തിരുവനന്തപുരം: ഗതാഗത വകുപ്പ് തന്നെയാകും ലഭിക്കുകയെന്ന് നിയുക്ത മന്ത്രി കെ.ബി. ഗണേഷ് കുമാർ. മന്ത്രിയായാൽ കെ.എസ്.ആര്‍.ടി.സിയിൽ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സിനിമാ താരം എന്ന നിലയിൽ സിനിമ വകുപ്പ് കൂടി കിട്ടിയാൽ സന്തോഷമായെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എന്നാൽ, സിനിമ വകുപ്പ് വേണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടില്ല. കേരളത്തിലെ സിനിമ മേഖലക്കും തിയറ്ററുകളിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നത് മുൻപ് ഈ വകുപ്പ് കൈകാര്യം ചെയ്തപ്പോഴാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കെ.എസ്.ആർ.ടി.സിയിൽ പ്രശ്നങ്ങളുണ്ട്. തൊഴിലാളികൾ പറയുന്നതിൽ ചില കാര്യമുണ്ട്. എല്ലാവരും സഹകരിച്ചാൽ കെ.എസ്.ആർ.ടി.സിയെ വിജയിപ്പിക്കാം. ഗ്രാമീണ മേഖലയിൽ ബസുകൾ കൂടുതലായി ഇറക്കും. അത് വലിയ മാറ്റമാകും. കോര്‍പറേഷനെ സ്വയം പര്യാപ്തതയിൽ എത്തിക്കുക എളുപ്പമല്ല. ഇതിനായി, തൊഴിലാളി ദ്രോഹ നടപടികളൊന്നും ഉണ്ടാകില്ലെന്നും നിയുക്ത മന്ത്രി വ്യക്തമാക്കി.
എന്തിനെയും എതിർക്കുക പ്രതിപക്ഷത്തിെൻറ ജോലിയെന്ന് ചിലർ ധരിച്ചു വച്ചിരിക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. പ്രതിപക്ഷം ഉയർത്തുന്ന പല കാര്യങ്ങളും ആരോപണങ്ങൾ മാത്രമായി അവസാനിക്കുകയാണ്. കഴമ്പുള്ള കാര്യങ്ങളൊന്നും പ്രതിപക്ഷത്തിൽ നിന്നുണ്ടാകുന്നില്ല. സഹകരിക്കേണ്ടിടത്ത് പ്രതിപക്ഷം സഹകരിക്കണം. ഇപ്പോഴത്തെ സമരങ്ങൾ എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു.
രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി. ഗണേഷ് കുമാറും മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് നാലിന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവർ രാജിവെച്ച ഒഴിവിലാണ് ഇരുവരും മന്ത്രിമാരാകുന്നത്. യു.ഡി.എഫ് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.