തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾക്കും ക്ലബുകൾക്കും ബിയർ പാർലറുകൾക്കും വിദേശ നിർമിത വിദേശമദ്യം വിൽക്കാൻ സർക്കാർ അനുമതി. നിലവിൽ ബിവറേജസ് കോർപറേഷന് മാത്രമാണ് വിൽപനക്ക് അനുമതി. എക്സൈസ് കമീഷണർ ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാറിന് കൂടുതൽ വരുമാനം നൽകുമെങ്കിലും സംസ്ഥാനത്ത് കൂടുതൽ മദ്യമൊഴുക്കിന് വഴിയൊരുക്കുന്നതാണ് തീരുമാനം. ബ്രൂവറി-ഡിസ്റ്റിലറി ലൈസൻസ് വിവാദത്തിന് പിന്നാലെയാണ് ഇൗ തീരുമാനം.
ബിവറേജസ് കോർപറേഷൻ-കൺസ്യൂമർഫെഡ് ഒൗട്ട്ലറ്റുകൾക്ക് പുറമെ എഫ്.എൽ മൂന്ന് (ബാറുകൾ), മറൈൻ ഒാഫിസേഴ്സ് ക്ലബ് (എഫ്.എൽ നാല്) എയർപോർട്ട് ലോഞ്ചുകളിലെ മദ്യശാലകൾ (എഫ്.എൽ ഏഴ്), ബിയർ-വൈൻ പാർലറുകൾ (എഫ്.എൽ 11) തുടങ്ങി ആറ് വിഭാഗത്തിന് കൂടിയാണ് അനുമതി നൽകിയത്. ബിവറേജസ് േകാർപറേഷൻ ഡിപ്പോകളിൽനിന്ന് മദ്യം വാങ്ങി വിൽപന നടത്താനാണ് അനുമതി. 60 കോടിയാണ് ഇതിലൂടെ സർക്കാർ അധികവരുമാനം പ്രതീക്ഷിക്കുന്നത്. വിേദശ നിർമിത വിദേശമദ്യത്തിന് 78 ശതമാനവും വിദേശ നിർമിത വൈനിന് 25 ശതമാനവുമാണ് വിൽപന നികുതി. ഒരു പ്രൂഫ് ലിറ്ററിന് 87.70 രൂപ ക്രമത്തിൽ പ്രത്യേക ഫീസും ഇൗടാക്കും. വിദേശ നിർമിത വിദേശമദ്യം അനധികൃതമായി കച്ചവടം നടത്തുന്നതിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടം ഒഴിവാക്കാനാണ് ഇൗ മേഖലക്ക് അനുമതി നൽകി നിയമത്തിൽ ഭേദഗതി കൊണ്ടുവന്നതെന്ന് എക്സൈസ് വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ ബജറ്റിലാണ് വിദേശ നിർമിത വിദേശമദ്യവും വൈനും സംസ്ഥാനത്ത് വിൽക്കാൻ അനുമതി നൽകിയത്. പിന്നാലെ എക്സൈസ് നിയമത്തിലും ഭേദഗതി കൊണ്ടുവന്നു. ഇതിെൻറ അടിസ്ഥാനത്തിൽ മദ്യകമ്പനികളിൽനിന്നും ഡീലർമാരിൽനിന്നും മദ്യം ഇറക്കുമതിക്ക് അപേക്ഷ ക്ഷണിക്കുകയും 17 സ്ഥാപനങ്ങൾക്ക് അനുമതി നൽകുകയും ചെയ്തു. 227 ഇനം മദ്യമാണ് ഇറക്കുമതി ചെയ്യുന്നത്. കൂടുതൽ ബ്രാൻഡുകൾ ഇറക്കുമതിക്ക് ഉടൻതന്നെ അനുമതി നൽകും. ബിവറേജസ് കോർപറേഷനിൽ ഇവയുടെ വിൽപന നടന്നുവരവെയാണ് ബാറുകളിൽ വിദേശ നിർമിത വിദേശമദ്യവും ബിയർ പാർലറുകളിൽ വിദേശ നിർമിത ബിയറും വിൽക്കാൻ അനുവദിക്കുന്നത്. വിദേശമദ്യം കസ്റ്റംസിൽനിന്ന് നേരത്തേ ബാറുകൾ വാങ്ങിയിരുന്നു. 25,000 രൂപയായിരുന്നു ഇതിെൻറ വാർഷിക ഫീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.