തൊടുപുഴ: മുഖ്യമന്ത്രിയുടെ പരിപാടിയിൽ ക്ഷണിക്കാതെ എത്തിയ കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തുനീക്കി. കേരള പര്യടന പരിപാടിയുടെ ഭാഗമായി തൊടുപുഴ മാടപറമ്പിൽ റിസോർട്ടിൽ പ്രമുഖരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയിൽ അനുമതിയില്ലാതെ എത്തിയതിനാണ് കെ.പി.സി.സി അംഗം സി.പി. മാത്യുവിനെ അറസ്റ്റ് ചെയ്തത്. ക്ഷണിക്കപ്പെട്ട പ്രതിനിധികൾക്ക് മാത്രമായിരുന്നു പ്രവേശനം.
തിങ്കളാഴ്ച രാവിലെ 11.15നാണ് സംഭവം. ജില്ലയിലെ ക്ഷണിക്കപ്പെട്ട സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ രംഗത്തുള്ളവർക്കും മതമേലധ്യക്ഷന്മാർക്കും മാത്രമായിരുന്നു പ്രവേശനം. പരിപാടി നടക്കുന്ന ഹാളിൽ കയറിയ സി.പി. മാത്യുവിനെ പൊലീസ് പുറത്തേക്ക് വിളിച്ച് ക്ഷണമില്ലാത്തവർക്ക് പങ്കെടുക്കാനാകില്ലെന്നും വേദിക്ക് പുറത്തുപോകണമെന്നും നിർദേശിച്ചു.
അതിനിടെ, സ്ഥലത്തുണ്ടായിരുന്ന സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം വി.വി. മത്തായിയോട് തനിക്ക് ഇടുക്കിയിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കണമെന്ന് സി.പി. മാത്യു ആവശ്യപ്പെട്ടു.
സംസാരിക്കാൻ അവസരമൊരുക്കാമെന്നുപറഞ്ഞ് മത്തായി ഹാളിലേക്ക് പോയതിനിടെ മാധ്യമങ്ങളോട് സംസാരിച്ച മാത്യു പീരുമേട് തോട്ടം മേഖലയിലെയും പെട്ടിമുടി ദുരന്തത്തിലകപ്പെട്ടവരുടെയും പ്രശ്നങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കാനാണ് എത്തിയതെന്ന് വിശദീകരിച്ചു.
പിന്നീട്, സർക്കാറിനെതിരെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ചതോടെ പൊലീസ് ബലപ്രയോഗത്തിൽ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കേസെടുത്തശേഷം പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സുരക്ഷ മുൻകരുതലിെൻറ ഭാഗമായാണ് സി.പി. മാത്യുവിനെ അറസ്റ്റ് ചെയ്തതെന്ന് തൊടുപുഴ ഡിവൈ.എസ്.പി.കെ. സദൻ പറഞ്ഞു.
തൊടുപുഴ: ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് പരിപാടിയിൽ പ്രവേശനമെന്ന് അറിഞ്ഞിരുന്നെങ്കിൽ വരില്ലായിരുെന്നന്ന് സി.പി. മാത്യു പറഞ്ഞു. ഇടുക്കിയിലെ ജനകീയപ്രശ്നങ്ങൾ മുഖ്യമന്ത്രി മുമ്പാകെ ഉന്നയിക്കാനാണ് എത്തിയത്. മുഖ്യമന്ത്രിയോട് സംസാരിക്കാൻ അനുവാദം വാങ്ങിത്തരാമെന്ന് സി.പി.എം നേതാവ് വി.വി. മത്തായി പറഞ്ഞിരുന്നു. എന്നാൽ, തൊടുപുഴ സി.ഐ ഒരു പ്രകോപനവുമില്ലാതെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുെന്നന്നും അദ്ദേഹം പറഞ്ഞു.
തൊടുപുഴ: വാർത്ത സൃഷ്ടിക്കാനുള്ള ശ്രമം മാത്രമാണ് സി.പി. മാത്യു നടത്തിയതെന്ന് മന്ത്രി എം.എം. മണി. പങ്കെടുക്കാൻ താൽപര്യമുണ്ടെങ്കിൽ നേരേത്ത അറിയിക്കണമായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ ആവശ്യം പരിഗണിക്കുമായിരുെന്നന്നും മണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.