കാസർകോട്: ഹോട്ടലിന്റെ പേരിൽ നിക്ഷേപം സ്വീകരിച്ച് കോടികൾ തട്ടിയതായി പരാതി. കല്ലായി കേന്ദ്രമായ സ്ഥാപനത്തിന്റെ കീഴിൽ ബർഗർ ലോഞ്ച് എന്ന പേരിൽ കർണാടകത്തിലും കേരളത്തിലും ഫ്രാഞ്ചൈസികൾ തുടങ്ങാനാണ് നിക്ഷേപം സ്വീകരിച്ചെന്നാണ് പരാതി.
കല്ലായി കോയത്തൊടുകയിൽ എം.എച്ച്. ഷുഹൈബിനെതിരെയാണ് പരാതി. സംയുക്ത സംരംഭം എന്ന നിലയിൽ പരിചയപ്പെടുത്തിയശേഷം നടത്തിപ്പ് ചുമതല മുഴുവൻ സ്വയം ഏറ്റെടുക്കുമെന്ന് ഉറപ്പ് നൽകി പണംവാങ്ങി സ്ഥാപനം ആരംഭിച്ചശേഷം നഷ്ടം സൃഷ്ടിച്ച് പൂട്ടുകയാണ് രീതി.
ഇയാൾക്കെതിരെ മംഗളൂരു അത്താവര ബോലാറയിലെ ‘നിസർഗ’യിൽ ടി.എം. അബ്ദുൽ വാഹിദ് പരാതി നൽകിയിട്ടുണ്ട്. കോഴിക്കോട് ബീച്ചിലും മലപ്പുറം പെരിന്തൽമണ്ണയിലും ബർഗർ ലോഞ്ച് സ്ഥാപിക്കാൻ രണ്ടു തവണകളിലായി 70 ലക്ഷം രൂപയാണ് വാങ്ങിയതെന്ന് മംഗളൂരു സൈബർ പൊലീസ് എഫ്.ഐ.ആറിൽ (0014-2021) സൂചിപ്പിക്കുന്നു.
സമാനമായി കോഴിക്കോട് മാത്തോട്ടത്തിൽ സാലിഹിൽ നിന്ന് 67 ലക്ഷം രൂപയും കോഴിക്കോട് സ്വദേശി അഫ്രിനിൽ നിന്നും 80 ലക്ഷം രൂപയും വാങ്ങിയതായി പറയുന്നു. ഇരുവരും കോഴിക്കോട് കേന്ദ്രമാക്കിയ ബർഗർ ലോഞ്ചിനുവേണ്ടി പണം മുടക്കിയവരായിരുന്നു. ഇവരുടെ പരാതിയിൽ കോഴിക്കോട് കോടതിയിൽ നിന്നു സി.സി നമ്പർ 589-22 ൽ ഏപ്രിൽ 11ന് വാറന്റായിട്ടുണ്ട്. ഏഴുപേരിൽ നിന്നായി നാല് കോടിയോളം വാങ്ങിയെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.