്ചത് ചട്ടം മറികടന്നാണ്. ഡെപ്യൂട്ടി രജിസ്ട്രാർ സ്ഥാനത്തേക്ക് മൂന്നുപേർക്ക് പ്രമോഷൻ നൽകിയശേഷം മാത്രമേ ഒരാളെ നേരിട്ട് നിയമിക്കാൻ പാടുള്ളൂവെന്നാണ് കേന്ദ്ര റിക്രൂട്ട്മെന്റ് ചട്ടം. അതുപ്രകാരം ഇതുവരെ രണ്ടുപേരാണ് ഡെപ്യൂട്ടി രജിസ്ട്രാർ സ്ഥാനത്തേക്ക് പ്രമോഷൻ നൽകിയത്.
സുരേഷ് കണ്ടത്തിലിനെ നേരിട്ട് നിയമിക്കുന്നത് ക്രമവിരുദ്ധമാണെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. ഇതിനായി പ്രത്യേക വിജ്ഞാപനംതന്നെ ഇറക്കിയിരുന്നു. അസി. രജിസ്ട്രാർ കെ. രാജീവന്റെ ശമ്പളം നിശ്ചയിച്ചതിലും എ.ആർ. വെങ്കിട്ര രമണനെ പ്രമോഷൻ ക്വാട്ടയിൽ നിയമിച്ചതിലും ക്രമക്കേട് കണ്ടെത്തി. പരീക്ഷ കൺട്രോളർ ആർ. ജയപ്രകാശിന്റെ ശമ്പളം നിശ്ചയിച്ചതിലും ക്രമക്കേടുണ്ട്. ശമ്പളം നിശ്ചയിച്ചതിലെ ക്രമക്കേടുകൾ ഇതിനുമുമ്പും ഓഡിറ്റ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മുൻ വി.സി പ്രഫ. ജി. ഗോപകുമാർ, പ്രഫ. പ്രതാപ ചന്ദ്ര കുറുപ്പ്, ഡോ. സുധ ബാലകൃഷ്ണൻ, പ്രഫ. അരുണാചലം എന്നിവർ ഓഡിറ്റ് പരാമർശത്തിന് വിധേയരായവരാണ്. പലരും ലക്ഷങ്ങൾ തിരിച്ചടക്കേണ്ടിയുംവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.