KV thomas 6522

കെ.വി. തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കെ.വി. തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ അറിയിച്ചു. ഏറെക്കാലമായി കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞുനിന്ന തോമസ് തൃക്കാക്കരയിൽ ഇന്ന് നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് കാട്ടി അദ്ദേഹത്തെ പുറത്താക്കിയത്. പുറത്താക്കൽ നടപടിയെ കുറിച്ച് നാളെ പ്രതികരിക്കുമെന്ന് കെ.വി. തോമസ് പറഞ്ഞു. 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി. തോമസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് നേതൃത്വത്തിന് തന്നെ പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. 

കെ.വി. തോമസ് പാർട്ടിയിലും കോൺഗ്രസ് മനസ്സിലുമില്ലെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞത്. കോൺഗ്രസ് മനസ്സിൽ തോമസ് ഇല്ലാത്തതിനാൽ പുറത്താക്കലിന് ഇപ്പോൾ പ്രാധാന്യമില്ലെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു. ഇന്ന് എൽ.ഡി.എഫുമായി വേദി പങ്കിട്ടതോടെയാണ് പുറത്താക്കാനുള്ള തീരുമാനം കെ.പി.സി.സി കൈക്കൊണ്ടത്. 

നേരത്തെ, സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കെ.വി. തോമസ് സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞിരുന്നു. കെ.പി.സി.സിയുടെ വിലക്ക് മറികടന്നുകൊണ്ട് അദ്ദേഹം സെമിനാറിൽ പങ്കെടുക്കുകയും ചെയ്തു. 

ഇന്ന് എൽ.ഡി.എഫ് കൺവെൻഷനിൽ പങ്കെടുത്ത കെ.വി. തോമസിനെ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ചുവന്ന ഷാളണിയിച്ചാണ് സ്വീകരിച്ചത്. 

പിണറായി കരുത്തനായ നേതാവെന്ന് കെ.വി. തോമസ്; 'ഈ തെരഞ്ഞെടുപ്പിൽ വികസനത്തിനൊപ്പം'

കൊച്ചി: പിണറായി വിജയൻ കരുത്തനായ നേതാവാണെന്ന് കോൺഗ്രസ് നേതാവ് കെ.വി. തോമസ്. ഇന്ത്യയെ നയിക്കാൻ കഴിവുള്ള മുഖ്യമന്ത്രിയാണ് പിണറായി എന്ന് സി.പി.എം പാർട്ടി കോൺഗ്രസിൽ സ്റ്റാലിൻ പറയുമ്പോൾ താൻ അല്ലെന്ന് പറയണോയെന്ന് അദ്ദേഹം ചോദിച്ചു. തൃക്കാക്കരയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ.വി. തോമസ്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമാണ് അദ്ദേഹം വേദി പങ്കിട്ടത്.

പി.ടി.യുടെ ഓർമകൾക്ക് മുന്നിൽ ഞാൻ തലകുനിക്കുന്നു. എന്നാൽ, പി.ടി പറഞ്ഞ കാര്യങ്ങൾ ഇവർ മറന്നുപോയോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അച്ഛൻ മരിച്ചാൽ മകൻ, ഭർത്താവ് മരിച്ചാൽ ഭാര്യ, ഇവരാണോ അധികാരത്തിലേക്ക് കടന്നുവരേണ്ടത് എന്നാണ് പി.ടി. ചോദിച്ചത്. ഞാൻ ഉമയെ സ്നേഹിക്കുന്ന ഒരാളാണ്. പക്ഷേ, പി.ടി പറഞ്ഞ കാര്യങ്ങൾ നാം ഓർക്കണ്ടേ. ഈ തെരഞ്ഞെടുപ്പിൽ ഞാൻ വികസനത്തിനൊപ്പമാണ്. കൊച്ചിയുടെയും തൃക്കാക്കരയുടെയും വികസനത്തിനൊപ്പം -കെ.വി. തോമസ് പറഞ്ഞു. 

Tags:    
News Summary - kv thomas ousted from congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.