തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സി സർവിസുകൾ നിർത്തുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. എന്നാൽ, മറ്റ് യാത്രാ സംവിധാനങ്ങളില്ലാത്ത സ്ഥലങ്ങളിൽ സർവിസ് നിലനിർത്തും. ഇക്കാര്യത്തിൽ ജനപ്രതിനിധികൾ പരിഭവിക്കരുത്. സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസ മേഖല, ഉൾപ്രദേശങ്ങൾ, ദലിത് കോളനികൾ, എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലെ സർവിസുകൾ നഷ്ടമാണെങ്കിലും തുടരും. മുൻമന്ത്രി ആൻറണി രാജുവുമായി ഒരുവിധ തർക്കവുമില്ല. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വാസ്തവവിരുദ്ധമാണ്. കെ.എസ്.ആര്.ടി.സിയുടെ ചെലവ് കുറക്കുന്നതിനും വരുമാന ചോര്ച്ചയുണ്ടാകാതിരിക്കുന്നതിനുമുള്ള നടപടികളാണ് മനസ്സിലുള്ളത് -മന്ത്രി പറഞ്ഞു.
വരുമാനം വർധിപ്പിച്ചതുകൊണ്ടു മാത്രം കാര്യമില്ല. അതിനൊപ്പം ചെലവും വർധിച്ചാൽ കുഴപ്പമാകും. അശാസ്ത്രീയ സമയക്രമമാണ് ബസ് സർവിസുകൾ നഷ്ടത്തിലാകാൻ കാരണമെങ്കിൽ അത് പരിശോധിക്കും. കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിന് ഇന്ത്യയിലില്ലാത്ത പുതിയ പരിഷ്കാരം തയാറാക്കുകയാണ്. ഒരാഴ്ചക്കുള്ളിൽ മുഖ്യമന്ത്രിയെ കാണും. മുഖ്യമന്ത്രി അനുവാദം നൽകിയാൽ പരിഷ്കാരം നടപ്പാക്കും.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ മൂലയൂട്ടുന്ന അമ്മമാർക്ക് പ്രത്യേക സൗകര്യമൊരുക്കും. വലിയ കമ്പനികളുടെ സി.എസ്.ആർ ഫണ്ട് സ്വീകരിക്കാൻ കെ.എസ്.ആർ.ടി.സിക്ക് ആദായ നികുതി വകുപ്പിന്റെ അനുവാദം ആവശ്യമുണ്ട്. അതിനായി അപേക്ഷ നൽകാൻ കെ.എസ്.ആർ.ടി.സി എം.ഡിക്ക് നിർദേശം നൽകി. യൂനിയനുകളുമായി സൗഹൃദത്തിൽ പോകും. ശമ്പളം, പെൻഷൻ എന്നിവയാണ് തൊഴിലാളികളുടെ ആവശ്യം. ഇക്കാര്യങ്ങളിൽ സുതാര്യ ചർച്ചയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.