കണ്ണൂർ: ഉരുൾപൊട്ടൽ ദുരന്തമേഖലയിൽ പുനരുജ്ജീവനത്തിന് പ്രത്യേക പദ്ധതിയെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. ഉരുൾപൊട്ടലുണ്ടായ കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി, കോളയാട് പഞ്ചായത്തിലെ ചെക്യേരി പ്രദേശങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകൾ എന്നിവ സന്ദർശിച്ച ശേഷം നടന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ഉരുൾപൊട്ടലിൽ രണ്ട് പ്രദേശത്തുമായി 175 കോടിയുടെ നാശം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകളെന്ന് മന്ത്രി പറഞ്ഞു. വിശദമായ കണക്കെടുപ്പ് വിവിധ വകുപ്പുകൾ നടത്തിവരുന്നു.
പ്രദേശങ്ങളുടെ പുനരുജ്ജീവനത്തിന് ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യും. ഉരുൾപൊട്ടലിൽ അഞ്ച് വീടുകൾ പൂർണമായി തകർന്നു. 75 വീടുകൾക്ക് വലിയ നാശനഷ്ടം സംഭവിച്ചു. പൂർണമായും തകർന്ന വീടുകൾക്ക് പാക്കേജ് നടപ്പാക്കും. ഭാഗികമായി തകർന്ന വീടുകൾ പുനർനിർമിക്കാൻ സഹായം നൽകും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ ഉൾപ്പെടെ കെടുതികൾക്ക് ഇരയായവർക്ക് ഭക്ഷണവും മെഡിക്കൽ സൗകര്യവും എത്തിക്കാൻ എല്ലാ ഏർപ്പാടുകളും ചെയ്തിട്ടുണ്ട്.
ഉരുൾപൊട്ടലിൽ കൂറ്റൻ പാറക്കെട്ടുകൾ പതിച്ചും മണ്ണിടിഞ്ഞും തകർന്ന നിടുംപൊയിൽ-മാനന്തവാടി റോഡിൽ ഗതാഗതം ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. 28ാം മൈലിൽ മൂന്ന് കിലോ മീറ്ററോളം റോഡാണ് തകർന്നത്. റോഡുകളുടെ അരികുകളും ഇടിഞ്ഞിട്ടുണ്ട്. പാറക്കല്ലുകൾ നീക്കുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. നിരവധി ഗ്രാമീണ, പഞ്ചായത്ത് റോഡുകൾ, പാലങ്ങൾ എന്നിവ തകർന്നിട്ടുണ്ട്. വളരെ വേഗത്തിൽ അവ പുനഃസ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കും. വൻ തോതിലാണ് കൃഷി നാശം. ഇതിന്റെ കണക്കെടുപ്പ് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി നഷ്ടപരിഹാരം നൽകും.
പുഴയോരങ്ങൾ കൈയേറുന്നത് പരിശോധിച്ച് പഞ്ചായത്തുകൾ നടപടി സ്വീകരിക്കണം. എല്ലാവരും ഒറ്റക്കെട്ടായി ഒരു മനസ്സോടെ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്ന എല്ലാവർക്കും മന്ത്രി നന്ദി അറിയിച്ചു. ഉരുൾപൊട്ടലിന് ഇടയാക്കിയ സാഹചര്യങ്ങൾ ശാസ്ത്രീയ പഠനവിധേയമാക്കണമെന്ന് കെ. സുധാകരൻ എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.