കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനടക്കം ചിലരെ കുടുക്കാൻ സി.ബി.െഎ ഒരുക്കിയതാണ് ലാവലിൻ കേസിലെ കുറ്റാരോപണങ്ങളെന്ന് പിണറായിക്കുവേണ്ടി ഹൈകോടതിയിൽ ഹാജരായ സുപ്രീംകോടതി സീനിയർ അഭിഭാഷകൻ ഹരീഷ് സാൽെവ. സി.ബി.ഐ നൽകിയ കുറ്റപത്രം ഭാവനാപൂർണമായ കെട്ടുകഥയാണ്. പ്രോസിക്യൂഷൻ പറയുന്നതരത്തിൽ കേസ് മുന്നോട്ടുകൊണ്ടുപോകാനാണെങ്കിൽ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരെയാണ് ഒന്നാം പ്രതി ആക്കേണ്ടിയിരുന്നതെന്നും ഹരീഷ് സാൽവെ വ്യക്തമാക്കി. ലാവലിൻ കേസിൽ സി.ബി.ഐ നൽകിയ റിവിഷൻ ഹരജിയിലാണ് ഏഴാം പ്രതിയായിരുന്ന പിണറായി വിജയനുവേണ്ടി സാൽവെ ഹാജരായത്.
കുറ്റപത്രത്തിലൊരിടത്തും പിണറായി വിജയൻ നേട്ടമുണ്ടാക്കിയതായി പറയുന്നില്ല. ടെൻഡർ നടപടി പാലിക്കാതെ ലാവലിനുമായി കരാർ ഒപ്പിെട്ടന്ന സി.ബി.ഐയുടെ കണ്ടെത്തൽ കെട്ടുകഥയാണ്. ജി. കാർത്തികേയൻ വൈദ്യുതി മന്ത്രിയായിരിക്കെയാണ് ലാവലിനുമായി യഥാർഥ കരാർ ഉണ്ടാക്കിയത്. എന്നാൽ, കാർത്തികേയെൻറ നടപടിയിൽ സി.ബി.ഐക്ക് പരാതിയില്ല. 1995 ആഗസ്റ്റ് 10ന് ധാരണപത്രവും 1996 ഫെബ്രുവരി 24ന് കരാറും ഒപ്പുവെക്കുന്ന സമയത്ത് വി. രാജഗോപാലനായിരുന്നു കെ.എസ്.ഇ.ബി ചെയർമാൻ. അദ്ദേഹത്തെയും സി.ബി.ഐ കേസിൽനിന്ന് ഒഴിവാക്കി.
പിണറായി വിജയൻ മന്ത്രിയാകുന്നതിനു മുമ്പുതന്നെ ലാവലിൻ കരാർ നിലവിലുണ്ട്. ഇൗ കരാറിന്മേൽ കനേഡിയൻ ഏജൻസിയുടെ സാമ്പത്തികസഹായം കൂടിയാണ് പിണറായി ചർച്ചകളിലൂടെ നേടിയെടുത്തത്. എന്നാൽ, ഇതുസംബന്ധിച്ച രേഖകൾ പലതും മറച്ചുവെച്ചാണ് സി.ബി.ഐ കേസ് ഉണ്ടാക്കിയത്.
ലാവലിൻ ഫയലിന് വൈദ്യുതി മന്ത്രിയെന്നനിലയിൽ പിണറായി വിജയൻ മാത്രമല്ല, മുഖ്യമന്ത്രി ഇ.കെ. നായനാർ, ധനമന്ത്രി ടി. ശിവദാസമേനോൻ, ചീഫ് സെക്രട്ടറി തുടങ്ങിയവരുടെയെല്ലാം രേഖാമൂലമുള്ള അംഗീകാരം ലഭിച്ചിരുന്നു. എന്നാൽ, ഇവരാരും പ്രതികളായില്ല. ചീഫ് സെക്രട്ടറി ഗൂഢാലോചനയുടെ ഭാഗമായി നിന്ന് എന്തെങ്കിലും മറച്ചുവെെച്ചന്ന് പരാതി ഇല്ലാത്തിടത്തോളം പിണറായി അടക്കമുള്ളവർക്കെതിരെ കേസെടുക്കാനാകില്ല. ഹരീഷ് സാൽവെയുടെ വാദം പൂർത്തിയായതോടെ സിംഗിൾ ബെഞ്ച് ഹരജി മാർച്ച് 27ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.