തിരുവിതാംകൂർ ദേവസ്വംബോർഡി​െൻറ കാലാവധി രണ്ട്​ വർഷമാക്കി ഒാർഡിനൻസ്​

തിരുവനന്തപുരം: പ്രയാര്‍ ഗോപാലകൃഷ്ണൻ അധ്യക്ഷനായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ഓര്‍ഡിനന്‍സിലൂടെ സർക്കാർ പുറത്താക്കുന്നു. ബോര്‍ഡി​​െൻറ കാലാവധി രണ്ടുവര്‍ഷമായി കുറക്കാനുള്ള ഒാർഡിനൻസിന്​ വെള്ളിയാഴ്​ച ചേർന്ന പ്രത്യേക മന്ത്രിസഭയോഗം അംഗീകാരം നൽകുകയായിരുന്നു. ഇതോടെയാണ്​ തുടക്കം മുതല്‍ സര്‍ക്കാറുമായി ഇടഞ്ഞുനിന്ന പ്രയാർ ഗോപാലകൃഷ്​ണനും കോൺഗ്രസ്​ പ്രതിനിധിയായ അജയ് തറയിലും പുറത്താകുന്നത്​. അതേസമയം എല്‍.ഡി.എഫ് നിയമിച്ച അംഗം കെ. രാഘവ​​െൻറ കാലാവധി രണ്ടുവര്‍ഷം തികയാത്തതിനാല്‍ തുടരാനാകും. ഇൗ മാസം 12നാണ് പ്രയാർ ഗോപാലകൃഷ്​ണൻ, അജയ് തറയിൽ എന്നിവർ ദേവസ്വംബാർഡിൽ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുക. 

ഈ സാഹചര്യം കണക്കിലെടുത്താണ്​ വെള്ളിയാഴ്ച പ്രത്യേക മന്ത്രിസഭ ചേര്‍ന്ന്​ ഓര്‍ഡിനന്‍സ് അംഗീകരിച്ചത്. ഇതിന് ഗവര്‍ണര്‍ അംഗീകാരം നൽകുന്നതോടെ ഇരുവരും ഒഴിയേണ്ടിവരും. ശബരിമല മണ്ഡലകാലം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ അഴിച്ചുപണിയുന്നത്. ഇത് ശബരിമല മുന്നൊരുക്കങ്ങളെ ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. പുതിയ അംഗങ്ങളെ നിയോഗിക്കാന്‍ താമസം നേരിട്ടാല്‍ ദേവസ്വം സെക്രട്ടറിക്ക് ചുമതല നൽകേണ്ടിവരും. 1950ലെ തിരുവിതാംകൂര്‍^ കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്താണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. തിരുവിതാംകൂര്‍-കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ പ്രസിഡ​ൻറി​​െൻറയും അംഗങ്ങളുടെയും ഓണറേറിയം കാലാകാലങ്ങളില്‍ പുതുക്കിനിശ്ചയിക്കാനും സിറ്റിങ്​ ഫീസ് ഏര്‍പ്പെടുത്താനും സര്‍ക്കാറിന് അധികാരം നല്‍കുന്ന വ്യവസ്​ഥയും ഭേദഗതിയില്‍ ഉള്‍പ്പെടുത്തി. 

ഇപ്പോള്‍ പ്രസിഡൻറി​​െൻറ ഓണറേറിയം 5000 രൂപയും അംഗങ്ങളുടേത് 3500 രൂപയുമാണ്. സിറ്റിങ്​ ഫീസ് വ്യവസ്​ഥ ചെയ്തിട്ടുമില്ല. 10 വര്‍ഷം മുമ്പ് നിശ്ചയിച്ച ഓണറേറിയം കാലാനുസൃതമായി പുതുക്കുന്നതിനും സിറ്റിങ്​ ഫീസ് നിശ്ചയിക്കുന്നതിനും ഓര്‍ഡിനന്‍സി​​െൻറ കരടില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിനിടെ ഒാർഡിനൻസിൽ ഒപ്പുവെക്കരുതെന്ന്​ ബി.ജെ.പി ഗവർണറോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. സാങ്കേതിക സര്‍വകലാശാലയുടെ എക്​സിക്യൂട്ടിവ്​, ഗവേണിങ്​ കൗൺസിലുകളുടെ ഘടനയിൽ ഭേദഗതിക്കായുള്ള ഓര്‍ഡിനന്‍സ് വെള്ളിയാഴ്ച മന്ത്രിസഭ പരിഗണിച്ചില്ല. 


