തിരുവനന്തപുരം: ബജറ്റ് നടപടികൾ സാമ്പത്തിക വർഷത്തിനു മുമ്പ് ചർച്ച ചെയ്ത് പാസാക്കുന്ന അപൂർവ നടപടിക്രമം പൂർത്തിയാക്കി 14ാം നിയമസഭയുടെ 22 ദിവസം നീണ്ട 10ാം സമ്മേളനം പിരിഞ്ഞു. 1980ൽ സബ്ജക്ട് കമ്മിറ്റികൾ നിലവിൽ വന്നശേഷം 2005ൽ മാത്രമാണ് ഇതിനു മുമ്പ് മാർച്ചിൽതന്നെ ബജറ്റ് നടപടികൾ പൂർത്തിയാക്കിയത്. സാധാരണ ബജറ്റ് അവതരണത്തിനു ശേഷം സാമ്പത്തിക വർഷത്തെ നാലു മാസത്തെ ചെലവുകൾക്കായുള്ള വോട്ട് ഒാൺ അക്കൗണ്ട് പാസാക്കിയാണ് സഭ പിരിയാറുള്ളത്.
പിന്നീട് സഭ സമ്മേളിച്ച ശേഷമാണ് ബജറ്റിലെ ധനാഭ്യർഥനകൾ വിശദമായി പാസാക്കിയിരുന്നത്. ഇൗ പതിവാണ് ഇത്തവണത്തെ സഭാസമ്മേളനം തിരുത്തിയത്. സംസ്ഥാനത്തിെൻറ പദ്ധതി വിഹിതം സമയബന്ധിതമായി വിനിയോഗിക്കാനും വികസന മുന്നേറ്റത്തിന് ആക്കം കൂട്ടാനും ഇൗ നടപടി സഹായിക്കുമെന്ന് സഭാ സമ്മേളനത്തിെൻറ സംക്ഷിപ്തം അവതരിപ്പിച്ച സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. 13 ദിവസം ധനാഭ്യർഥന ചർച്ചകൾക്കും ആറു ദിവസം നിയമനിർമാണത്തിനും രണ്ടു ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കുമായാണ് സഭ ചെലവഴിച്ചത്. കേരള സഹകരണ സംഘ (ഭേദഗതി)ബിൽ, റോഡ് സുരക്ഷ അതോറിറ്റി (ഭേദഗതി) ബിൽ, മെഡിക്കൽ കോളജുകളിലെ പ്രവേശനം ക്രമവത്കരിക്കൽ ബിൽ, മദ്രാസ് ഹിന്ദു ധർമ എൻഡോവ്മെൻറുകൾ (ഭേദഗതി) ബിൽ, നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ബില്ലുകൾ തുടങ്ങിയവയാണ് ഇൗ സമ്മേളന കാലത്ത് സഭ പാസാക്കിയത്.
21 അടിയന്തര പ്രമേയങ്ങൾക്കുള്ള അവതരണാനുമതി നോട്ടീസുകളാണ് പരിഗണിച്ചത്. 690 നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളും 6815 നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളും അനുവദിച്ചു. സ്കൂളുകളിൽ പ്രവേശനത്തിന് മതവും ജാതിയും രേഖപ്പെടുത്താത്ത കുട്ടികളുടെ എണ്ണം സംബന്ധിച്ച ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി നൽകിയ മറുപടി വിവാദമായി. ഇതുസംബന്ധിച്ച് മന്ത്രിക്കെതിരെ കെ.സി. ജോസഫ് നൽകിയ അവകാശലംഘന നോട്ടീസ് സ്പീക്കറുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.