തിരുവനന്തപുരം: മലയാള സിനിമയുടെ അമ്മ മുഖമായിരുന്നു കവിയൂർ പൊന്നമ്മയുടേത്. 20-ാം വയസ്സ് മുതൽ അമ്മയായി വേഷമിടാൻ കവിയൂർ പൊന്നമ്മക്ക് ഒരു വിഷമവുമുണ്ടായിരുന്നില്ല. സ്ഥിരം അമ്മ വേഷങ്ങൾക്കിടയിലും വ്യത്യസ്തമായ വേഷങ്ങൾ പൊന്നമ്മയെത്തേടി എത്തിയിരുന്നു. അതിൽ പ്രധാനമാണ് ത്രിവേണിയിലെ പാർവതിയും (തെറിച്ചി പാറോതി) ഓടയിൽ നിന്നിലെ കല്യാണിയും. ‘അമ്പലക്കുളങ്ങരെ കുളിക്കാൻ ചെന്നപ്പോൾ’ എന്ന് കല്യാണി പ്രണയാതുരമായി പാടി അഭിനയിച്ച ഗാനം ഇന്നും എവർഗ്രീനാണ്.
റിക്ഷാക്കാരനായ പപ്പുവിനെ പ്രണയിക്കുന്ന കല്യാണി മഹാനടൻ സത്യനൊപ്പം നിന്ന ശക്തമായ കഥാപാത്രമായിരുന്നു. ത്രിവേണി എന്ന പ്രേംനസീർ ചിത്രത്തിൽ ശാരദയുടെ അമ്മ വേഷമായിരുന്നു കവിയൂർ പൊന്നമ്മക്ക്. മകളെ വയസ്സനായ പണക്കാരനെക്കൊണ്ട് വിവാഹം കഴിപ്പിച്ച ശേഷം ഇരുകൈനിറയെ സ്വർണവള കിലുക്കി ചന്തയിലേക്ക് വരുന്ന പാർവതിയുടെ റോൾ പൊന്നമ്മ ഗംഭീരമാക്കി. അതുപോലെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു നെല്ലിലെ സാവിത്രിയും. സത്യന്റെ അമ്മയായും കാമുകിയായും ഒരേവർഷം സിനിമയിൽ അഭിനയിച്ചത് ആ അഭിനേത്രിയുടെ കഴിവിന്റെ നേർചിത്രമായിരുന്നു.
മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെയും അമ്മയായി വേഷമിട്ടിട്ടുണ്ടെങ്കിലും ആരാധകർ ഒരുപോലെ അംഗീകരിച്ചത് മോഹൻലാൽ-കവിയൂർ പൊന്നമ്മ കോംബോയായിരുന്നു. ഇരുവരും ഒന്നിച്ച് വന്നപ്പോഴെല്ലാം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.