വീട്ടിലെ വോട്ടിൽ വീണ്ടും കള്ളവോട്ട്: കെ. കമലാക്ഷിക്ക് പകരം വി. കമലാക്ഷി വോട്ട് ചെയ്തെന്ന്; എൽ.ഡി.എഫ് പരാതി നൽകി

കണ്ണൂർ: വീട്ടിലെ വോട്ടിൽ കണ്ണൂരിൽ കള്ളവോട്ട് നടന്നുവെന്ന പരാതിയുമായി എൽ.ഡി.എഫ്. വ്യാജ വോട്ടറെ കൊണ്ട് വ്യാജ വോട്ട് ചെയ്യിപ്പിച്ചെന്നാണ് തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതിയിൽ എൽ.ഡി.എഫ് ആരോപിക്കുന്നത്.

കണ്ണൂർ എഴുപതാം നമ്പർ ബൂത്തിലാണ് പരാതിക്കിടയായ സംഭവം നടന്നത്. 86കാരിയായ കെ. കമലാക്ഷി എന്ന വോട്ടർക്ക് പകരം വി. കമലാക്ഷി വോട്ട് ചെയ്തെന്നാണ് പരാതി. കോൺഗ്രസ് അനുഭാവിയായ ബി.എൽ.ഒ ഗീത കള്ളവോട്ടിന് കൂട്ടുനിന്നുവെന്നാണ് ആക്ഷേപം.

പോളിങ് ഓഫീസറെ വി. കമലാക്ഷിയുടെ വീട്ടിൽ കൊണ്ടുപോയി ബി.എൽ.ഒ വ്യാജ വോട്ട് ചെയ്യിപ്പിച്ചെന്ന് എൽ.ഡി.എഫ് ജില്ല കൺവീനർ എൻ. ചന്ദ്രൻ നൽകിയ പരാതിയിൽ പറയുന്നു. 

അതേസമയം, കാസർകോട് ലോക്സഭ മണ്ഡലത്തിലെ കണ്ണൂർ കല്യാശ്ശേരി പാറക്കടവിൽ 92കാരി കെ. ദേവിയുടെ വോട്ട് സി.പി.എം നേതാവ് രേഖപ്പെടുത്തിയതിന്‍റെ സി.സി.ടി.വി ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബൂത്ത് ഏജന്റും സി.പി.എം കപ്പോത്ത്കാവ് മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ ഗണേശനാണ് വോട്ടർ അറിയാതെ വോട്ട് ചെയ്തത്.

കള്ളവോട്ട് ചെയ്ത ഇയാളെ ഒന്നാം പ്രതിയാക്കിയും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ പ്രതികളാക്കി കണ്ണപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. കല്യാശ്ശേരി അസി. റിട്ടേണിങ് ഓഫിസർ നൽകിയ പരാതിയിലാണ് കേസെടുത്തത്.

അഞ്ച് ഉദ്യോഗസ്ഥരെ ജില്ല വരണാധികാരി കൂടിയായ കണ്ണൂർ കലക്ടർ അരുൺ കെ. വിജയൻ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വയോധികയുടെ വോട്ട് അസാധുവാക്കിയതായും റീപോളിങ് നടത്തില്ലെന്നും കാസർകോട് മണ്ഡലം വരണാധികാരി അറിയിച്ചിരുന്നു. 

Tags:    
News Summary - LDF complains that fake vote took place in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.