തെരഞ്ഞെടുപ്പിൽനിന്ന് മാറിനിൽക്കാമെന്ന് ആറുമാസം മുമ്പ് പാർട്ടിയെ അറിയിച്ചു- കെ.വി. തോമസ്

കൊച്ചി: സംസ്ഥാനത്തെ കോൺഗ്രസിൽ ഗ്രൂപ് അതിപ്രസരം ശക്തമാണെന്ന് കെ.വി. തോമസ് എം.പി. ഇത് പാർട്ടിക്ക് ഗുണകരമാകില്ലെ ന്നും ഗ്രൂപ്പുകൾക്ക് അതീതമായി പ്രവർത്തിക്കുന്നത് തെരഞ്ഞെടുപ്പിൽ നേട്ടങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനപരമായി ഐ ഗ്രൂപ്പുകാരനാണെങ്കിലും എല്ലാ നേതാക്കളുമായി അടുപ്പമുണ്ട്. പുതിയ തലമുറക്ക് വഴിമാറിയതിൽ സന്തോഷമുണ്ട്. എന്നാൽ, രാഷ്​ട്രീയത്തിൽനിന്ന് വിരമിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നില്ലെന്നും കെ.വി. തോമസ് പറഞ്ഞു. എറണാകുളം പ്രസ് ക്ലബിൽ തെരഞ്ഞെടുപ്പി​െൻറ ഭാഗമായി സംഘടിപ്പിച്ച ‘വോട്ടും വാക്കും’ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പിൽനിന്ന് മാറിനിൽക്കാം എന്ന് ആറുമാസം മുമ്പ് പാർട്ടിയെ അറിയിച്ചിരുന്നു. എട്ട് സിറ്റിങ് എം.പിമാർക്ക് സീറ്റ്‌ നൽകിയിട്ടും ഒഴിവാക്കിയത് മനോവേദനയുണ്ടാക്കി. രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ട്​ തെരഞ്ഞെടുപ്പിൽനിന്ന് മാറാൻ സന്നദ്ധത അറിയിച്ചിട്ടും മുന്നറിയിപ്പില്ലാതെ ഒഴിവാക്കിയതും വേദനയുണ്ടാക്കി. എന്നാൽ, സോണിയ ഗാന്ധി വിഷയത്തിൽ ഇടപെട്ടതോടെ കാര്യങ്ങൾ നല്ല രീതിയിൽ അവസാനിച്ചു. രാഹുൽ ഗാന്ധിയുമായി അഭിപ്രായ വ്യത്യാസമില്ല. അത്തരം വാർത്തകൾ തെറ്റാണെന്നും കെ.വി. തോമസ് പറഞ്ഞു.

പ്രധാനമന്ത്രിയെ പുകഴ്ത്തി സംസാരിച്ചു എന്ന ആരോപണം തീർത്തും അടിസ്ഥാനരഹിതമാണ്. ഞാൻ പറഞ്ഞതിനെ വളച്ചൊടിക്കുകയാണ് ചെയ്തത്. എല്ലാ പാർട്ടിയിലെയും നേതാക്കളുമായും സ്നേഹബന്ധങ്ങൾ ഉണ്ട്. ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളിലൂടെ കടന്നുപോകുകയാണ്. ഈ സാഹചര്യത്തിൽ ഏറെ പ്രാധാന്യമുള്ള തെര​െഞ്ഞടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും കെ.വി. തോമസ് പറഞ്ഞു.

Tags:    
News Summary - kv thomas- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.