കാസർകോട്: ഷൊർണൂർ ഭാഗത്തുനിന്ന് വന്ന് കണ്ണൂരിൽ അവസാനിക്കുന്ന ഒമ്പതാമത്തെ വണ്ടിയായി പുതിയ സ്പെഷൽ ട്രെയിൻ. രാത്രി ഏഴിനുശേഷം കണ്ണൂർ ഭാഗത്തേക്ക് ട്രെയിനും ബസും ഇല്ലാത്ത കാസർകോടുകാരന്റെ മുന്നിലാണ് ഇത്രയും ട്രെയിനുകൾ കണ്ണൂരിൽ നിർത്തിയിടുന്നത്. ഇവയിൽ ഒന്നെങ്കിലും മംഗളൂരുവിലേക്കോ കാസർകോട്ടേക്കോ നീട്ടണമെന്ന യാചന ഇത്രകാലവും ചെവിക്കൊള്ളാതെ നിൽക്കുമ്പോഴാണ് പുതിയ ഷൊർണൂർ -കണ്ണൂർ ട്രെയിനിന്റെ കടന്നുവരവ്. അപ്പോഴും കാസർകോട് ജില്ല ട്രെയിൻ മാപ്പിലുണ്ടായില്ല. 16307 ആലപ്പുഴ കണ്ണൂർ, 06608 കോയമ്പത്തൂർ-കണ്ണൂർ, 06451 കോഴിക്കോട് -കണ്ണൂർ പാസഞ്ചർ, 16305 എറണാകുളം -കണ്ണൂർ എക്സ്പ്രസ്, 16605 തൃശൂർ -കണ്ണൂർ എക്സ്പ്രസ്, 16527 ബംഗളൂരു-യശ്വന്ത് പുര, 06023 എറണാകുളം- കണ്ണൂർ മെമു, 12082 ജനശതാബ്ദി എന്നിവയാണ് പുതിയ ഷൊർണുർ-കണ്ണൂർ സ്പെഷൽ ട്രെയിനിനു പുറമെയുള്ളത്. ഇതിൽ ആലപ്പുഴ -കണ്ണൂരും കോയമ്പത്തൂർ -കണ്ണൂരും മംഗളൂരു വരെ നീട്ടിയാൽ റെയിൽവേക്ക് ഗുണം ഏറെയാണ്. തിരുവനന്തപുരം ഡിവിഷനിൽ 11 മെമുവാണ് ഉള്ളത്. പാലക്കാട് ഡിവിഷനിൽ ഒരു മെമുവുണ്ട്. എന്നാൽ, കണ്ണൂർ-മംഗളൂരു പാതയിൽ ഒരു മെമുപോലുമില്ല. ട്രെയിൻ കാസർകോട്ടേക്കോ മംഗളൂരുവിലേക്കോ നീട്ടാതിരിക്കാൻ എല്ലായ്പോഴും റെയിൽവേ പറയുന്ന കാരണം മംഗളൂരുവിൽ നിർത്തിയിടാൻ സ്ഥലമില്ലെന്നാണ്.
കാസർകോട്ടും മഞ്ചേശ്വരത്തും സ്ഥലമുണ്ട്. ഇവിടെ മൂന്നു വീതം പ്ലാറ്റ്ഫോമുകളുമുണ്ട്. ഈ സ്റ്റേഷനുകളിലേക്ക് നീട്ടിയാലും മതി. മഞ്ചേശ്വരത്ത് ക്രൂവിന് താമസിക്കാൻ സ്ഥലമില്ല എന്നാണ് മറ്റൊരു വാദം. എന്നാൽ, താമസമൊരുക്കാൻ കെട്ടിടം നിർമിക്കുന്നതിന് സ്ഥലമുണ്ട്. എം.പി ഫണ്ട് ലഭ്യമാക്കാം. മംഗളൂരുവിലും കണ്ണൂരിലും വണ്ടികൾ യാത്ര അവസാനിപ്പിക്കുമ്പോൾ കാസർകോടിന്റെ വിലാപം ബദിര കർണങ്ങളിൽ പതിയുകയാണ്.
