മൊഗ്രാൽ: പനിച്ചുവിറച്ച് കുമ്പള. ആശുപത്രികളിൽ രാത്രി വൈകുവോളം രോഗികളുടെ തിരക്കാണ്. പരിശോധനക്കാകട്ടെ ഒന്നോ രണ്ടോ ഡോക്ടർമാർ മാത്രമാണുള്ളത്. ഇതുമൂലം രോഗികൾ ദുരിതത്തിലാണ്.
മഴക്കാല രോഗങ്ങൾ വർധിച്ചതാണ് രോഗികളുടെ വർധനക്ക് കാരണമായിരിക്കുന്നത്. ലാബ് ടെസ്റ്റും മരുന്നു വാങ്ങാനുമായി നേരം വെളുക്കുവോളം രോഗികൾ കാത്തിരിക്കേണ്ട അവസ്ഥയാണ്.
കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അഞ്ഞൂറോളം രോഗികളാണ് ഓരോ ദിവസവുമെത്തുന്നത്. പരിശോധന അഞ്ചുവരെ മാത്രമാണ്. മിക്കദിവസങ്ങളിലും ഒരു ഡോക്ടറുടെ സേവനമാണ് ഉണ്ടാകാറ്. പരാതി അറിയിച്ചാൽ മാത്രം രണ്ട് ഡോക്ടർമാരുണ്ടാകും. മെഡിക്കൽ ഓഫിസർ ഉണ്ടെങ്കിലും അവർക്ക് മറ്റ് ഓഫിസ് ജോലികൾ ഉള്ളതിനാൽ പരിശോധനക്ക് എത്തുന്നുമില്ല. കുമ്പളയിലെ സ്വകാര്യ ആശുപത്രികളുടെ അവസ്ഥയും ഇതുതന്നെയാണ്. കാഷ്വൽറ്റിയിൽ എത്തുന്ന രോഗികളെ പരിശോധിക്കുന്നത് ഒരു ഡ്യൂട്ടി ഡോക്ടർ മാത്രമാണ്. സ്വകാര്യ ആശുപത്രികളിൽ ദിനേന 300ലേറെ രോഗികൾ എത്തുന്നതായാണ് കണക്ക്.
സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി അവധിയിലുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ ജോലിയിൽ പ്രവേശിപ്പിക്കാൻ കർശന നടപടിയുണ്ടാവണമെന്നാണ് ജനം പറയുന്നത്.
ഡ്യൂട്ടിസമയങ്ങളിൽ വകുപ്പുതല യോഗങ്ങൾ നടത്തുന്നതിന് നിയന്ത്രണം വേണം. ശുചീകരണ പ്രവർത്തനങ്ങളിലും മറ്റും അലംഭാവം കാട്ടുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.