കൊച്ചി: വാഹനങ്ങൾ രൂപമാറ്റം വരുത്തുന്നതിന്റെ ഉത്തരവാദിത്തം ഇവ വിൽക്കുന്ന സ്ഥാപനത്തിനില്ലെന്ന് ഹൈകോടതി. രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ ഉടമക്കും നിർമാതാക്കൾക്കുമാണ് ഇതിന്റെ ബാധ്യതയെന്നും ജസ്റ്റിസ് അമിത് റാവൽ വ്യക്തമാക്കി.
വാഹനങ്ങളുടെ ഗ്ലാസിൽ ഒട്ടിക്കുന്ന സൺ കൺട്രോൾ -ഫിലിം വിൽപനക്കെതിരെ നോട്ടീസ് നൽകിയ വാഹന വകുപ്പ് അധികൃതരുടെ നടപടി ചോദ്യം ചെയ്ത് വാഹനങ്ങളുമായി ബന്ധപ്പെട്ട സാമഗ്രികൾ വിൽക്കുന്ന കടയുടമകളായ കരുനാഗപ്പള്ളി അബ്ദുൽ സത്താറടക്കം മൂന്ന് പേർ നൽകിയ ഹരജിയിലാണ് ഉത്തരവ്.ഹരജിക്കാർ വാഹനങ്ങളുടെ ഗ്ലാസിൽ ഉപയോഗിക്കുന്ന സൺ കൺട്രോൾ ഫിലിം വിൽക്കുകയും സ്ഥാപിച്ച് കൊടുക്കുകയും ചെയ്യുന്നത് മോട്ടോർ വാഹന നിയമത്തിന് വിരുദ്ധമാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടി ആഗസ്റ്റ് 12ന് ആലപ്പുഴ ആർ.ടി.ഒ (എൻഫോഴ്സ്മെന്റ് ) നൽകിയ നോട്ടീസാണ് ഹരജിയിൽ ചോദ്യം ചെയ്തത്.
മോട്ടോർ വാഹന നിയമത്തിലെ 182 എ (4), 52 സെക്ഷനുകൾ പ്രകാരം മോട്ടോർ വാഹന ഉടമകൾക്കെതിരെ മാത്രം ബാധകമായ നിയമമാണ് തങ്ങൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും ഈ വകുപ്പ് വാഹനങ്ങളുടെ സാമഗ്രികൾ വിൽക്കുന്നവർക്കെതിരെ സാധ്യമല്ലെന്നും ഹരജിയിൽ പറയുന്നു.
വാഹന സാമഗ്രികൾ വിൽക്കുന്നതും വാഹനങ്ങളുടെ മോടികൂട്ടുന്ന വസ്തുക്കൾ വിൽക്കുന്നതും നിയമം മൂലം തടഞ്ഞിട്ടില്ല. സുപ്രീംകോടതി ഉത്തരവ് പ്രകാരം നടപ്പാക്കിയ 2012ലെ നിയമപ്രകാരം രൂപമാറ്റം ശിക്ഷാർഹമായ കുറ്റമാണ്.
എന്നാൽ, 2020ലെ ഭേദഗതി പ്രകാരം 2021 ഏപ്രിൽ ഒന്ന് മുതൽ 70 ശതമാനത്തിൽ താഴെയല്ലാത്ത വിധം സുതാര്യതയുള്ള സൺ കൺട്രോൾ ഫിലിമുകൾ വാഹനങ്ങളിൽ പതിപ്പിക്കുന്നതിന് അനുമതിയുണ്ടെന്നും ഇക്കാര്യം കണക്കിലെടുക്കാതെയാണ് ആർ.ടി.ഒയുടെ നോട്ടീസെന്നും ഹരജിയിൽ പറയുന്നു.അധികാരമില്ലാതെയാണ് ആർ.ടി.ഓഫിസിൽനിന്ന് നോട്ടീസ് നൽകിയതെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയ സിംഗിൾബെഞ്ച് തുടർനടപടികൾ സ്റ്റേ ചെയ്തു. ഹരജി വീണ്ടും നവംബർ 15ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.