തിരുവനന്തപുരം: ബി.ജെ.പി പ്രതിക്കൂട്ടിൽ നിൽക്കുന്ന കൊടകര കുഴൽപ്പണക്കേസ് വീണ്ടും അന്വേഷിക്കാൻ സംസ്ഥാന സര്‍ക്കാർ. ഡിവൈ.എസ്.പി രാജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. ഡി.ജി.പിയുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി അടിയന്തര നടപടി സ്വീകരിക്കാൻ നിര്‍ദേശിച്ചു. കേസിൽ പുനരന്വേഷണം വേണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദേശത്തിന് പിന്നാലെയാണ് നടപടി.
പുതിയ വെളിപ്പെടുത്തലുകൾ വിശദീകരിച്ച് അന്വേഷണസംഘം ഇരിങ്ങാലക്കുട കോടതിയിൽ ഹരജി ഫയൽ ചെയ്യും. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ തീരുമാനിക്കും.
നേരത്തേ കുറ്റപത്രം സമർപ്പിച്ചതിനാലാണ് തുടരന്വേഷണത്തിന്റെ പശ്ചാത്തലം കോടതിയെ അറിയിക്കുന്നത്. ഒരു തവണ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസ് വീണ്ടും അന്വേഷിക്കാനാണ് തീരുമാനം. തുടരന്വേഷണം വേണോ പുനരന്വേഷണം വേണോ എന്ന് തീരുമാനിക്കാൻ നിയമസാധുതകൂടി കണക്കിലെടുക്കും.
ബി.ജെ.പി മുൻ ഓഫിസ് സെക്രട്ടറി സതീശിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ബി.ജെ.പി-സി.പി.എം ഡീൽ ആരോപണങ്ങൾ കനപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിൽ തിടുക്കത്തിൽ നടപടിയെടുക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.