കൊച്ചി: കെ റെയിൽ പദ്ധതിയിൽ രൂക്ഷ വിമർശനവുമായി ഹൈകോടതി. പദ്ധതിയുടെ ഡി.പി.ആറിന് കേന്ദ്ര സർക്കാർ അനുമതി ഇല്ലെന്നിരിക്കെ സമൂഹികാഘാത പഠനം നടത്തിയത് എന്തിനെന്ന് ഹൈകോടതി ചോദിച്ചു. ചില ഉദ്യോഗസ്ഥർ നാടകം കളിക്കുകയാണെന്നും ഒരു പേര് വിളിച്ചാൽ പദ്ധതിയാകില്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
ഇല്ലാത്ത പദ്ധതിക്കാണോ ഇതെല്ലാം നടക്കുന്നത്. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് വിജ്ഞാപനം ഇറക്കിയിട്ടില്ല. എന്തിന് വേണ്ടിയാണ് സർക്കാർ ഇത്രയധികം പണം ചെലവാക്കിയതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. പദ്ധതിയുടെ പാരിസ്ഥിതികാഘാതം എത്രത്തോളമെന്ന് അറിയിക്കണമെന്നും ഹൈകോടതി ആവശ്യപ്പെട്ടു.
പദ്ധതിക്കായി ധാരാളം പണം ചെലവഴിച്ചു കഴിഞ്ഞു, പദ്ധതി എവിടെ എത്തി നിൽക്കുന്നു, പദ്ധതിയിൽ കേന്ദ്രത്തിന് താൽപര്യമില്ലെന്ന് അറിയിക്കുന്നു, ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാക്കിയതിന് ആര് സമാധാനം പറയും -തുടങ്ങിയ ചോദ്യങ്ങളും കേസ് പരിഗണിച്ച ഹൈകോടതി ചോദിച്ചു.
സർവേയുടെ ഭാഗമായി മഞ്ഞക്കല്ല് സ്ഥാപിക്കുന്നതിനെയും കോടതി പരിഹസിച്ചു. രാവിലെ മഞ്ഞക്കല്ലുമായി ആരൊക്കെയോ കയറിവരുമെന്നും ഇതെല്ലാം എന്തിനാണെന്ന് ആർക്കും അറിയില്ലെന്നും കോടതി വ്യക്തമാക്കി.
അതിവേഗ റെയിലും ഹൈവേയുമെല്ലാം വേണം. എന്നാൽ, അതിനെല്ലാം ഒരു മാനദണ്ഡം വേണം. തോന്നും പ്രകാരം ഒന്നും ചെയ്യരുത്. കെ റെയിൽ ഒരു പദ്ധതിയല്ലെന്നും നിർദിഷ്ട പദ്ധതി മാത്രമാണെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
കെ റെയിൽ പദ്ധതി സംബന്ധിച്ച കേന്ദ്ര റെയിൽവേ മന്ത്രാലയം ഇന്നലെ ഹൈകോടതിക്ക് വിശദീകരണം നൽകിയിരുന്നു. ഡി.പി.ആർ സംബന്ധിച്ച റെയിൽവേ ബോർഡ് ആവശ്യപ്പെട്ട് വിശദാംശങ്ങൾ ഇതുവരെ കെ റെയിൽ കോർപറേഷൻ നൽകിയിട്ടില്ലെന്നാണ് മന്ത്രാലയം കോടതിയെ അറിയിച്ചത്.
കെ റെയിൽ സംബന്ധിച്ച കേസുകൾ പരിഗണിച്ച കോടതി, ഡി.പി.ആർ സംബന്ധിച്ച റെയിൽവേ മന്ത്രാലയത്തിന്‍റെ നിലപാടിൽ മാറ്റമുണ്ടോ എന്ന് ആരാഞ്ഞിരുന്നു. ഡി.പി.ആർ അപൂർണമാണെന്ന മുൻ നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നാണ് മന്ത്രാലയം ഹൈകോടതിയിൽ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.