തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാൻ പിണറായിക്ക് ഭയം- കുമ്മനം

തിരുവനന്തപുരം: പിണറായി വിജയൻ രാജി ആവശ്യപ്പെടില്ലന്ന ഉറപ്പുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ രാജി വെക്കാമെന്ന് തോമസ് ചാണ്ടി പറയുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. അതുകൊണ്ടാണ് സ്വന്തം പാർട്ടിക്കാരനായ ഇ.പി ജയരാജന് പോലും നൽകാത്ത ആനുകൂല്യം തോമസ് ചാണ്ടിക്ക് മുഖ്യമന്ത്രി കൊടുക്കുന്നത്. ഇരുവരും തമ്മിൽ രാഷ്ട്രീയത്തിനതീതമായി ബന്ധവും ഇടപാടും ഉണ്ട്. വിവാദം മൂർച്ഛിച്ച് നിൽക്കുന്ന കാലത്തും പിണറായിയും കുടുംബവും തോമസ് ചാണ്ടിയുടെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്. തോമസ് ചാണ്ടി നിയമം ലംഘിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന അവകാശ ലംഘനമാണ്. അന്വേഷണം നടത്തുന്നതിന് മുൻപ് മുഖ്യമന്ത്രി തോമസ് ചാണ്ടിക്ക് ക്ലീൻചീട്ട്‌ നൽകിയത് എന്തടിസ്ഥാനത്തിൽ ആണെന്ന് വ്യക്തമാക്കണം. അഴിമതി വച്ചു പൊറുപ്പിക്കില്ല എന്ന പിണറായിയുടെ നിലപാട് വെറും തട്ടിപ്പാണെന്നും കുമ്മനം ആരോപിച്ചു.

കയ്യടികിട്ടാൻ നടത്തുന്ന പ്രസ്താവന എന്നതിലുപരി ഇതിന് വലിയ ഗൗരവം ഇല്ലെന്ന് ഇതിനോടകം എല്ലാവർക്കും മനസ്സിലായിട്ടുണ്ട്. പിണറായിയുടെ ഇഷ്ടക്കാർക്ക് ഒരു നീതി, മറ്റുള്ളവർക്ക് വേറൊരു നീതി എന്നതാണ് ഇപ്പോൾ കേരളത്തിലെ അവസ്ഥ. ഇരട്ട ചങ്കല്ല ഇരട്ട നീതിയാണ് പിണറായി വിജയനുള്ളത്. തെളിവുകൾ ഒന്നൊന്നായി പുറത്തു വന്നിട്ടും തോമസ് ചാണ്ടി രാജി വെക്കാത്തത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. നിയമം ലംഘിക്കാനല്ല നിയമം നിർമ്മിക്കാനും സംരക്ഷിക്കാനുമാണ് ജനം തെരഞ്ഞെടുത്തിരിക്കുന്നതെന്ന് തോമസ്‌ചാണ്ടി മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലന്ന മന്ത്രി തോമസ് ചാണ്ടിയുടെ പ്രസ്താവനയെ പറ്റി റവന്യുമന്ത്രി അഭിപ്രായം പറയണം. ബന്ധപ്പെട്ട ഫയലുകൾ കാണാതാവുകയും, കൈയ്യേറ്റമുണ്ടന്ന് ജില്ലാകളക്ടർ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ വസ്തുത എന്തെന്ന് വെളിപ്പെടുത്തേണ്ട ചുമതല റവന്യൂ മന്ത്രിക്കുണ്ട്. തോമസ് ചാണ്ടി കൈവശം വെച്ചിരിക്കുന്ന ഭൂമി മാത്തൂർ ദേവസ്വത്തിന്റേതാണന്ന് ഹൈക്കോടതി വ്യക്തമാക്കുകയും,തോമസ് ചാണ്ടിയുടെ കൈവശ രേഖകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയേറെ നിയമലംഘനം നടത്തിയിട്ടും താൻ നിരപരാധി ആണന്ന് മന്ത്രി ആവർത്തിച്ചു പറയുന്നത് അധികാരത്തിൽ എങ്ങനേയും കടിച്ചു തൂങ്ങി കിടക്കുന്നതിനു വേണ്ടിയാണെന്നും കുമ്മനം വ്യക്തമാക്കി.


 

Tags:    
News Summary - kummanam rajasekharan say pinarayi support thomas chandy -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.