കൊച്ചി: ബ്രഹ്മപുരത്തെ തീയും പുകയും നിയന്ത്രിക്കാൻ എത്രനാൾ വേണമെന്ന ഹൈകോടതിയുടെ ചോദ്യത്തിന് മറുപടിയില്ലാതെ സർക്കാർ. രണ്ടുനാൾ വേണമെന്ന പതിവ് മറുപടിയിലൊതുങ്ങിയപ്പോൾ ഫലപ്രദമായ നടപടികളുണ്ടായില്ലെങ്കിൽ സ്വരം കടുപ്പിക്കേണ്ടിവരുമെന്ന് ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി. തുടർന്ന് പ്രത്യേക നിരീക്ഷണ സമിതിക്ക് രൂപംനൽകിയ കോടതി 24 മണിക്കൂറിനകം ബ്രഹ്മപുരത്തെത്തി പരിശോധിച്ച് സമിതി റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടു.
ബ്രഹ്മപുരത്തുനിന്ന് കൊച്ചി നഗരത്തിലടക്കം എത്തുന്ന പുകയും തീയും നിയന്ത്രിക്കാൻ എത്രനാൾ വേണമെന്നായിരുന്നു ഹരജി പരിഗണിക്കവെ ജസ്റ്റിസ് എസ്.വി. ഭാട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാറിനോട് ആരാഞ്ഞത്. രണ്ട് ദിവസംകൂടി വേണമെന്നാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നതെന്നായിരുന്നു ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷിന്‍റെ വിശദീകരണം. കഴിഞ്ഞ ദിവസവും രണ്ട് ദിവസംകൂടി മതിയെന്നാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞതെന്നുകൂടി കഴിഞ്ഞ ദിവസം ചുമതലയേറ്റ കലക്ടർ കൂട്ടിച്ചേർത്തു. തുടർന്നാണ് ശുചിത്വ മിഷൻ ഡയറക്ടർ, തദ്ദേശ ഭരണ ചീഫ് എൻജിനീയർ, ജില്ല കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ്, ചീഫ് എൻവയൺമെന്‍റ് എൻജിനീയർ, കൊച്ചി കോർപറേഷൻ സെക്രട്ടറി, ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിക്ക് രൂപംനൽകിയത്.
ബ്രഹ്മപുരത്തെ എട്ട് മേഖലകളിൽ ആറിടത്തെ തീ നിയന്ത്രിക്കാനായെന്ന് കലക്ടർ വിശദീകരിച്ചു. നാല് ഏക്കറോളം വരുന്ന പ്രദേശത്തെ തീ നിയന്ത്രിക്കാൻ ശ്രമം നടക്കുകയാണ്. സ്ഥലപരിമിതിമൂലം കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിക്കാനാകുന്നില്ല. ദേശീയ തലത്തിലുള്ള വിദഗ്ധരുടെ സഹായമടക്കം തേടുന്നുണ്ടെന്നും കലക്ടർ അറിയിച്ചു.
ബ്രഹ്മപുരത്തെ അവസ്ഥ മോശമാണെന്നായിരുന്നു മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എ.ബി. പ്രദീപ് കുമാറിന്‍റെ വിശദീകരണം. കാറ്റിന്റെ ഗതി കടലിൽനിന്ന് കരയിലേക്കായത് നിയന്ത്രണ ശ്രമങ്ങൾക്ക് തടസ്സമാണെന്ന് ബോർഡ് ചെയർമാൻ പറഞ്ഞു.
ദേശീയ ഹരിത ട്രൈബ്യൂണലിന് കോർപറേഷൻ നൽകിയ ഉറപ്പുകളിൽ 30 ശതമാനമെങ്കിലും നടപ്പാക്കിയിരുന്നെങ്കിൽ ഇപ്പോഴത്തെ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് ഉത്തരവിടുമെന്നും കോടതി വാക്കാൽ പറഞ്ഞു. പ്രശ്നത്തിന് ശാശ്വത പരിഹാരം സംബന്ധിച്ച് തദ്ദേശ ഭരണ അഡീ. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സത്യവാങ്മൂലം നൽകണമെന്ന് കോടതി നിർദേശിച്ചു. വീടുകളിൽനിന്നുള്ള മാലിന്യം ശനിയാഴ്ച മുതൽ ശേഖരിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.