വിജയിച്ച ഏതൊരു പുരുഷന് പിറകിലും ഒരു സ്ത്രീയുണ്ടെന്ന് പറയാറില്ലേ. അതേപോലെ പ്രശസ്തിയിലേക്ക് വികസിച്ച ഏത് നഗരത്തിനുപിന്നിലും അതിനെ ഊട്ടിവളർത്തിയ ഗ്രാമസ്ഥലികൾ സുനിശ്ചിതമാണ്. ആ മാനദണ്ഡപ്രകാരം കോഴിക്കോടിനെ കോഴിക്കോടാക്കി വളർത്തിയ പ്രധാന പ്രാന്തപ്രദേശം മലപ്പുറം ജില്ലയാണെന്ന് കാണാം. വിശേഷിച്ച്, കോഴിക്കോട് അണിഞ്ഞുനിൽക്കുന്ന സാഹിത്യനഗരപ്പട്ടം ആർജിക്കാനുള്ള ആശയ, ദർശന, മനുഷ്യവിഭവങ്ങൾ നിരന്തരം പ്രദാനം ചെയ്തത് മലപ്പുറത്തിന്റെ സ്ഥലികളാണ്.
ഇത് നൽകാൻ മലപ്പുറത്തെ പ്രാപ്തമാക്കിയത് നാടിന്റെ സാഹിതീയതയാണ്. അപരപരിഗണനയാണല്ലോ സാഹിത്യത്തിന്റെ മൂലധനം. അടുത്തുനിൽക്കുന്ന അനുജനിലേക്ക് മാത്രമല്ല, മറ്റ് ജാതിക്കാരിലേക്കും മതക്കാരിലേക്കും പരിഗണനയുടെ മൃദുല സ്പർശങ്ങൾ മലപ്പുറം ജില്ല എന്നും നീട്ടിയിരുന്നു. ഭാഷാപിതാവായ തുഞ്ചത്താചാര്യനെ വേദപഠനത്തിനായി തമിഴ്നാട്ടിലെത്തിക്കാൻ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തത് ജലാലുദ്ദീൻ മൂപ്പനെന്ന മുസൽമാനാണ്. പഠനം കഴിഞ്ഞ് തിരിച്ചെത്തിയ ആചാര്യൻ തുഞ്ചൻ പറമ്പിലെ തന്റെ കളരിയിൽ കീഴ്ജാതിക്കാരുടെയും മുസ്ലിംകളുടെയും കുട്ടികളെ അക്ഷരപഠനത്തിനായി ചേർത്തു. അതിനാൽ രാജകോപത്തിന് പാത്രമായി നാടുവിടേണ്ടിയും വന്നു. പുറംനാട്ടിൽ നിന്ന് സമ്പാദിച്ച പണം കച്ചവടക്കാരിലൂടെ അദ്ദേഹം ജലാലുദ്ദീൻ മൂപ്പനിലെത്തിച്ചു. ദേശാടനം കഴിഞ്ഞ് തിരിച്ചെത്തിയ എഴുത്തച്ഛന്, അന്നേക്ക് ഇഹലോകവാസം വെടിഞ്ഞിരുന്ന മൂപ്പന്റെ മകൻ സ്വരുക്കൂട്ടിവെച്ചിരുന്ന പണം ലാഭസഹിതം തിരിച്ചുകൊടുത്തു. അങ്ങനെ ആചാര്യന് ചിറ്റൂരിൽ ആശ്രമത്തിനും മറ്റുമുള്ള സ്ഥലം വാങ്ങാൻ സാധിച്ചു.
