തിരുവനന്തപുരം: പ്രവർത്തനസൗകര്യവും വൈദ്യുതി ലാഭവുമടക്കം കണക്കിലെടുത്ത് സെക്രട്ടേറിയറ്റ് അടക്കം സർക്കാർ ഓഫിസുകളിൽ ഡെസ്ക്ടോപ് കമ്പ്യൂട്ടറുകൾക്ക് പകരം ഘട്ടംഘട്ടമായി ലാപ്ടോപ് ഏർപ്പെടുത്തുന്നു. ആദ്യ ഘട്ടമായി സെക്രട്ടേറിയറ്റിലെ ധനവകുപ്പിലാണ് തീരുമാനം നടപ്പാക്കുക. അസിസ്റ്റന്റ് റാങ്ക് മുതൽ മുകളിലേക്കുള്ളവർക്കെല്ലാം ലാപ്ടോപ് നൽകാൻ നടപടി തുടങ്ങി.
വൈദ്യുതി ഉപയോഗം, മെയിന്റനൻസ്, കേബിൾ ഉപയോഗം, സ്ഥലലാഭം, യു.പി.എസ് അനുബന്ധ ചെലവ് എന്നിവയിലെ കുറവാണ് ലാപ്ടോപ്പിന്റെ മെച്ചമായി സർക്കാർ കാണുന്നത്. മറ്റു സർക്കാർ ഓഫിസുകളിലും ലാപ്ടോപ് പ്രോത്സാഹിപ്പിക്കാനാണ് നിർദേശം. ഡെസ്ക്ടോപ്പുകൾ കൊണ്ട് മാത്രം കഴിയുന്ന പ്രത്യേക സ്വഭാവമുള്ള ജോലികൾക്കൊഴികെ ലാപ്ടോപ് ആക്കുകയാണ് ലക്ഷ്യം.
സെക്രട്ടേറിയറ്റിലെ ധനവകുപ്പിൽ കർശന ഉപാധികളോടെയാണ് ലാപ്ടോപ് നൽകുന്നത്. നഷ്ടപ്പെട്ടാൽ തുക ജീവനക്കാരനിൽ നിന്ന് ഈടാക്കും. യൂസർനെയിമും പാസ്വേഡും ഉപയോഗിച്ച് സുരക്ഷിതമാക്കണം. റിട്ടയർമെന്റ്, സ്ഥലം മാറ്റം, ഡെപ്യൂട്ടേഷൻ തുടങ്ങിയ കാരണങ്ങളാൽ സെക്രട്ടേറിയേറ്റ് കാമ്പസിന് പുറത്തുപോകുന്നവർ ലാപ്ടോപ് നല്ല നിലയിൽ വകുപ്പിന് കൈമാറണം. വീഴ്ചവരുത്തിയാൽ നടപടിയുണ്ടാകും. ഉപയോഗം ഓഫിസ് ആവശ്യങ്ങൾക്ക് മാത്രമാകണം. തകരാറുണ്ടെങ്കിൽ ഐ.ടി വിഭാഗത്തെ അറിയിക്കണം, മെയിന്റനൻസിന് പുറം ഏജൻസികൾക്ക് നൽകാൻ പാടില്ല. ലാപ്ടോപ് മറ്റുള്ളവർക്ക് ഉപയോഗിക്കാൻ നൽകരുത്.
സെക്രട്ടേറിയറ്റിൽ 10 വർഷം വരെ പഴക്കമുള്ള കമ്പ്യൂട്ടറുകളാണ് ഉള്ളത്. ഇവ ജോലികൾക്ക് തടസ്സമാകുന്നെന്ന് മാത്രമല്ല, പുതിയ സോഫ്റ്റ്വെയറുകൾ പ്രവർത്തിപ്പിക്കാൻ സാങ്കേതികപ്പൊരുത്തവുമില്ല. ആകെ 4000 കമ്പ്യൂട്ടറാണ് സെക്രേട്ടറിയറ്റിലുള്ളത്. ലാപ്ടോപ് നാമമാത്രവും.
വിവിധ വകുപ്പുകളിലായി 700 കമ്പ്യൂട്ടർ മാറ്റി ലാപ്ടോപ് ആക്കാൻ നടപടി തുടങ്ങി. 2.81 കോടി രൂപ ചെലവിൽ ഐ.ടി മിഷനുവേണ്ടി കെല്‍ട്രോണ്‍ ആണ് ലാപ്ടോപ് വാങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.