കോഴിക്കോട്: രാഷ്ട്രീയ ജയപരാജയങ്ങളും രോഗവും ആരോഗ്യവുമെല്ലാം കൂടോത്രവും മന്ത്രവാദവും ആഭിചാരക്രിയകളുമായി ബന്ധപ്പെട്ടതാണെന്ന നിലയില്‍ ചില രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉയര്‍ത്തുന്ന വിവാദങ്ങള്‍ പ്രബുദ്ധകേരളത്തിന് ചേര്‍ന്നതല്ലെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടേറിയറ്റ്. അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം കൊണ്ടുവന്നാല്‍ ഇത്തരം വിവാദങ്ങള്‍ ഇല്ലാതാക്കാമെന്നും യോഗം അഭിപ്രായപ്പെട്ടു.
ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍സുല്ലമി ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. എന്‍.എം. അബ്ദുല്‍ ജലീല്‍, എം. അഹമ്മദ്കുട്ടി മദനി, അഡ്വ. പി. മുഹമ്മദ് ഹനീഫ, പ്രഫ. കെ.പി. സകരിയ, എം.കെ. മൂസ സുല്ലമി, ഡോ. ജാബിര്‍ അമാനി, എന്‍ജി. സൈതലവി തുടങ്ങിയവർ സംസാരിച്ചു.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍റെ സുധാകരന്‍റെ കണ്ണൂർ നടാലിലെ വസതിയിൽനിന്ന് കൂടോത്ര വസ്തുക്കൾ കണ്ടെത്തുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് ഇതുസംബന്ധിച്ച വിവാദം ആരംഭിച്ചത്. സുധാകരനും രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും മന്ത്രവാദിയും ചേർന്ന് ‘കൂടോത്രം’ കണ്ടെത്തുന്നതായിരുന്നു ദൃശ്യങ്ങളിൽ. ഒന്നര വർഷം മുമ്പ് പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് പിന്നീട് വ്യക്തമായി. കോൺഗ്രസിലെ ഗ്രൂപ് പോരിൽ സുധാകരനെ ഒതുക്കുന്നതിനാണ് ‘കൂടോത്രം’ നടത്തിയതെന്ന് ആരോപണമുയർന്നു.
പിന്നാലെ പാർട്ടിക്കുള്ളിൽ നിന്നുതന്നെ പ്രതികരണങ്ങളും വന്നു. കൂടോത്രത്തിനുപോയാല്‍ ഗുണം മന്ത്രവാദിക്കുമാത്രമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. ണിയെടുക്കാതെ കൂടോത്രം ചെയ്താൽ പാർട്ടിയുണ്ടാകില്ലെന്നും കൂടോത്രം ചെയ്യുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി വിമർശിച്ചു.
ഇതിനിടെ, കൂടോത്രം ചെയ്തത് പ്രമുഖ കോൺഗ്രസ് നേതാവ് തന്നെയാണെന്ന നിർണായ വെളിപ്പെടുത്തലുമായി കെ സുധാകരന്‍റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം വിപിൻ മോഹൻ രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.