നിയമ വിദ്യാർഥിക്ക് മർദനം: പി.ആര്‍.ഒ സഞ്ജിത്തിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി

കൊച്ചി: ലക്കിടിയിലെ ജവഹർലാൽ കാമ്പസിലുള്ള ലോ ​കോളജ്​ വിദ്യാർഥിയെ മർദിച്ച കേസിൽ പി.ആര്‍.ഒ സഞ്ജിത്തിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി. മുൻകൂർ ജാമ്യഹരജി പരിഗണിക്കും വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈകോടതിയുടെ നിർദേശം. സഞ്ജിത്തിന്‍റെ  ജാമ്യഹരജി നാളെ കോടതി പരിഗണിച്ചേക്കും.

ഈ കേസിൽ നെഹ്റു ഗ്രൂപ്പ്​ ചെയർമാൻ പി. കൃഷ്​ണദാസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. നിയമോപദേഷ്ടാവ് സുചിത്ര, പി.​ആ​ർ.​ഒ വത്സലകുമാർ, അഡ്മിനിസ്ട്രേഷൻ മാനേജർ സുകുമാരൻ, കായികാധ്യാപകൻ ഗോവിന്ദൻ​കുട്ടി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് മരിക്കുന്ന​തിന് മൂന്ന് ദിവസം മുമ്പ്​ ജവഹര്‍ലാൽ കാമ്പസിലെ രണ്ടാം​വര്‍ഷ എൽ.​എൽ.​ബി വിദ്യാർഥി ഷഹീര്‍ ഷൗ​ക്കത്തലിയെ കൃഷ്ണദാസ് ക്രൂരമായി മര്‍ദിച്ചുവെന്നാണ്​ പരാതി. കോളജിലെ അനധികൃത പണപ്പിരിവുക​ളെക്കുറിച്ച് മുഖ്യമന്ത്രിയുടെ 'സുതാര്യ കേരളം' പരിപാടിയിലേക്കും കേന്ദ്ര ആദായ​നികുതി വകുപ്പിനും പരാതി നൽകിയതിലുള്ള വൈരാഗ്യം​ മൂലം മർദിച്ചുവെന്നാണ്​ ആരോപണം.

നേരത്തെ, എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം സംബന്ധിച്ച കേസിലും പി.ആര്‍.ഒ സഞ്ജിത്ത് പ്രതിയാണ്. വിദ്യാര്‍ഥികളെ ക്രൂര മര്‍ദനത്തിന് ഇരയാക്കുന്നുവെന്ന ആക്ഷേപമുള്ള ഇടിമുറി നെഹ്റു കോളജിലെ സഞ്ജിത്തിന്‍െറ ഓഫിസാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.പി. വിശ്വനാഥന്‍െറ മകനാണ് രണ്ടാം പ്രതിയായ സഞ്ജിത്ത്.

 

 

Tags:    
News Summary - law student shaheer shoukathali attack case pro praveen bail petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.