തിരുവനന്തപുരം: പ്രവാസികൾക്കും വ്യാപാരി വ്യവസായികൾക്കും കൂടുതൽ ആശ്വാസമേകുന്ന അതിജീവന പദ്ധതികൾ കെ.എസ്.എഫ്.ഇ നടപ്പാക്കും. കോവിഡ് സമാശ്വാസത്തിെൻറ ഭാഗമായി പ്രഖ്യാപിച്ച ജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി നിക്ഷേപകർക്കും വായ്പക്കാർക്കും പ്രയോജനകരമായ വിവിധ പദ്ധതികൾകൂടി ഏറ്റെടുക്കുകയാണെന്ന് മന്ത്രി ടി.എം. തോമസ് ഐസക് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്രവാസി സൗഹൃദ പാക്കേജിൽ പ്രവാസി സൗഹൃദം സ്വർണപ്പണയ വായ്പ പദ്ധതിയിൽ മൂന്നു ശതമാനം പലിശക്ക് പണം ലഭ്യമാക്കും. ഫെബ്രുവരി 15 നുശേഷം കേരളത്തിൽ തിരിച്ചെത്തിയ പ്രവാസി മലയാളികൾക്ക് നാലുമാസം കാലാവധിയിൽ ഒരുലക്ഷം രൂപവരെ വായ്പകിട്ടും. കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയില്‍ അംഗങ്ങൾക്ക് ഒന്നരലക്ഷം വരെ ലഭിക്കും.
പ്രവാസി മിത്രം സ്വർണപ്പണയ വായ്പ പദ്ധതിയിൽ നോർക്ക തിരിച്ചറിയൽ കാർഡുള്ള, മാർച്ച് ഒന്നിനുശേഷം ജോലി നഷ്ടപ്പെട്ട് ഇതര സംസ്ഥാനങ്ങളിൽനിന്ന് നാട്ടിലെത്തിയ ജോലി ചെയ്തിരുന്ന മലയാളികൾക്കും നിവാസി സൗഹൃദ പാക്കേജിൽ നിലവിൽ സംസ്ഥാനത്തുള്ളവർക്കും 10,000 രൂപവരെയുള്ള സ്വർണപ്പണയ വായ്പ 8.5 ശതമാനം പലിശ നിരക്കിൽ ലഭ്യമാക്കും. പ്രവാസി ചിട്ടിയിൽ അംഗമായ പ്രവാസികളുടെ ബന്ധുക്കൾക്ക് 2,50,000 രൂപവരെ നൽകും.
വ്യാപാര സമൃദ്ധി വായ്പ പദ്ധതിയിൽ ഒരുലക്ഷം രൂപവരെ ചെറുകിട വ്യാപാരികള്‍ക്കും കച്ചവടക്കാര്‍ക്കും നൽകും. 24 മാസമാണ് കാലാവധി. ജനമിത്രം സ്വർണപ്പണയ വായ്പാ പദ്ധതിയിൽ 12 തുല്യമാസ തവണകളായി തിരിച്ചടയ്ക്കാവുന്നവിധത്തിൽ വ്യക്തിക്ക് 5.7 ശതമാനം പലിശയിൽ 10 ലക്ഷം രൂപവരെ വായ്പ ലഭിക്കും. ചിട്ടി പദ്ധതിയിൽ ഫിക്സഡ് ഡിവിഡൻറ് ചിട്ടി, ഗ്രൂപ് ഫിനാൻസ് എന്നിവയും ഏർപ്പെടുത്തും. സുവർണജൂബിലി പദ്ധതിയുടെ കാലാവധി ജൂൺ 30 വരെ നീട്ടി. ഓൺലൈൻവഴി എല്ലാ ചിട്ടിപ്പണവും അടയ്ക്കാനാകുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.എഫ്.ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ്, എം.ഡി പി.വി. സുബ്രമണ്യൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.