വാഹനങ്ങളില്ല, യാത്രക്കാരും; ക്ലച്ചുപിടിക്കാതെ കേരള സവാരി

തിരുവനന്തപുരം: സർക്കാർ മേഖലയിൽ പ്രതീക്ഷയോടെ തുടക്കമിട്ട ഓൺലൈൻ ടാക്സി സർവിസായ ‘കേരള സവാരി’ പെരുവഴിയിൽ. സ്വകാര്യ ടാക്സി സർവിസുകൾ ഉയർന്ന കമീഷൻ നൽകി ഡ്രൈവർമാരെ ആകർഷിച്ചതോടെയാണ് കേരള സവാരി നിരാശയുടെ നിരത്തിലേക്ക് തള്ളപ്പെട്ടത്. യാത്രയും കമീഷനും കുറവായതോടെ ഡ്രൈവർമാർ ആദ്യം ൈകയൊഴിഞ്ഞു. നിരക്ക് കുറവായതിനാൽ ആപ് ഇൻസ്റ്റാൾ ചെയ്ത് കാത്തിരുന്നെങ്കിലും വാഹനം കിട്ടാഞ്ഞതോടെ യാത്രക്കാരും പിന്മാറി. ഇതോടെയാണ് കേരള സവാരിക്ക് കാലിടറിത്തുടങ്ങിയത്. പ്രതിസന്ധി പരിഹരിച്ച് കാര്യക്ഷമമാക്കാനും ഒപ്പം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനും സർക്കാർ ആലോചനയുണ്ടെന്നതാണ് പുതിയ വിവരം.

2022 ആഗസ്റ്റിലാണ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കേരള സവാരിക്ക് തുടക്കമിട്ടത്. െപാലീസ് സുരക്ഷാ പരിശോധനക്ക് ശേഷം തെരഞ്ഞെടുത്ത ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നൽകിയായിരുന്നു നിയോഗിക്കൽ. സര്‍വിസ് ചാര്‍ജ് എട്ടുശതമാനമായും നിശ്ചയിച്ചു. മൊബൈൽ ആപ് അടക്കം സജ്ജമാക്കിയിരുന്നെങ്കിലും തുടക്കത്തിൽ ആപ് പണിമുടക്കിയത് വലിയ പ്രതിസന്ധിയായിരുന്നു.

ഒടുവിലെ കണക്കുകൾ പ്രകാരം 1552 ഓട്ടോറിക്ഷകളും 340 ടാക്‌സികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഓൺലൈനിൽ കാണുന്നത് 60 ൽ താഴെ ഡ്രൈവർമാരാണ്. രജിസ്റ്റര്‍ ചെയ്തതില്‍ ഭൂരിഭാഗം വാഹനങ്ങളും ഓണ്‍ലൈനില്‍വരുന്നില്ല. കൂടുതല്‍ വാഹനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമായെങ്കിൽ മാത്രമേ യാത്രക്കാരെ ലഭിക്കൂ. കൂടുതല്‍ വാഹനങ്ങള്‍ ആപ്പില്‍ എത്തിക്കുക, യാത്രക്കാരെ ആകര്‍ഷിക്കുക, ഡ്രൈവര്‍മാര്‍ക്ക് ഇന്‍സെന്റിവ് നല്‍കുക തുടങ്ങിയവ സമാന്തരമായി നടക്കണം. നഗരത്തില്‍ തിരക്കുള്ള സമയങ്ങളില്‍ 1500 വാഹനങ്ങളെങ്കിലും ഒരേസമയം ഓണ്‍ലൈനില്‍ എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടിയിരുന്നു.

ഇതുവരെയുള്ള കണക്കനുസരിച്ച് 1023 പേരില്‍ നിന്നായി 2234 യാത്രകളാണ് കേരള സവാരിക്ക് ലഭിച്ചത്. സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് പ്രതിഫലം കുറവാണെന്നാണ് ഡ്രൈവര്‍മാരുടെ പരാതി. അമിത നിരക്ക് വാങ്ങുന്ന സ്വകാര്യ കമ്പനികളെ തടയാന്‍ നിലവിൽ സംവിധാനങ്ങളില്ലാത്ത സ്ഥിതിയാണ്. ഓട്ടോ, ടാക്‌സി നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതേതുക തന്നെ ഓണ്‍ലൈനില്‍ വാങ്ങുന്നുവെന്ന് ഉറപ്പുവരുത്താനും കഴിയുന്നില്ല.

Tags:    
News Summary - Kerala savari meet No vehicles and no passengers issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.