തിരുവനന്തപുരം: ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്ക് തുടങ്ങി. വെള്ളി, ശനി ദിവസങ്ങളിൽ തുടരുന്ന പണിമുടക്ക് അർധരാത്രിയോടെയാണ് ആരംഭിച്ചത്. വെള്ളിയാഴ്ച കെ.എസ്.ആർ.ടി.ഇ.എ(സി.െഎ.ടി.യു)യും എ.െഎ.ടി.യു.സിയും ബി.എം.എസും 24 മണിക്കൂറും ടി.ഡി.എഫ് 48 മണിക്കൂറുമാണ് പണിമുടക്കുക.
ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്‍റണി രാജുവും ഭരണ-പ്രതിക്ഷ തൊഴിലാളി സംഘടനകളും നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് നേരത്തെ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചത്. ഇതോടെ ദീർഘദൂര സർവീസുകളടക്കം പലതിനെയും ബാധിച്ചു.
പണിമുടക്കിനെ നേരിടാൻ നടപടികളുമായി കെ.എസ്.ആർ.ടി.സി മാനേജ്മെന്റും രംഗത്തെത്തി. വെള്ളി, ശനി ദിവസങ്ങളിൽ ഡയസ്നോൺ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി.
137 ശതമാനം ക്ഷാമബത്ത ലയിപ്പിച്ച് 23,700 രൂപയിൽ തുടങ്ങുന്ന മാസ്റ്റർ സ്കെയിൽ പ്രഖ്യാപിക്കണമെന്നാണ് യൂനിയനുകളുടെ ആവശ്യം. 112 ശതമാനം ക്ഷാമബത്ത ലയിപ്പിച്ച് 20,000 രൂപയിൽ തുടങ്ങുന്ന സ്കെയിലിലാണ് മാനേജ്മെൻറ് മുന്നോട്ടുവെച്ചത്. ചർച്ച ധാരണയിലെത്താത്ത സാഹചര്യത്തിൽ ധനമന്ത്രിയുമായും മുഖ്യമന്ത്രിയുമായും കൂടിയാലോചിക്കാൻ സാവകാശം വേണമെന്ന ആവശ്യം ഗതാഗതമന്ത്രി മുന്നോട്ടുവെച്ചു.
എന്നാൽ 2016ൽ കലാവധി കഴിഞ്ഞ ശമ്പള പരിഷ്കരണത്തിന്‍റെ കാര്യത്തിൽ ഇനിയും സാവകാശം അനുവദിക്കാനാവില്ലെന്ന നിലപാടാണ് യൂനിയനുകൾ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.