െകാച്ചി: കൊച്ചിൻ കാൻസർ സെൻറർ നിർമാണത്തിൽ കരാർ കമ്പനിക്കും ഇൻകെലിനും വീഴ്ചയുണ്ടായെന്ന് കിഫ്ബി ഹൈകോടതിയിൽ.നിർമാണക്കരാറിൽനിന്ന് ഒഴിവാക്കിയതിനെതിരെ പി ആൻഡ് സി പ്രോജക്ട്സ് കമ്പനി നൽകിയ ഹരജിയിലെ വിശദീകരണത്തിലാണ് കിഫ്ബിയുടെ സത്യവാങ്മൂലം. ജനുവരി 31ന് കരാറിൽനിന്ന് ഒഴിയാൻ ജനുവരി 18ന് ഇൻകെൽ നൽകിയ നോട്ടീസ് ചോദ്യംചെയ്താണ് ഹരജി. എന്നാൽ, നിർമാണത്തിൽ അപാകതയുണ്ടെന്ന് കണ്ടെത്തി 2018 ഡിസംബറിൽതന്നെ കരാർ കമ്പനിക്ക് മെമ്മോ നൽകിയിരുന്നതായി കിഫ്ബി ജോയൻറ് ഫണ്ട് മാനേജർ ആനി ജൂലാ തോമസ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
നിർമാണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി 2019 നവംബർ ഏഴിന് ഇൻകെലിനും സർക്കാറിനും കത്ത് നൽകിയിരുന്നു. 18 ദിവസം കഴിഞ്ഞ് നവംബർ 25ന് പോർച്ച് സ്ലാബ് തകർന്നുവീണു. നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു. ഭാഗ്യംകൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. അല്ലെങ്കിൽ പദ്ധതിയെത്തന്നെ ഇത് ബാധിക്കുമായിരുന്നു. കിഫ്ബിയുടെ വിദഗ്ധസമിതി സി.ഇ.ഒക്ക് നൽകിയ റിപ്പോർട്ടിൽ ഇൻകെലിനും കരാറുകാർക്കും വീഴ്ചയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
തൂണുകളിൽ കോൺക്രീറ്റ് മിശ്രിതം ശരിയായി ചേർത്തിരുന്നില്ലെന്ന് വ്യക്തമായി. സുരക്ഷ ക്രമീകരണങ്ങളും അപര്യാപ്തമായിരുന്നു. പോരായ്മകൾ പരിഹരിച്ചെന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് കരാർ കമ്പനിയെ തുടരാൻ അനുവദിച്ചത്. നിർമാണം ശരിയായി നടക്കുന്നെന്ന് ഉറപ്പാക്കുന്നതിൽ ഇൻകെലിനും വീഴ്ചയുണ്ടായ സാഹചര്യത്തിലാണ് കരാറിൽനിന്ന് ഒഴിവാക്കിയതെന്ന് സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.