കൊച്ചി: കെ.എസ്.ഇ.ബി ഓഫിസർമാരുടെ സമരം മൂലം വൈദ്യുതി വിതരണം തടസ്സപ്പെട്ടാൽ കേരള അവശ്യസേവന പരിപാലന നിയമപ്രകാരം (കെസ്മ) വിലക്ക് പ്രഖ്യാപിക്കണമെന്ന് ഹൈകോടതി. കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷന്റെ റിലേ സത്യഗ്രഹ സമരത്തിന്റെ ഭാഗമായി ജീവനക്കാർ ജോലി ചെയ്യാൻ വിസമ്മതിക്കുന്ന സാഹചര്യമുണ്ടായാൽ സമരം വിലക്കി കെസ്മ ഉത്തരവ് സർക്കാർ പുറപ്പെടുവിക്കണമെന്നാണ് ജസ്റ്റിസ് സി.എസ്. ഡയസ്, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
ഈ മാസം 11 മുതൽ അസോസിയേഷൻ നടത്തുന്ന സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വയനാട് വൈത്തിരി സ്വദേശി അരുൺ ജോസ്, സമരം തുടരുമെന്ന പ്രഖ്യാപനം നടത്തിയ സംഘടന നേതാവ് എം.ജി. സുരേഷ് കുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി കെ.വി. ജയചന്ദ്രൻ നായർ തുടങ്ങിയവർ നൽകിയ ഹരജികളിലാണ് ഇടക്കാല ഉത്തരവ്.
വൈദ്യുതി വിതരണം അവശ്യസർവിസാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സമരത്തെത്തുടർന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടാൽ സാധാരണ ജീവിതത്തെ ബാധിക്കും. സർക്കാർ ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് ബാലഗോപാൽ കേസിൽ ഹൈകോടതി മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.- കോടതി പറഞ്ഞു.
തിരുവനന്തപുരം: ആവശ്യമെങ്കിൽ സമരം നേരിടാൻ േകരള അവശ്യ സേവന നിയമം (കെസ്മ) പ്രയോഗിക്കാമെന്ന ഹൈകോടതി ഉത്തരവിന്റെ വെളിച്ചത്തിൽ കെ.എസ്.ഇ.ബി. നടപടി കർക്കശമാക്കും. വൈദ്യുതി മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഒരാഴ്ചക്കകം പ്രശ്ന പരിഹാരമുണ്ടാകുമെന്നാണ് ധാരണയായത്. ഒരാഴ്ച സമയ പരിധി 27ന് പൂർത്തിയാകുമെങ്കിലും നടപടികളൊന്നുമുണ്ടായിട്ടില്ല. തുടർസമരത്തിലേക്ക് നീങ്ങുമെന്ന നിലപാടാണ് ഓഫിസേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്.
വീണ്ടും സമര കാഹളം മുഴങ്ങവെയാണ് ആവശ്യമെങ്കിൽ എസ്മ പ്രയോഗിക്കാൻ കോടതി അനുമതി നൽകിയത്. എന്തുകൊണ്ടാണ് സമരം ചെയ്യുന്നത് എന്ന് വിശദീകരിച്ച് ലഘുലേഖ ബുധനാഴ്ച പുറത്തിറക്കാൻ ഓഫിസർമാർ തീരുമാനിച്ചിട്ടുണ്ട്. മേയ് മൂന്നു മുതൽ രണ്ടു മേഖല ജാഥകൾ നടത്താനും എല്ലാ ജില്ലകളും സന്ദർശിച്ച് വിശദീകരണം നടത്താനും തീരുമാനമുണ്ട്. ഇത് തലസ്ഥാനത്താണ് സമാപിക്കുക. തുടർന്ന് മേയ് 16 മുതൽ ചട്ടപ്പടി ജോലിയിലേക്ക് പോകും. വൈദ്യുതി ബോർഡിലെ റഫറണ്ടം പൂർത്തിയായാലേ ജീവനക്കാരിൽനിന്നും ഓഫിസർമാർക്ക് എന്തെങ്കിലും സഹായ നിലപാട് ഉണ്ടാകൂ.
മൂന്നു നേതാക്കളുടെ സ്ഥലം മാറ്റമാണ് കീറാമുട്ടിയായി നിൽക്കുന്നത്. അസോസിയേഷൻ പ്രസിഡന്റ് സുരേഷ്കുമാറിനെ പെരിന്തൽമണ്ണയിലേക്കും സെക്രട്ടറി ബി. ഹരികുമാറിനെ പാലക്കാട്ടേക്കും സ്ഥലം മാറ്റി. ഇവർ ഇനിയും ജോലിയിൽ പ്രവേശിച്ചിട്ടില്ല. ഇവരുടെ സസ്പെൻഷൻ നേരത്തേ പിൻവലിച്ചിരുന്നു. സ്ഥലംമാറ്റം റദ്ദാക്കി പഴയ തസ്തികയിൽതന്നെ നിലനിർത്തണമെന്നാണ് സംഘടനയുടെ ആവശ്യം. അതിന് ബോർഡ് വഴങ്ങിയിട്ടില്ല. നടപടി എടുക്കുന്നവരെ ആറു മാസത്തേക്ക് പഴയ തസ്തികയിൽ നിയമിക്കാനാവില്ലെന്നാണ് ബോർഡ് ചൂണ്ടിക്കാട്ടുന്നത്. ബോർഡ് മുറിയിലേക്ക് തള്ളിക്കയറിയ 19 പേർക്കെതിരായ നോട്ടീസും തയാറായിട്ടുണ്ട്.
ഏപ്രിൽ 30നകം വിശദീകരണം നൽകണമെന്ന നിർദേശത്തോടെയാണിത്. എന്നാൽ, ഇത് ഇനിയും നൽകി കഴിഞ്ഞിട്ടില്ല. പ്രശ്ന പരിഹാരം നീളുന്ന സാഹചര്യത്തിൽ വീണ്ടും സമരത്തിലേക്ക് പോകാനാണ് അസോസിയേഷൻ ഉദ്ദേശിക്കുന്നത്. അതിനിടെയാണ് കെസ്മ പ്രയോഗിക്കാമെന്ന ഉത്തരവ് മാനേജ്മെന്റിന് കൂടുതൽ ബലം പകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.