കൊച്ചി: പാലാ നിയമസഭ മണ്ഡലത്തിൽനിന്നുള്ള മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യുന്ന ഹരജി ഹൈകോടതി തള്ളി. തെളിവ് ഹാജരാക്കാൻ ഹരജിക്കാരന് സാധിക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് പാലാ സ്വദേശി സി.വി. ജോൺ നൽകിയ ഹരജി ജസ്റ്റിസ് സി. ജയചന്ദ്രൻ തള്ളിയത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന മാണി സി. കാപ്പൻ എൽ.ഡി.എഫിലെ ജോസ് കെ. മാണിയെ 15,378 വോട്ടിനാണ് തോൽപിച്ചത്. തെരഞ്ഞെടുപ്പ് വേളയിൽ നിയമപ്രകാരമുള്ള രേഖകൾ മാണി സി. കാപ്പൻ സമർപ്പിച്ചിട്ടില്ലെന്നായിരുന്നു ഹരജിയിലെ പ്രധാന ആരോപണം.
പ്രചാരണത്തിന് അനുവദനീയമായതിലും കൂടുതൽ തുക വിനിയോഗിച്ചെന്നും പണം നൽകി വോട്ട് നേടിയെന്നുമുള്ള ആരോപണങ്ങളും ഉയർത്തിയിരുന്നു. എന്നാൽ, ഇതിന് കൃത്യമായ തെളിവുകൾ ഹാജരാക്കാൻ ഹരജിക്കാരന് സാധിച്ചില്ലെന്ന് സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഹരജിയിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ 2022 ആഗസ്റ്റിൽ ഹരജിക്കാരന് അനുമതി നൽകിയ ഹൈകോടതി ഉത്തരവിനെതിരെ കാപ്പൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈകോടതിയിലേക്ക് തന്നെ കേസ് തിരിച്ചയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.