കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ വയനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ അംഗവും കൽപ്പറ്റ ഫാത്തിമ മാതാ ഹോസ്പിറ്റലിലെ പീഡിയാട്രീഷ്യനുമായ സിസ്റ്റർ ബെറ്റി ജോസ് ഹൈകോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകി. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച വിവരം മറച്ചുവെച്ച് പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് പോക്സോ ആക്ട്, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവപ്രകാരം കേളകം പൊലീസ് രജിസ്റ്റർചെയ്ത േകസിൽ ജാമ്യം തേടിയാണ് 70കാരിയായ ഹരജിക്കാരി കോടതിയെ സമീപിച്ചിരിക്കുന്നത്.
30 വർഷത്തിലേറെയായി പീഡിയാട്രീഷ്യനായി ഇതേ ആശുപത്രിയിൽ ജോലി ചെയ്യുകയാണ് ഹരജിക്കാരി. വൈത്തിരി ഹോളി ഇന്‍ഫൻറ് മേരീസ് ഗേള്‍സ് ഹോം ആൻഡ് അഡോപ്ഷന്‍ സെൻററിൽനിന്ന് ഫോൺ വന്നതനുസരിച്ച് നിയമനടപടികൾ പൂർത്തിയാക്കി നവജാത ശിശുവിനെ കൈമാറുക മാത്രമാണ് ചെയ്തതെന്ന് ഹരജിയിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് കുഞ്ഞിന് ജന്മം നൽകിയതെന്ന് അറിയില്ലായിരുന്നു. അനാവശ്യമായാണ് കേസിൽ ഉൾപ്പെടുത്തിയത്. വയനാട് സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹരജി പിൻവലിച്ചാണ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നതെന്നും ഹരജിയിൽ പറയുന്നു. ഗേള്‍സ് ഹോം സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയയുടെയും വയനാട് മുൻ ശിശുക്ഷേമ സമിതി ചെയർമാൻ ഫാ. തോമസ് തേരകത്തിെൻറയും ഹരജികൾക്കൊപ്പം ഇതും ചൊവ്വാഴ്ച കോടതിയുടെ പരിഗണനക്കെത്തും.
ഫാ. റോബിെൻറ റിമാന്‍ഡ് നീട്ടി
കൊട്ടിയൂര്‍ പീഡനക്കേസിലെ മുഖ്യപ്രതി ഫാ. റോബിെൻറ റിമാൻഡ് കാലാവധി അഡീഷനല്‍ ജില്ല സെഷന്‍സ് (ഒന്ന്) കോടതി മാർച്ച് 27വരെ നീട്ടി. മാര്‍ച്ച് 10ന് നാലുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട പ്രതിയെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം ഇന്നലെ 12.30ഒാടെ കോടതിയിൽ ഹാജരാക്കി.
ഇതിനിടെ, ആറാംപ്രതി മാനന്തവാടി നല്ലൂര്‍നാട് ക്രിസ്തുദാസി കോൺവെൻറിലെ നെല്ലിയാനിയില്‍ ലിസ്മരിയ, ഏഴാംപ്രതി ഇരിട്ടി ക്രിസ്തുദാസി കോൺവെൻറിലെ സിസ്റ്റര്‍ അനീറ്റ ജോര്‍ജ് എന്നിവര്‍ അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി പിൻവലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.