സംസ്കാരശൂന്യമായ വാചക കസർത്ത് അവസാനിപ്പിച്ച് ഉത്തരവാദിത്തമുള്ള കേന്ദ്ര മന്ത്രിയാകൂ; സുരേഷ് ഗോപി കോമാളിത്തം നിർത്തണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ

'സംസ്കാരശൂന്യമായ വാചക കസർത്ത് അവസാനിപ്പിച്ച് ഉത്തരവാദിത്തമുള്ള കേന്ദ്ര മന്ത്രിയാകൂ'; സുരേഷ് ഗോപി കോമാളിത്തം നിർത്തണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ

തിരുവനന്തപുരം: ജബൽപൂരിൽ മലയാളി ക്രൈസ്തവ വൈദികരെ വി.എച്ച്.പി ആക്രമിച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നടപടിയിൽ പ്രതിഷേധവുമായി കേരള പത്രപ്രവർത്തക യൂനിയൻ.

മാധ്യമങ്ങളെ പുച്ഛിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും തുടരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി അപഹാസ്യമായ പെരുമാറ്റം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെയും മൂല്യങ്ങളെയും കുറിച്ച് ഇനിയെങ്കിലും പഠിക്കേണ്ടതുണ്ടെന്നും യൂനിയൻ പ്രസിഡന്റ് കെ.പി റെജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും വാർത്ത കുറിപ്പിൽ പറഞ്ഞു.

സിനിമയിലെ ആക്ഷൻ ഹീറോ പരിവേഷത്തിന്റെ കെട്ട് വിടാതെ ജനപ്രതിനിധിയായ സുരേഷ് ഗോപി രാഷ്ട്രീയ കോമാളിയായി അതിവേഗം വേഷപ്പകർച്ച നടത്തുകയാണ്. സംസ്കാരശൂന്യമായ വാചക കസർത്ത് അവസാനിപ്പിച്ച് ഉത്തരവാദിത്തമുള്ള കേന്ദ്ര മന്ത്രിയെന്ന നിലയിൽ പ്രവർത്തിക്കാനും സംസാരിക്കാനും ഇനിയെങ്കിലും സുരേഷ് ഗോപി തയാറാകണമെന്നും പത്രപ്രവർത്തക യൂനിയൻ പറഞ്ഞു.

വാർത്ത കുറിപ്പിന്റെ പൂർണ രൂപം

'മാധ്യമങ്ങളെ പുച്ഛിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും തുടരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി അപഹാസ്യമായ പെരുമാറ്റം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. ജനങ്ങളെ പ്രജകളായി കാണുന്ന കേന്ദ്രമന്ത്രി ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെയും മൂല്യങ്ങളെയും കുറിച്ച് ഇനിയെങ്കിലും പഠിക്കേണ്ടതുണ്ട്. ജനാധിപത്യം എന്തെന്ന് അറിയുന്ന ഒരു രാഷ്ട്രീയ നേതാവും മാധ്യമങ്ങളെ ഇങ്ങനെ അവഹേളിച്ചു സംസാരിക്കാൻ മുതിരില്ല. ഇനിയും തരം താഴരുതെന്ന് മാത്രമേ അദ്ദേഹത്തോട് പറയാനുള്ളൂ.

സിനിമയിലെ ആക്ഷൻ ഹീറോ പരിവേഷത്തിന്റെ കെട്ട് വിടാതെ ജനപ്രതിനിധിയായ സുരേഷ് ഗോപി രാഷ്ട്രീയ കോമാളിയായി അതിവേഗം വേഷപ്പകർച്ച നടത്തുകയാണ്. മാധ്യമങ്ങളെ പുചിക്കൽ, മാധ്യമപ്രവർത്തകർക്കു നേരെ ഭീഷണി സ്വരത്തിൽ ആക്രോശിക്കൽ, അവരെ വിരട്ടാൻ ശ്രമിക്കൽ, തനിക്കിഷ്ടമല്ലാത്ത മാധ്യമ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവരെ പേരെടുത്ത് പറഞ്ഞ് കളിയാക്കൽ അങ്ങനെ ശീലിച്ചു പോന്ന കോമാളിത്തങ്ങൾ ഇനിയെങ്കിലും അവസാനിപ്പിച്ച് മാന്യമായി പെരുമാറാൻ അദ്ദേഹം തയാറാകണം.

കേന്ദ്രമന്ത്രിയായിട്ടും പക്വതയാർജിക്കാനൊ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാനോ കഴിയാത്തത് അദ്ദേഹത്തിന്റെ പൊതുബോധമില്ലായ്മയാണ് വ്യക്തമാക്കുന്നത്. നിങ്ങളാരാ ആരോടാണ് ചോദിക്കുന്നത് ബീ കെയർഫുൾ. സൗകര്യമില്ല പറയാൻ.. ഇങ്ങനെ യായിരുന്നു ഇന്ന് മന്ത്രിയുടെ കലി തുള്ളൽ, സംയമനത്തോടെ പലതവണ ഇത്തരം ചെയ്തികൾക്കെതിരെ കേരളത്തിലെ ജനാധിപത്യ സമൂഹം മുന്നറിയിപ്പ് നൽകുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തെങ്കിലും അതൊന്നും മാനിക്കാൻ സുരേഷ് ഗോപി തയാറല്ല എന്നാണ് ഇന്ന് എറണാകുളത്തെ പ്രകടനം വ്യക്തമാക്കുന്നത്.

കൈരളി ടി വി നേരെ സുരേഷ് ഗോപി നടത്തിയ പരാമർശങ്ങൾ അത്യന്തം പ്രതിഷേധാർഹമാണ്. ജനങ്ങളാണ് എല്ലാറ്റിനും മുകളിലെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി ആ ജനങ്ങളുടെ കണ്ണും കാതുമായ മാധ്യമങ്ങളെ അവഹേളിക്കുന്നത് ജനത്തോടുള്ള വെല്ലുവിളി തന്നെയാണ്.

ഇത്തരം സംസ്കാരശൂന്യമായ വാചക കസർത്ത് അവസാനിപ്പിച്ച് ഉത്തരവാദിത്തമുള്ള കേന്ദ്ര മന്ത്രിയെന്ന നിലയിൽ പ്രവർത്തിക്കാനും സംസാരിക്കാനും ഇനിയെങ്കിലും സുരേഷ് ഗോപി തയാറാകണം. മാധ്യമ ഉടമ കൂടിയായ ബി ജെ പി യുടെ പുതിയ സംസ്ഥാന അധ്യക്ഷൻ മന്ത്രിയെ ഇക്കാര്യത്തിൽ തിരുത്താൻ തയ്യാറാകണം.'

Tags:    
News Summary - KUWJ against Suresh Gopi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.