കെ.ടി.യു, ഡി.യു.കെ: വി.സിയില്ലാതെ ഒരു മാസം; വാഴ്സിറ്റികളിൽ അസാധാരണ പ്രതിസന്ധി
text_fieldsതിരുവനന്തപുരം: ഒരു മാസമായി താൽക്കാലിക വൈസ്ചാൻസലർ പോലുമില്ലാതെ എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയും (കെ.ടി.യു), കേരള ഡിജിറ്റൽ സർവകലാശാലയും (ഡി.യു.കെ) അസാധാരണ പ്രതിസന്ധിയിൽ. രണ്ട് സർവകലാശാലകളിലേക്കും താൽക്കാലിക വി.സി നിയമനത്തിനായി സർക്കാർ പാനൽ സമർപ്പിച്ചിരുന്നു. ഗവർണർ ഇതുസംബന്ധിച്ച് ഹൈകോടതിയിൽ നിന്ന് വ്യക്തത തേടാൻ തീരുമാനിച്ചതോടെയാണ് നിയമനം വൈകുന്നത്.
ഡി.യു.കെ വി.സിയും കെ.ടി.യു വി.സിയുടെ അധിക ചുമതല വഹിക്കുകയും ചെയ്തിരുന്ന ഡോ. സജി ഗോപിനാഥിന്റെ കാലാവധി ഒക്ടോബർ 24ന് അവസാനിച്ചതോടെയാണ് രണ്ട് സർവകലാശാലകളിലും വി.സിയില്ലാതായത്. കെ.ടി.യുവിൽ താൽക്കാലിക വി.സി നിയമനത്തിനായി ഡോ. സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.പി.ആർ. ഷാലിജ്, കോതമംഗലം എം.എ കോളജ് ഓഫ് എൻജിനീയറിങ്ങിലെ പ്രഫ. വിനോദ്കുമാർ ജേക്കബ് എന്നിവരുടെ പേരുകളടങ്ങിയ പാനൽ സർക്കാർ ഗവർണർക്ക് നൽകിയിരുന്നു. ഡി.യു.കെ വി.സി സ്ഥാനത്തേക്ക് കെ.ടി.യു വി.സി സ്ഥാനത്തുനിന്ന് സുപ്രീംകോടതി വിധിയിലൂടെ പുറത്തായ ഡോ.എം.എസ്. രാജശ്രീ ഉൾപ്പെടെയുള്ള പേരും സർക്കാർ നൽകി. എന്നാൽ, വി.സി നിയമനത്തിൽ ബാഹ്യ ഇടപെടൽ പാടില്ലെന്ന കണ്ണൂർ വി.സി പുനർനിയമനം റദ്ദാക്കിയുള്ള സുപ്രീംകോടതി വിധി ആയുധമാക്കി സർക്കാർ നൽകിയ പാനൽ ഗവർണർ അംഗീകരിച്ചില്ല. എന്നാൽ, താൽക്കാലിക വി.സി നിയമനം സർക്കാറുമായി കൂടിയാലോചിച്ചുനടത്തണമെന്ന് നേരത്തെ കെ.ടി.യുവിൽ ഡോ.സിസ തോമസിനെ വി.സിയായി നിയമിച്ചതിനെ ചോദ്യം ചെയ്തുള്ള കേസിൽ ഹൈകോടതി നിർദേശിച്ചത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ പാനൽ സമർപ്പിച്ചത്.
ഇതുസംബന്ധിച്ച് രാജ്ഭവൻ സർക്കാറിൽ നിന്ന് അഭിപ്രായം തേടിയെങ്കിലും പാനലിൽ നിന്ന് നിയമനം നടത്തണമെന്ന് സർക്കാർ നിലപാട് ആവർത്തിക്കുകയായിരുന്നു. ഇതോടെയാണ് സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി താൽക്കാലിക വി.സി നിയമനത്തിൽ ഗവർണർ ഹൈകോടതിയിൽ നിന്ന് വ്യക്തത തേടാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഹരജി ഫയൽ ചെയ്തെങ്കിലും കോടതിയുടെ തീർപ്പുവന്നിട്ടുമില്ല.
സർട്ടിഫിക്കറ്റ് കാത്ത് നാലായിരം പേർ
വൈസ്ചാൻസലർ ഇല്ലാതായതോടെ ഒരു മാസത്തിനിടെ, നാലായിരത്തോളം ബിരുദ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകളാണ് കെ.ടി.യുവിൽ കെട്ടിക്കിടക്കുന്നത്. ഒട്ടേറെ വിദ്യാർഥികളാണ് ജോലി, ഉപരിപഠനം ഉൾപ്പെടെ അടിയന്തര ആവശ്യങ്ങൾക്ക് സമർപ്പിക്കാൻ ബിരുദ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടുള്ളത്. സർട്ടിഫിക്കറ്റിൽ ഒപ്പിടേണ്ടത് വി.സിയാണ്. ഒക്ടോബർ 24ന് ശേഷം വന്ന അപേക്ഷകളിലൊന്നിലും തീർപ്പുകൽപിക്കാൻ സർവകലാശാലക്കായിട്ടില്ല. സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ, ഇതിന് പകരം പരീക്ഷ കൺട്രോളർ നൽകുന്ന കത്താണ് ഒട്ടേറെ പേർ ജോലിക്കും ഉപരിപഠനത്തിനുമായി താൽക്കാലികമായി നൽകിയത്. നിശ്ചിത സമയത്തിനകം ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയിലാണ് പല കമ്പനികളും സർവകലാശാലകളും പരീക്ഷ കൺട്രോളറുടെ കത്ത് പരിഗണിച്ചത്. ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകുന്നത് ഇവരുടെ തൊഴിൽ, ഉപരിപഠന സാധ്യതകൾക്ക് ഭീഷണിയായി തുടരുകയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.