തിരുവനന്തപുരം: ഒരു മാസമായി താൽക്കാലിക വൈസ്ചാൻസലർ പോലുമില്ലാതെ എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയും (കെ.ടി.യു), കേരള ഡിജിറ്റൽ സർവകലാശാലയും (ഡി.യു.കെ) അസാധാരണ പ്രതിസന്ധിയിൽ. രണ്ട് സർവകലാശാലകളിലേക്കും താൽക്കാലിക വി.സി നിയമനത്തിനായി സർക്കാർ പാനൽ സമർപ്പിച്ചിരുന്നു. ഗവർണർ ഇതുസംബന്ധിച്ച് ഹൈകോടതിയിൽ നിന്ന് വ്യക്തത തേടാൻ തീരുമാനിച്ചതോടെയാണ് നിയമനം വൈകുന്നത്.
ഡി.യു.കെ വി.സിയും കെ.ടി.യു വി.സിയുടെ അധിക ചുമതല വഹിക്കുകയും ചെയ്തിരുന്ന ഡോ. സജി ഗോപിനാഥിന്റെ കാലാവധി ഒക്ടോബർ 24ന് അവസാനിച്ചതോടെയാണ് രണ്ട് സർവകലാശാലകളിലും വി.സിയില്ലാതായത്. കെ.ടി.യുവിൽ താൽക്കാലിക വി.സി നിയമനത്തിനായി ഡോ. സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.പി.ആർ. ഷാലിജ്, കോതമംഗലം എം.എ കോളജ് ഓഫ് എൻജിനീയറിങ്ങിലെ പ്രഫ. വിനോദ്കുമാർ ജേക്കബ് എന്നിവരുടെ പേരുകളടങ്ങിയ പാനൽ സർക്കാർ ഗവർണർക്ക് നൽകിയിരുന്നു. ഡി.യു.കെ വി.സി സ്ഥാനത്തേക്ക് കെ.ടി.യു വി.സി സ്ഥാനത്തുനിന്ന് സുപ്രീംകോടതി വിധിയിലൂടെ പുറത്തായ ഡോ.എം.എസ്. രാജശ്രീ ഉൾപ്പെടെയുള്ള പേരും സർക്കാർ നൽകി. എന്നാൽ, വി.സി നിയമനത്തിൽ ബാഹ്യ ഇടപെടൽ പാടില്ലെന്ന കണ്ണൂർ വി.സി പുനർനിയമനം റദ്ദാക്കിയുള്ള സുപ്രീംകോടതി വിധി ആയുധമാക്കി സർക്കാർ നൽകിയ പാനൽ ഗവർണർ അംഗീകരിച്ചില്ല. എന്നാൽ, താൽക്കാലിക വി.സി നിയമനം സർക്കാറുമായി കൂടിയാലോചിച്ചുനടത്തണമെന്ന് നേരത്തെ കെ.ടി.യുവിൽ ഡോ.സിസ തോമസിനെ വി.സിയായി നിയമിച്ചതിനെ ചോദ്യം ചെയ്തുള്ള കേസിൽ ഹൈകോടതി നിർദേശിച്ചത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ പാനൽ സമർപ്പിച്ചത്.
ഇതുസംബന്ധിച്ച് രാജ്ഭവൻ സർക്കാറിൽ നിന്ന് അഭിപ്രായം തേടിയെങ്കിലും പാനലിൽ നിന്ന് നിയമനം നടത്തണമെന്ന് സർക്കാർ നിലപാട് ആവർത്തിക്കുകയായിരുന്നു. ഇതോടെയാണ് സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി താൽക്കാലിക വി.സി നിയമനത്തിൽ ഗവർണർ ഹൈകോടതിയിൽ നിന്ന് വ്യക്തത തേടാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഹരജി ഫയൽ ചെയ്തെങ്കിലും കോടതിയുടെ തീർപ്പുവന്നിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.