കോൺ​ഗ്രസ്​ എ ഗ്രൂപ് നടത്തുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിക്കെതിരെ കെ.പി.സി.സി.

മലപ്പുറം: ആര്യാടൻ ഫൗണ്ടേഷന്‍റെ പേരിൽ കോൺ​ഗ്രസ്​ എ ഗ്രൂപ് വിഭാഗം വെള്ളിയാഴ്ച മലപ്പുറത്ത്​ നടത്തുമെന്ന്​ പ്രഖ്യാപിച്ച ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടത്തരുതെന്ന കർശന നിർദേശവുമായി കെ.പി.സി.സി. നേതൃത്വത്തിന്‍റെ വിലക്ക് ലംഘിച്ച്​ പരിപാടി നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന്​ മുന്നറിയിപ്പ്​ നൽകി പരിപാടിക്ക്​ നേതൃത്വം നൽകുന്ന ആര്യാടൻ ഷൗക്കത്തിന്​ കെ.പി.സി.സി കത്തയച്ചു.

ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ ഒപ്പിട്ട കത്തിൽ പാർട്ടിക്കുള്ളിൽ​ വിഭാഗീയ പ്രവർത്തനങ്ങൾ ഒരുതരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്ന്​ വ്യക്തമാക്കുന്നുണ്ട്​. ആര്യാടൻ ഷൗക്കത്ത്​ ഉൾപ്പെടെയുള്ള ജില്ലയിലെ കോൺഗ്രസ് നേതാക്കന്മാരെയും പ്രവർത്തകരെയും അണിനിരത്തി മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റി കഴിഞ്ഞദിവസം ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തിയിരുന്നു. ഇതിന്​ പിന്നാലെതന്നെ പാർട്ടിക്കുള്ളിൽ വിഭാഗീയത സൃഷ്ടിക്കാൻ ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം എന്ന രീതിയിൽ സമാന്തര പരിപാടിക്കായി തയാറെടുപ്പ് നടത്തുന്നതായി പരാതി ലഭിച്ചിരുന്നു. ഇതിനുശേഷം കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംസാരിച്ച് അത്തരം വിഭാഗീയ പ്രവർത്തനം നടത്തുന്നതിൽനിന്ന് ആര്യാടൻ ഷൗക്കത്തിനെ വിലക്കിയിരുന്നതാണെന്നും കത്തിൽ പറയുന്നു.

ആര്യാടൻ മുഹമ്മദിന്‍റെ പേരിലുള്ള സംഘടനയുടെ ബാനറിൽ മുമ്പ്​ പാർട്ടി നിർദേശം ലംഘിച്ച് വിഭാഗീയ പ്രവർത്തനം സംഘടിപ്പിച്ചപ്പോൾ കെ.പി.സി.സി ശക്തമായ താക്കീത് നൽകിയിരുന്നതാണ്. ആര്യാടൻ മുഹമ്മദിന്‍റെ പേരിൽ നിരന്തരം വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നത് അംഗീകരിക്കാനാവുന്നതല്ല. ഫലസ്തീൻ ഐക്യദാർഢ്യത്തെ വിഭാഗീയ പ്രവർത്തനത്തിനുള്ള മറയായി ദുരുപയോഗം ചെയ്യുന്നത് അങ്ങേയറ്റം ഖേദകരമാണെന്നതിനാൽ സമാന്തര പരിപാടിയിൽനിന്ന് പിന്തിരിയണമെന്നും കത്തിൽ ആവശ്യപ്പെട്ടു​.

Tags:    
News Summary - KPCC opposes Palestinian solidarity rally by Congress A group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.