കുഞ്ഞാലിക്കുട്ടി യു.എ.ഇയെ കള്ളക്കടത്ത്‌ രാജ്യമായി പ്രഖ്യാപിക്കുകയാണ് -കോടിയേരി

തിരുവനന്തപുരം: കോണ്‍സുലേറ്റിലേക്ക്‌ യു.എ.ഇ സര്‍ക്കാര്‍ അയച്ച ഖുർആനിലും ഈന്തപ്പഴത്തിലും സ്വര്‍ണ്ണം കടത്തിയെന്ന്‌ ആരോപിക്കുന്ന മുസ്​ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ആ രാജ്യത്തെ കള്ളക്കടത്ത്‌ രാജ്യമായി പ്രഖ്യാപിക്കുകയാണ്‌ ചെയ്യുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പറഞ്ഞ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെങ്കില്‍ ഇത്‌ സംബന്ധിച്ച തെളിവുകള്‍ അടിയന്തിരമായി എന്‍.ഐ.എക്ക്‌ കൈമാറണം. അല്ലെങ്കില്‍ ഇത്രയും നിരുത്തരവാദിത്വപരമായ പ്രസ്‌താവനക്ക് കുഞ്ഞാലിക്കുട്ടി മാപ്പ്‌ പറയണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ഖുർആനും ഈന്തപ്പഴവും നേരായ വഴിക്കല്ല യു.എ.ഇ കേരളത്തിലേക്ക്‌ കൊണ്ടുവന്നതെന്ന്‌ ആവര്‍ത്തിച്ച കുഞ്ഞാലിക്കുട്ടി ലക്ഷക്കണക്കിന്‌ മലയാളികളുടെ ജീവിതം കൊണ്ട് പന്താടുകയാണ്‌. ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലിചെയ്യുന്ന രാജ്യമാണ്‌ യു.എ.ഇ. ആ രാജ്യം അവരുടെ കോണ്‍സുലേറ്റിലേക്ക്‌ അയച്ചതാണ്‌ ഖുർആനും ഈന്തപ്പഴവും. ഇത്‌ കേന്ദ്ര സര്‍ക്കാറിന്‍റെ കസ്റ്റംസ്‌ ക്ലിയറന്‍സ്‌ ചെയ്‌തതുമാണ്‌. അങ്ങനെയിരിക്കെ ഖുർആന്‍റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്നും ഈന്തപ്പഴത്തില്‍ കുരുവിന്‌ പകരം സ്വര്‍ണ്ണമാണെന്നും ധ്വനിപ്പിക്കുന്ന രീതിയിൽ കുഞ്ഞാലിക്കുട്ടി ആരോപണം ഉന്നയിക്കുകയാണ്.

രണ്ട്‌ രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ തകര്‍ക്കുന്ന പ്രസ്‌താവന നടത്തിയ പാര്‍ലിമെന്‍റ് അംഗം കൂടിയായ കുഞ്ഞാലിക്കുട്ടിക്ക്‌ എതിരെ കേസ്‌ എടുക്കുകയും വേണം.

കേരളത്തോടുള്ള പ്രത്യേക താല്‍പര്യത്തിന്‍റെ ഭാഗമായാണ്‌ തിരുവനന്തപുരത്ത്‌ യു.എ.ഇ കോണ്‍സുലേറ്റ്‌ ആരംഭിക്കുന്നത്‌. നയതന്ത്ര ബാഗേജ്‌ വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ തെറ്റ്‌ ചെയ്‌തിട്ടുണ്ടെങ്കില്‍ അന്വേഷിച്ച്‌ വസ്‌തുതകള്‍ പുറത്തുകൊണ്ടുവരേണ്ടതാണ്‌. എന്നാല്‍ അതൊന്നും ചെയ്യാതെ യു.എ.ഇ എന്ന രാജ്യത്തെതന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം പ്രവാസി മലയാളികളെ കൊലക്ക്‌ കൊടുക്കുന്നതിന്‌ തുല്യമാണ്‌.

ബി.ജെ.പിക്കുവേണ്ടി ഏതറ്റംവരേയും പോകാന്‍ മടിയില്ലാത്ത കുഞ്ഞാലിക്കുട്ടി, അപകടകരമായ നീക്കങ്ങളാണ്‌ നടത്തുന്നത്‌. സാമുദായിക സംഘടനകളുള്‍പ്പെടെ എതിര്‍ത്തിട്ടും ഖുറാന്‍ വിരുദ്ധത കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ചത്‌ ബി.ജെ.പി വിധേയത്വത്തിന്‍റെ ആഴം തുറന്നുകാണിക്കുന്നു. ലീഗ്‌-കോണ്‍ഗ്രസ്സ്‌ -ബി.ജെ.പി കൂട്ടുകെട്ടിന്‍റെ ദേശവിരുദ്ധ ശ്രമങ്ങളെ ഒറ്റപ്പെടുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. 


Latest Video:

: Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.