യമനിൽ വേരുകളുള്ള സൈനുദ്ദീൻ മഖ്ദൂമുമാർക്ക് സാമ്രാജ്യത്വവിരുദ്ധ കവിതയും ചരിത്രവും എഴുതാനുള്ള ത്രാണിയുണ്ടാക്കിയതും മലപ്പുറം ജില്ലയിലെ പൊന്നാനി മണ്ണാണ്. സൈനുദ്ദീൻ മഖ്ദൂം ഒന്നാമനാണ് കൊച്ചിയിൽനിന്ന് കുഞ്ഞാലി മരയ്ക്കാരെ കൂട്ടിക്കൊണ്ടുവന്ന് സാമൂതിരിയുടെ സേനാനായകനാക്കി മാറ്റിയത്. ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യത്വവിരുദ്ധ സാഹിത്യം സൈനുദ്ദീൻ മഖ്ദൂമുമാരുടെതായിരുന്നു. സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ സാമൂതിരിയുടെ അറബ് നാട്ടിലെ അംബാസഡറെപ്പോലെയാണ് പ്രവർത്തിച്ചിരുന്നത്. ഈ ആത്മമബന്ധം കൊണ്ടായിരിക്കാം മഖ്ദൂം ആസ്ഥാനമായ പൊന്നാനി സാമൂതിരി തന്റെ രണ്ടാം തലസ്ഥാനമാക്കിയത്. രണ്ടാം തലസ്ഥാനക്കാർക്ക് ഒന്നാം തലസ്ഥാനത്തോടുള്ള മോഹാവേശം അപാരമായിരിക്കുമല്ലോ. അങ്ങനെയാണ് പൊന്നാനിയിലെയും മറ്റ് മലപ്പുറം ജില്ല ഭാഗങ്ങളിലെയും ധാരാളം എഴുത്തുകാർ തങ്ങളുടെ സർഗാത്മകമായ സിദ്ധികളുമായി കോഴിക്കോട്ടേക്ക് കുടിയേറിയതും അവിടം തട്ടകമാക്കി പ്രവർത്തിച്ചതും. ആ പ്രവർത്തനങ്ങളുടെ ഫലശ്രുതിയാണ് ഇന്ന് കോഴിക്കോടിന് ലഭിച്ചിരിക്കുന്ന സാഹിത്യനഗരിയെന്ന പദവി.
ഉറൂബ്, അക്കിത്തം, എം.ടി. വാസുദേവൻ നായർ, എൻ. പി. മുഹമ്മദ്, കെ.ടി. മൂഹമ്മദ്, എം.ജി.എസ്. നാരായണൻ, പി.എം. നാരായണൻ തുടങ്ങിയ എഴുത്തുകാർ സാമൂതിരിയുടെ രണ്ടാം തലസ്ഥാനത്തുനിന്ന് ഒന്നാം തലസ്ഥാനത്തേക്ക് പ്രയാണം നടത്തിയ എഴുത്തുകാരാണ്. ആ പരമ്പരയിലെ ഒരു കണ്ണിയാണ് ഞാനും. മലപ്പുറം ജില്ലയിൽ നിന്നെത്തിയ എഴുത്തുകാരാണ് കൊഴിക്കോട്ടെ സാഹിത്യസംരംഭങ്ങൾക്ക് നിർണായകമായ നേതൃത്വം നൽകിയതെന്ന് പറയാം. കോലായ പോലുള്ള സാഹിത്യക്കൂട്ടായ്മയുടെ പ്രയോക്താക്കൾ അവർ തന്നെയായിരുന്നു.
ഒരു സ്ത്രീ സ്വന്തം ശരീരത്തിൽ നിന്ന് വിളയിച്ചെടുത്ത സന്തതികളുടെ സമ്പത്തുകൊണ്ട് തന്റെ പ്രിയതമന്റെ യശസ്സ് ലോകത്തിനു മുന്നിൽ ഉയർത്തുന്നില്ലേ. ആ ഒരു സായൂജ്യമാണ് കോഴിക്കോടിന് സാഹിത്യനഗര പദവി ലഭിച്ചപ്പോൾ തീർച്ചയായും മലപ്പുറം ജില്ല അനുഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.