മഞ്ചേശ്വരം വരെ നീട്ടണം -എം.എല്‍.എ
കാസർകോട്: കണ്ണൂരിൽ അവസാനിക്കുന്ന ഷൊർണൂർ -കണ്ണൂർ സ്പെഷല്‍ ട്രെയിന്‍ മഞ്ചേശ്വരം വരെ നീട്ടണമെന്ന് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ആവശ്യപ്പെട്ടു. വാണിജ്യ സിരാകേന്ദ്രമായ കോഴിക്കോട് വരെ ദിവസവും യാത്ര ചെയ്ത് തിരിച്ചുവരുന്ന നൂറുകണക്കിനാളുകൾ ജില്ലയിലുണ്ട്. എന്നാൽ, വൈകീട്ട് അഞ്ചിനുശേഷം സാധാരണക്കാർക്ക് കണ്ണൂരില്‍നിന്ന് വടക്കോട്ട് ട്രെയിനില്ല. കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന 5.15ന്റെ മംഗള എക്സ്പ്രസിലും 6.05ന്റെ നേത്രാവതിയിലും ഓരോ ജനറൽ കമ്പാർട്മെന്റ് മാത്രമേയുള്ളൂ എന്നതിനാൽ കാലുകുത്താൻ പോലും ഇടംകിട്ടാത്ത അവസ്ഥയാണ്. നൂറുകണക്കിന് യാത്രക്കാരാണ് വൈകുന്നേരങ്ങളിൽ കോഴിക്കോട് സ്റ്റേഷനിൽ അലയുന്നത്. നിരന്തരമായ ആവശ്യത്തെ തുടർന്ന് ഷൊർണൂര്‍ -കണ്ണൂര്‍ സ്പെഷല്‍ (06031) ട്രെയിന്‍ അനുവദിച്ചു. ജില്ലയെ അവഗണിക്കുന്ന റെയിൽവേയുടെ നടപടി ശരിയല്ലെന്ന് എം.എല്‍.എ ചൂണ്ടിക്കാട്ടി. ഹ്രസ്വദൂര യാത്രക്ക് പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള കണ്ണൂർ -മംഗളൂരു റൂട്ടിൽ ഒരു പാസഞ്ചർ വണ്ടിയേ ഓടുന്നുള്ളൂ. പേരിനുപോലും ഒരു മെമുവോ ജനശതാബ്ദിയോ ഓടാത്ത ഇന്ത്യയുടെ പടിഞ്ഞാറെ തീരത്തെ ഏക റെയിൽ മേഖല കണ്ണൂരിനും മംഗളൂരുവിനും ഇടയില്‍ മാത്രമാവും.
പുതുതായി ആരംഭിച്ച ഷൊർണൂർ-കണ്ണൂർ ട്രെയിന്‍ പഴയങ്ങാടി, പയ്യന്നൂർ, ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കോട്ടിക്കുളം, കാസർകോട്, കുമ്പള, മഞ്ചേശ്വരം എന്നിങ്ങനെ സ്റ്റോപ്പുകളുമായി യാത്ര ദീര്‍ഘിപ്പിച്ചാല്‍ രാത്രി 8.50ന് മഞ്ചേശ്വരം എത്തുകയും തിരിച്ചു പന്ത്രണ്ടു മണിയോടെ കണ്ണൂരിൽ എത്തുകയും ചെയ്യാം. ഇത്തരത്തില്‍ ട്രെയിന്‍ ദീര്‍ഘിപ്പിച്ച് ജില്ലയുടെ യാത്രാപ്രശ്നത്തിന് പരിഹാരം കാണണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
ട്രെയിൻ ഇല്ലെങ്കിലും കുടിയൊഴിയാൻ ജനം ബാധ്യസ്ഥർ
കാസർകോട്: കണ്ണൂരിൽനിന്ന് തെക്കോട്ടും മംഗളൂരുവിൽനിന്ന് വടക്കോട്ടും യഥേഷ്ടം ട്രെയിൻ പുറപ്പെടുമ്പോൾ കാസർകോട് ജില്ലക്കാർക്ക് പാളത്തിനുവേണ്ടി കുടിയിറങ്ങാൻ വിധി. സംസ്ഥാന റെയിൽവേ വികസനത്തിന്റെ ഭാഗമായി മംഗളൂരു- ഷൊർണൂർ പാതയിൽ വീണ്ടും ഇരട്ടപ്പാത നിർമിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തൃശൂരിൽ നടത്തിയ പ്രഖ്യാപനമാണ് തീരദേശത്തെ ജനവാസ കേന്ദ്രങ്ങളെ കുടിയിറക്ക് ആശങ്കയിലാക്കിയത്.
