മഞ്ചേരി (മലപ്പുറം): നാടാകെ വിതുമ്പിയ പകലിൽ അവർ അഞ്ച് പേർക്കും കണ്ണീരിൽ കുതിർന്ന വിട. മഞ്ചേരി -അരീക്കോട് റോഡിലെ ചെട്ടിയങ്ങാടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവർ ഇനി വേദന നിറഞ്ഞ ഓർമ. ഓട്ടോ ഡ്രൈവർ മഞ്ചേരി മാലാംകുളം തടപറമ്പ് പുത്തൻപറമ്പിൽ അലവിയുടെ മകൻ പി.പി. അബ്ദുൽ മജീദ് (50), ഓട്ടോ യാത്രക്കാരായ മഞ്ചേരി പയ്യനാട് താമരശ്ശേരി കരിമ്പുള്ളകത്ത് വീട്ടിൽ ഹമീദിന്റെ ഭാര്യ മുഹ്സിന (35), സഹോദരി കരുവാരകുണ്ട് വിളയൂർ മുഹമ്മദ് റിയാസിന്റെ ഭാര്യ തസ്നീം (33), തസ്നീമിന്റെ മക്കളായ റൈഹ ഫാത്തിമ (നാല്), റിൻഷ ഫാത്തിമ (12) എന്നിവർക്കാണ് നാട് വിടയേകിയത്. വെള്ളിയാഴ്ച രാത്രി 11 ഓടെ തന്നെ മഞ്ചേരി, മലപ്പുറം സ്റ്റേഷനുകളിലെ പൊലീസുകാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയിരുന്നു. ശനിയാഴ്ച രാവിലെ ആറരയോടെ പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിച്ചു. ആദ്യം എട്ട് വയസ്സുകാരി റിൻഷ ഫാത്തിമയുടെ പോസ്റ്റ്മോർട്ടമാണ് നടന്നത്. പിന്നീട് ഓട്ടോ ഡ്രൈവർ മജീദ്, തസ്നീം, മുഹ്സിന, നാല് വയസ്സുകാരി റൈഹ ഫാത്തിമ എന്നിവരുടെതും പൂർത്തിയാക്കി 9.25 ഓടെ ബന്ധുക്കൾക്ക് വിട്ടുനൽകി.
ഡ്രൈവർ മജീദിെൻറ മൃതദേഹം വീട്ടിലെ പൊതുദർശന ശേഷം രാവിലെ പത്തോടെ മഞ്ചേരി സെൻട്രൽ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. തസ്നീം, മുഹ്സിന, റിൻഷ ഫാത്തിമ, റൈഹ ഫാത്തിമ എന്നിവരുടെ മൃതദേഹങ്ങൾ രാവിലെ 9.30 ഓടെ മഞ്ചേരി ജി.എം.എൽ.പി സ്കൂളിൽ പൊതുദർശനത്തിന് വെച്ചു.
നാടിന്റെ നാനാതുറകളിൽ നിന്ന് നൂറുകണക്കിന് പേരാണ് ഒരു നോക്ക് കാണാനായി എത്തിയത്. തുടർന്ന് 10.30 ഓടെ മുഹ്സിനയുടെ മൃതദേഹം പയ്യനാട് താമരശ്ശേരിയിലേക്കും തസ്നീം, മക്കളായ റൈഹ ഫാത്തിമ, റിൻഷ ഫാത്തിമ എന്നിവരുടെ മൃതദേഹം കാളികാവ് വെള്ളയൂരിലേക്കും കൊണ്ടുപോയി. മുഹ്സിനയുടെ മൃതദേഹം 11.30 ഓടെ താമരശ്ശേരി ജുമുഅ മസ്ജിദ് ഖബർസ്ഥാനിലും തസ്നീം, മക്കളായ റിൻഷ ഫാത്തിമ, റൈഹ ഫാത്തിമ എന്നിവരുടെ മൃതദേഹങ്ങൾ ഉച്ചക്ക് പന്ത്രണ്ടോടെ വെള്ളയൂർ ജുമ മസ്ജിദ് ഖബർസ്ഥാനിലും ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.