തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളി സംഘടനയായ ടി.ഡി.എഫ് ഒക്ടോബർ ഒന്ന് മുതൽ പ്രഖ്യാപിച്ച സമരത്തെ ശക്തമായി നേരിടുമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ്.
പണിമുടക്കിൽ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്റ്റംബറിലെ ശമ്പളം നൽകില്ലെന്ന് മുന്നറിയിപ്പ് നൽകി. സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ൈഡസ്നോൺ ബാധകമാക്കും.
ജനങ്ങൾക്ക് ഏതെങ്കിലും രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുകയോ സർവിസിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയോ ജീവനക്കാരുടെ ജോലിക്ക് തടസ്സമാകുന്ന തരത്തിൽ സമരമുറയുമായി മുന്നോട്ടുപോവുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കാൻ യൂനിറ്റ് ഓഫിസർമാർക്ക് നിർദേശം നൽകി. ക്രിമിനൽ കേസ് ഉൾപ്പെടെ നടപടി സ്വീകരിക്കും.
പുതിയ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് ബുദ്ധിമുട്ടുണ്ടെങ്കിൽ പരിശോധിച്ച് ആറ് മാസത്തിനകം മാറ്റം വരുത്താമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഉറപ്പുനൽകിയതാണ്. എല്ലാം സമ്മതിച്ച് പുറത്തിറങ്ങിയശേഷം സമരം പ്രഖ്യാപിച്ച് നോട്ടീസ് നൽകിയത് സ്ഥാപനത്തോടും യാത്രക്കാരോടുമുള്ള വെല്ലുവിളിയായാണ് മാനേജ്മെന്റ് കാണുന്നത്.
പുതിയ ഡ്യൂട്ടി സമ്പ്രദായത്തിലുള്ള ഷെഡ്യൂളുകൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ഒക്ടോബർ ഒന്ന് മുതൽ തന്നെ നടപ്പാക്കും.
ജീവനക്കാരുടെ ആയാസം കുറക്കുന്ന ഈ സമ്പ്രദായത്തെ ബഹുഭൂരിപക്ഷം പേരും പിന്തുണക്കുമ്പോൾ ന്യൂനപക്ഷം കാണിക്കുന്ന പഴയ സമരമുറ നഷ്ടത്തിലോടുന്ന സ്ഥാപനത്തിന് ഇനിയും താങ്ങാൻ കഴിയില്ലെന്നും മാനേജ്മെന്റ് വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.