തിരുനാവായ: മാമാങ്ക ചരിത്രത്തിലെ സൗഹൃദത്തിന്റെയും പെരുമയുടെയും അടയാളമായ കപ്പൽകലഹം നടന്ന കൊടക്കൽ ബന്തർ കടവിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ചവിട്ടുപടികൾ കണ്ടെത്തി. 30 വർഷത്തിലധികമായി മാമാങ്ക മഹോത്സവം നടത്തുന്ന, പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയായ റി എക്കൗയുടെ 33ാം വാർഷിക ദിനമായ ഒക്ടോബർ 10ന് ബന്തർകടവിൽ നടത്തുന്ന പ്രവർത്തക കൂട്ടായ്മക്ക് സ്ഥലം നിർണയിക്കാൻ എത്തിയ ഭാരവാഹികളാണ് പൊന്തക്കാടുകൾ നീക്കുന്നതിനിടെ ചരിത്ര പടവുകൾ കണ്ടെത്തിയത്.
വിവരം പുരാവസ്തു ഡെപ്യൂട്ടി ഡയറക്ടറെയും തിരുനാവായ വില്ലേജ് ഓഫിസറെയും അറിയിച്ചിട്ടുണ്ട്. റി എക്കൗ അഡ്വൈസറി ബോർഡ് അംഗവും മാമാങ്ക സ്മാരക സംരക്ഷണ വർക്കിങ് ചെയർമാനുമായ എം.കെ. സതീഷ് ബാബു, കെ.വി. ഉണ്ണിക്കുറുപ്പ്, മുളക്കൽ മുഹമ്മദാലി, പ്രാദേശിക ചരിത്ര അന്വേഷി സൽമാൻ കരിമ്പനക്കൽ, റീ എക്കൗ പ്രസിഡന്റ് സി. കിളർ, മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് അംഗം ചിറക്കൽ ഉമ്മർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
കഴിഞ്ഞ പ്രളയ കാലത്ത് ബന്തർ കടവ് ചരിത്ര ഭിത്തി തകർന്നിരുന്നെങ്കിലും അതി പുരാതനമായ ഈ പടവുകൾ ഇതുവരെ ആരും കണ്ടെത്തിയിരുന്നില്ല. പ്രകൃതി ഭംഗികൊണ്ടും ചരിത്രം കൊണ്ടും ഏറെ പ്രാധാന്യമേറിയ ബന്തർ കടവ് അതിമനോഹരമാക്കി സംരക്ഷിക്കണമെന്നും സഞ്ചാരികൾക്കായി തുറന്ന് കൊടുക്കണമെന്നും റി എക്കൗയും മാമാങ്ക സ്മാരക സംരക്ഷണ സമിതിയും ആ വശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.