കൊച്ചി: എ.കെ. ശശീന്ദ്രന് പകരം ആര് മന്ത്രിയാകണമെന്നത് എൻ.സി.പിയാണ് തീരുമാനിക്കേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാജിവെച്ചയാൾക്ക് പകരം ആരെ നിർദേശിക്കണമെന്നത് ആ പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. അതിൽ സി.പി.എം ഇടപെടില്ല. പകരം മന്ത്രിയെ നിയോഗിക്കുന്നതിനെപ്പറ്റി എൻ.സി.പിയുമായി ചർച്ച ചെയ്ത് ഇടതുമുന്നണി ഉചിതമായ തീരുമാനമെടുക്കുമെന്ന് കോടിയേരി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇ.പി. ജയരാജൻ വീണ്ടും മന്ത്രിസഭയിലെത്തുമോ എന്ന ചോദ്യത്തിന്, അദ്ദേഹത്തിെനതിരായ ആരോപണം കോടതിയുടെ പരിഗണനയിലാെണന്നും മന്ത്രിയാക്കണോ എന്ന കാര്യം കോടതിവിധി വന്നശേഷം ആലോചിക്കുമെന്നുമായിരുന്നു മറുപടി. രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിച്ചാണ് ശശീന്ദ്രൻ രാജിവെച്ചത്. യു.ഡി.എഫ് ഭരണകാലത്ത് മന്ത്രി മന്ദിരത്തിൽവെച്ച് ബലാത്സംഗത്തിന് ഇരയായതായും ഒരു എം.എൽ.എ ഹോട്ടൽ മുറിയിൽവെച്ച് മാനഭംഗപ്പെടുത്തിയതായും സ്ത്രീകൾതന്നെ പരാതിപ്പെട്ടിട്ടും യു.ഡി.എഫ് നടപടി സ്വീകരിച്ചിട്ടില്ല. എസ്.എസ്.എൽ.സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ വിവാദം സർക്കാർ അന്വേഷിക്കുന്നുണ്ട്. വീഴ്ച വരുത്തിയവർെക്കതിരെ നടപടിയുണ്ടാകും.
മൂന്നാറിൽ അനധികൃത കൈയേറ്റം ഒഴിപ്പിക്കണമെന്നുതന്നെയാണ് പാർട്ടി നിലപാട്. ഇക്കാര്യത്തിൽ സി.പി.െഎയുമായി തർക്കമൊന്നുമില്ല. പക്ഷേ, കൈയേറ്റവും കുടിയേറ്റവും വേർതിരിച്ച് കാണണം. 1977ന് മുമ്പ് കുടിയേറിയവരെ കൈയേറ്റക്കാരായി കാണാനാവില്ല. അത് പട്ടയഭൂമിയാണ് എന്നാണ് പാർട്ടി നയം. ദേവികുളം സബ് കലക്ടറെ മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ല. കൈയേറ്റ ഭൂമിയിൽപാർട്ടി ഗ്രാമം സ്ഥാപിച്ചുവെന്നത് മാധ്യമ പ്രചാരണം മാത്രമാണ്. സംസ്ഥാനത്ത് എവിടെയും പാർട്ടി ഗ്രാമമില്ല.
സർക്കാറിെൻറ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി ഒാരോ മന്ത്രിയും വകുപ്പ് ഭരണത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അതിനായി തലസ്ഥാനത്ത് കൂടുതൽ സമയം ചെലവഴിക്കണം. ഭരണനേട്ടം ജനങ്ങളിൽ എത്തിക്കുന്നതിന് പാർട്ടി അണികളെ രംഗത്തിറക്കാൻ നാല് മേഖലാതല പ്രവർത്തക യോഗങ്ങൾ നടത്തും. ഏപ്രിൽ 22, 24, 29, 30 തീയതികളിലാണ് യോഗം. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഇൗ യോഗങ്ങളിൽ സംബന്ധിക്കുമെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.