കാസർകോട്: ഗോവ വിമോചന കാലഘട്ടത്തിലെയും പിന്നിട്ട സമരവീഥികളിലെയും ഉജ്ജ്വലമായ ഏടുകള്‍ കെ.വി. നാരായണനും കെ.എം.കെ. നമ്പ്യാരും ഓര്‍ത്തെടുക്കുന്നത് ഇന്നലെ കഴിഞ്ഞതുപോലെയാണ്. പതിറ്റാണ്ടുകള്‍ക്ക് സാക്ഷ്യംവഹിച്ച ഇരുവരിലും അന്നത്തെ ആവേശവും പോരാട്ടവീര്യവും വറ്റിയിട്ടില്ല. രാജ്യം സ്വതന്ത്രമായതിന്റെ 75 വര്‍ഷം പിന്നിട്ടതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ചാണ് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ്, ജില്ല ഭരണകൂടം എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ സ്വാതന്ത്ര്യ സമരസേനാനികളെ ആദരിച്ചത്.
'പുഴ കടന്ന് ഗോവയിലെത്തിയ ഞങ്ങളെ പോര്‍ച്ചുഗീസ് പൊലീസ് വെടിവെച്ച് ഭയപ്പെടുത്തി. അടിച്ചു പരിക്കേല്പിച്ചു. കനത്ത മഴയും ഉണ്ടായിരുന്നു. ഞങ്ങള്‍ ഒരു കത്തീഡ്രല്ലിന് മുന്നില്‍ ഒരുമിച്ചു കൂടി. കുടിക്കാന്‍ വെള്ളം പോലും തന്നില്ല. ചോദിച്ചപ്പോള്‍ അടിയായിരുന്നു. കഠിന മര്‍ദനമാണ് ഏല്‍ക്കേണ്ടി വന്നത്'. പറങ്കികളെ തുരത്താന്‍ ഗോവയിലെത്തിയ മലയാളികളില്‍ മുമ്പനായ കെ.വി. നാരായണന്റെ സ്മരണകളില്‍ വീണ്ടും സമരാവേശം നിറഞ്ഞു. രാജ്യത്തിന്റെ ഒരു തരിമണ്ണുപോലും വിദേശികള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന പ്രഖ്യാപനമായിരുന്നു ഗോവന്‍ വിമോചന സമരം.
ക്രൂര പീഡനത്തിന്റെ കഥയടക്കം അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. സബ്കലക്ടര്‍ ഡി.ആര്. മേഘശ്രീ ചടങ്ങ് ഉദ്ഘാടനം ചെയ്ത് കെ.വി. നാരായണനെ ആദരിച്ചു. സ്വാതന്ത്ര്യസമരം നയിച്ച നേതാക്കളുടെയും വിമോചനത്തിനായി വീര ത്യാഗം ചെയ്തവരുടെയും ഉജ്ജ്വല സ്മരണകള്‍ വരും തലമുറകള്‍ക്ക് കരുത്തുപകരാനാകുമെന്നും സബ്കലക്ടര്‍ ഡി.ആര്. മേഘശ്രീ പറഞ്ഞു. ചരിത്രകാരന് പ്രഫ. കെ.പി. ജയരാജന് സ്വാതന്ത്ര്യ സമരസേനാനി കെ.വി. നാരായണനെ പരിചയപ്പെടുത്തി.
ഓര്‍മകള്‍ ഇടമുറിയുന്നുണ്ടെങ്കിലും പഴയ സമരപോരാട്ടങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കെ.എം. കുഞ്ഞിക്കണ്ണന് നമ്പ്യാര്‍ക്ക് എളുപ്പമാണ്. ഇന്ത്യന്‍ സൈന്യത്തില്‍ ക്യാപ്റ്റനായി വിരമിച്ച കെ.എം.കെ. നമ്പ്യാര്‍ ഗോവ വിമോചന സമരത്തിന്റെ ഭാഗമായി കാസര്‍കോട് നിന്ന് ഗോവയിലേക്ക് പുറപ്പെട്ടവരില്‍ ഒരാളായിരുന്നു. ഗോവന്‍ അതിര്‍ത്തിയില്‍ കൊടിയ മര്‍ദനങ്ങള്‍ക്കിരയായ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി എല്ലാവരും നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ക്യാപ്റ്റന്‍ കെ.എം. കുഞ്ഞിക്കണ്ണന് നമ്പ്യാരെ ജില്ല കലക്ടര്‍ ആദരിച്ചു. നിരവധി പോരാളികള്‍ രാജ്യത്തിന് വേണ്ടി പോരാടി നേടിയതാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും അതിന്റെ മഹത്വം എല്ലാവരും തിരിച്ചറിയണമെന്നും ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു. എ.ഡി.എം എ.കെ. രമേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. റിട്ട:എ.ഇ.ഒ കെ.വി. രാഘവന് മാസ്റ്റര്‍ കെ.എം.കെ. നമ്പ്യാരെ പരിചയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.