തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെയും രാഷ്ട്രീയ നീക്കുപോക്കുകളുടേയും തുടക്കമാക്കി ബി.ജെ.പി. വികസന മുദ്രാവാക്യമുയര്‍ത്തി ന്യൂനപക്ഷങ്ങളെയും യുവാക്കളെയും പാർട്ടിയിലെത്തിക്കുന്നതിനു പുറമെ, അയിത്തം കൽപ്പിച്ചിരുന്ന മതവിഭാഗങ്ങളെ പാർട്ടിയുമായി അടുപ്പിക്കുകയെന്നതും ബി.ജെ.പി ലക്ഷ്യമിടുന്നു. അതിന്റെ ഭാഗമാണ് ക്രിസ്ത്യൻ മതമേലധ്യക്ഷരുമായുള്ള മോദിയുടെ കൂടിക്കാഴ്ച ഉൾപ്പെടെയുള്ളവയുടെ ലക്ഷ്യം.
വ്യക്തമായ രാഷ്ട്രീയമില്ലാത്ത യുവാക്കളെ പാർട്ടിയിലേക്ക് നയിക്കുകയെന്നതാണ് ലക്ഷ്യം. പ്രധാനമന്ത്രി കൊച്ചിയിൽ പങ്കെടുക്കുന്ന ‘യുവം’ പരിപാടിയുടെ തുടര്‍ച്ചയെന്ന നിലയിൽ കൂടുതല്‍ പരിപാടികൾ സംഘടിപ്പിക്കും. യുവാക്കളിൽ കൂടുതൽ പ്രതീക്ഷയർപ്പിച്ച് മുന്നോട്ടുപോകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ക്രൈസ്തവരായ രാഷ്ട്രീയനേതാക്കളെ പാർട്ടികൾ രൂപവത്കരിച്ച് ഒപ്പം നിർത്തുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിന്റെ തുടക്കമായും ബി.ജെ.പി ഈ സന്ദർശനത്തെ മാറ്റുകയാണ്.
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന 3000 കോടിയിലധികം രൂപയുടെ പദ്ധതിയെ കേരളത്തിന്റെ വികസനത്തിന് വാരിക്കോരി നൽകുന്നെന്ന പ്രതീതിയിലെത്തിക്കാനും ബി.ജെ.പി ഉദ്ദേശിക്കുന്നു. കെ-റെയിൽ പദ്ധതിക്ക് ബദലായി വന്ദേഭാരതിനെ അവതരിപ്പിക്കുകയാണ് അടുത്ത തന്ത്രം.
ഈസ്റ്ററുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻ വിഭാഗങ്ങളിൽ നടത്തിയ ഗൃഹസമ്പർക്കംപോലെ പെരുന്നാളിൽ മുസ്ലിംവിഭാഗങ്ങൾക്കിടയിൽ നടത്തിയത് വിജയിപ്പിക്കാനായില്ല. ഭൂരിപക്ഷ സമുദായങ്ങൾക്കൊപ്പം ക്രിസ്ത്യൻ വോട്ടുകളും ആർജിക്കാനുള്ള ശ്രമം തുടരും. നരേന്ദ്ര മോദിയുടെ സന്ദർശനം കഴിഞ്ഞ് തുടർച്ചയായി വിവിധ നേതാക്കളെ കേരളത്തിലെത്തിക്കാനുള്ള നടപടികളും ബി.ജെ.പി ആരംഭിച്ചു.വരുന്ന മാസങ്ങളില്‍ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ ഉൾപ്പെടെയുള്ളവർ എത്തും. കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കറുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് സമാനമായ പദ്ധതികൾ ആവിഷ്കരിക്കും. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കണമെന്ന നിർദേശമാണ് കേന്ദ്ര നേതൃത്വം നൽകിയിട്ടുള്ളത്.
തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിലാണ് ബി.ജെ.പി ഏറെ പ്രതീക്ഷ ചെലുത്തുന്നത്. ‘എ പ്ലസ്’പട്ടികയിലുള്ള തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ കേന്ദ്രനേതൃത്വം നേരിട്ടായിരിക്കും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.