ഒാർഡിനൻസിൽ ഒപ്പ്​ വെക്കരുതെന്നാവശ്യ​െപ്പട്ട്​ കത്ത്​ നൽകി
തിരുവനന്തപുരം: ദേവസ്വം ബോർഡ്​ ഭരണസമിതികളുടെ കാലാവധി കുറക്കുന്ന ഒാർഡിനൻസിൽ ഒപ്പുവെക്കരുതെന്നാവശ്യ​െപ്പട്ട്​ ഗവർണർക്ക്​ രമേശ്​ ചെന്നിത്തലയുടെ കത്ത്​. തിരുവിതാംകൂർ, ​െകാച്ചി ദേവസ്വം  ബോർഡ്​ ഭരണസമിതികളുടെ കാലാവധി രണ്ടുവർഷമായി കുറച്ചുകൊണ്ടുള്ള ഒാർഡിനൻസിൽ ഒപ്പുവെക്കരുതെന്നാവശ്യപ്പെട്ടാണ്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല ഗവർണർ പി. സദാശിവത്തിന്​ കത്ത്​ നൽകിയത്​. ശബരിമലയിൽ മണ്ഡലകാലം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർണതോതിൽ നടക്കുന്നതിനിടയിൽ ഭരണസമിതിയിൽ മാറ്റംവരുത്തുന്നത്​ തീർഥാടനത്തെ പ്രതികൂലമായി ബാധിക്കും. നിലവിലെ ഭരണസമിതി കാര്യക്ഷമമായും സുതാര്യമായും ​പ്രവർത്തിച്ചുവരികയായിരുന്നു. ഭരണസമിതിയെക്കുറിച്ച്​ പരാതി​യോ അഴിമതി ആരോപണങ്ങളോ ഉണ്ടായിട്ടില്ല. ആ നിലക്ക്​ ഭരണസമിതിയിൽ ഇപ്പോൾ മാറ്റംവരുത്തേണ്ട ഒരുആവശ്യവുമില്ലെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു.


ഒാർഡിനൻസ്​ ഒപ്പിടരുതെന്ന്​ ഗവർണർക്ക്​ ബി.ജെ.പി കത്തയച്ചു
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡി‍​െൻറ കാലാവധി രണ്ടു വർഷമായി വെട്ടിച്ചുരുക്കിയ ഓർഡിനൻസിൽ ഒപ്പിടരുതെന്നാവശ്യപ്പെട്ട്​ ഗവർണർക്ക്​ ബി.ജെ.പി​ കത്തയച്ചു. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാണ്​ ഗവർണർ പി. സദാശിവത്തിന് കത്തയച്ചത്​. ശബരിമല തീർഥാടനം തുടങ്ങാനിരിക്കെ നിലവിലുള്ള ബോർഡിനെ പിരിച്ചു വിടുന്നത് മുന്നൊരുക്കത്തെ ബാധിക്കും. തീർഥാടനം അട്ടിമറിക്കാനേ തീരുമാനം ഉപകരിക്കുകയുള്ളൂ. അതിനാൽ ദേവസ്വം ബോർഡിനെ പിരിച്ചു വിടാനുള്ള നീക്കം അംഗീകരിക്കരുതെന്നും കുമ്മനം കത്തിൽ ആവശ്യപ്പെട്ടു. ഗുരുവായൂർ പാർഥസാരഥി ക്ഷേത്രം ഏറ്റെടുത്തതിനു ശേഷം തിരുവിതാംകൂർ ദേവസ്വത്തെയും കൈപ്പിടിയിലാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്​. ക്ഷേത്രങ്ങളിലും ഈശ്വരനിലും വിശ്വാസമില്ലാത്ത സി.പി.എം ക്ഷേത്രഭരണം ഏറ്റെടുക്കുന്നത് വഞ്ചനയാണ്. 

കേരള ഹൈകോടതിയും കെ.പി. ശങ്കരൻ നായർ കമീഷനും ക്ഷേത്രഭരണത്തിൽ രാഷ്​ട്രീയ ഇടപെടൽ പാടില്ലെന്നും അതി‍​െൻറ പരമാധികാരം നിലനിർത്തണമെന്നും വ്യക്തമാക്കിയതാണ്. അതി‍​െൻറ അടിസ്ഥാനത്തിൽ നിയമനിർമാണം നടത്തി ഭരണത്തിൽ ഭക്തജന പങ്കാളിത്തം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. ജനകീയാസൂത്രണത്തിലൂടെ അധികാരവികേന്ദ്രീകരണം നടപ്പാക്കുമ്പോൾ ക്ഷേത്രങ്ങളിൽ അധികാര കേന്ദ്രീകരണത്തിലൂടെ ഭരണം കൈപ്പിടിയിലാക്കാനാണ് സി.പി.എം ശ്രമം. ശബരിമലയിൽനിന്ന് 10,000 കോടി രൂപയുടെ വരുമാനം ലഭിച്ചിട്ടും ക്ഷേത്രത്തിനു വേണ്ടി നൂറിലൊരംശം പോലും ​െചലവാക്കുന്നില്ല. ക്ഷേത്ര വരുമാനത്തിൽ കണ്ണുവെച്ചാണ് സി.പി.എം എത്രയും പെട്ടെന്ന് ദേവസ്വം അധികാരം പിടിച്ചെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Kerala Govt Recomment Governor to the Ordinance for Reducing Duration of Travancore Devasom Board -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.