തിരുവനന്തപുരം:കേന്ദ്ര ഭവന-നഗരകാര്യ വകുപ്പ് പ്രഖ്യാപിച്ച 2021ലെ പ്രധാനമന്ത്രി ആവാസ് യോജന അർബൻ അവാർഡിൽ കേരളത്തിന് മൂന്ന് പുരസ്കാരങ്ങൾ. സ്പെഷ്യൽ കാറ്റഗറി വിഭാഗത്തിലാണ് രണ്ട് പുരസ്കാരങ്ങളും. ഓരോ വിഭാഗങ്ങൾക്കും വേണ്ടി പ്രത്യേകം നടപ്പാക്കിയ പ്രൊജക്ടുകളിൽ ( സമൂഹത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ) കേരളമാണ് ഒന്നാമത് എത്തിയത്.
ജാർഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളും കേരളത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. വരുമാനവുമായി ബന്ധപ്പെടുത്തി നടപ്പാക്കിയ ഭവനപദ്ധതിയുടെ മാതൃകക്ക് പ്രത്യേക പുരസ്കാരവും ലഭിച്ചു. നഗരസഭകളിൽ കണ്ണൂർ മട്ടന്നൂർ നഗരസഭ മൂന്നാം സ്ഥാനം നേടി. കേരളം നടത്തിയ മികവേറിയ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
ഭവനരഹിതരായ മുഴുവൻ ആളുകൾക്കും വീടൊരുക്കാനുള്ള സർക്കാർ ഇടപെടലുകൾക്ക് ദേശീയ തലത്തിലെ ഈ അംഗീകാരം ഊർജമേകും. എല്ലാവർക്കും അടച്ചുറപ്പുള്ള വീടെന്ന ലക്ഷ്യത്തിലേക്ക് സർക്കാർ വളരെ വേഗം നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രവിഹിതത്തിന് പുറമേ സംസ്ഥാന വിഹിതവും ഫലപ്രദമായി വിനിയോഗിച്ചാണ് കേരളത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. സ്വന്തമായി ഭൂമിയുള്ള ഭവനരഹിതന് നാലു ലക്ഷം രൂപയാണ് കേരളത്തിൽ വീട് വെക്കാൻ നൽകുന്നത്. ഇതിൽ പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് ഒന്നരലക്ഷം രൂപ മാത്രമാണ് കേന്ദ്രവിഹിതം. പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് രണ്ടര ലക്ഷം രൂപ സംസ്ഥാന സർക്കാരും നഗരസഭയുമാണ് നൽകുന്നത്. പി.എം.എ.വൈ പദ്ധതിയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന സഹായമാണ് കേരളം നൽകുന്നത്. ഇതിനകം പി.എം.എ. വൈ പദ്ധതിയുടെ ഭാഗമായി 1,23,246 വീടുകൾക്കാണ് അനുമതി നൽകിയത്. ഇതിൽ 95,000 വീടുകളുടെ നിർമ്മാണം ആരംഭിക്കുകയും 74,500 എണ്ണം പൂർത്തിയാവുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.