മംഗളൂരു മുതൽ ഷൊർണൂർ വരെ മൂന്നും നാലും പാതകൾ നിർമിക്കുമെന്നാണ് മന്ത്രി പറയുന്നത്. ഈ പാതയിൽ നേരത്തെ തന്നെ ചരക്കുവണ്ടികൾക്ക് പാതയൊരുക്കാൻ നീക്കങ്ങൾ ആരംഭിച്ചതുമാണ്. സർവേയും നടന്നിരുന്നു. ഇതിനൊപ്പം മറ്റൊരു പാതകൂടി നിർമിക്കുമെന്നാണ് റെയിൽവേ മന്ത്രി പറയുന്നത്. റെയിൽപാതക്ക് സമീപത്തായി ജില്ലയിൽ മത്സ്യത്തൊഴിലാളികൾ അടക്കം ആയിരക്കണക്കിന് കുടുംബങ്ങളാണ് താമസിച്ചുവരുന്നത്.
റെയിൽവേ മന്ത്രിയുടെ പ്രഖ്യാപനത്തോടെ ഇവർ കുടിയൊഴിപ്പിക്കൽ ഭീഷണിയിലായി. ജില്ലയിലെ റെയിൽപാതകൾ കടന്നുപോകുന്നത് കൂടുതലും തീരദേശ മേഖലയിലൂടെയാണ്.
ഈ മേഖലയാകട്ടെ, ജനവാസ കേന്ദ്രങ്ങളുമാണ്. മറുഭാഗത്ത് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ആയിരങ്ങളെയാണ് കുടിയൊഴിപ്പിച്ചത്. കുടിയൊഴിപ്പിക്കുന്നവർക്ക് മാറി താമസിക്കാൻ ജില്ലയിൽ ഭൂമിയുടെ ലഭ്യതയും കുറവാണ്. അതുകൊണ്ടുതന്നെ കുടിയൊഴിപ്പിക്കുന്നവർക്ക് നഷ്ടപരിഹാരത്തിനോടൊപ്പം പുനരധിവാസത്തിനും സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് തീരദേശ ജനതയുടെ ആവശ്യം.
അത്യുത്തര കേരളത്തിൽ ട്രെയിൻ യാത്രക്കാർക്ക് സൗകര്യം പരിമിതം
കേരളത്തിൽ 12 മെമു വണ്ടികൾ ഓടുമ്പോൾ 11ഉം തെക്കൻ കേരളത്തിലാണ്. വടക്കോട്ട് ഓടുന്ന ഒരേയൊരു മെമുവാകട്ടെ, കണ്ണൂരിൽ അവസാനിക്കുന്നു.
മലബാറിന്റെ വാണിജ്യ സിരാകേന്ദ്രമായ കോഴിക്കോട്ടേക്കുള്ള പരശുറാം എക്സ്പ്രസിന് മഞ്ചേശ്വരം, കുമ്പള, കോട്ടിക്കുളം സ്റ്റേഷനുകളിൽ സ്റ്റോപ്പില്ല. വൈകീട്ട് അഞ്ചിന് കോഴിക്കോടുനിന്ന് ഉണ്ടായിരുന്ന ചെന്നൈ എഗ്മോർ മംഗളൂരു എക്സ്പ്രസ് ഉച്ചക്ക് 2.45നാക്കി.
ഈ സാഹചര്യത്തിൽ പരശുറാം കോഴിക്കോട്ട് ഒരു മണിക്കൂർ പിടിച്ചിടുന്നത് ഒഴിവാക്കി 4.15ന് തന്നെ എടുക്കുകയും 2.05നുള്ള കോഴിക്കോട് -കണ്ണൂർ വണ്ടി അഞ്ചു മണിക്ക് മഞ്ചേശ്വരം വരെ പഴയ എഗ്മോർ എക്സ്പ്രസിന്റെ സ്റ്റോപ്പുകളോടെ ഓടി രാത്രിതന്നെ തിരിച്ച് ചെറുവത്തൂരിൽ എത്തിക്കുകയും ചെയ്യണം. അല്ലെങ്കിൽ പുതിയ ഷൊർണൂർ-കണ്ണൂർ സ്പെഷൽ എക്സ്പ്രസ് മഞ്ചേശ്വരം വരെ നീട്ടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.