തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച മൂന്നരക്കോടി രൂപ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്ത കേസിൽ അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചു. സംഭവത്തിന് പിന്നിൽ തൃശൂരിൽനിന്നുള്ള രണ്ട് നേതാക്കളാണെന്നും പൊലീസിന് വിവരം ലഭിച്ചു. തട്ടിപ്പ് നാടകം ആസൂത്രണം ചെയ്തത് തൃശൂരിലെ പാർട്ടി ഓഫിസിലാണെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിക്കാൻ ദേശീയ പാർട്ടി എത്തിച്ച രേഖകളില്ലാത്ത മൂന്നരക്കോടിയാണ് പാർട്ടി നേതാക്കൾ തന്നെ വാഹനാപകട നാടകമുണ്ടാക്കി തട്ടിയത്. ഈ മാസം മൂന്നിന് രാവിലെ കൊടകരയിലായിരുന്നു സംഭവം.
കള്ളപ്പണം കടത്തുകയായിരുന്ന കാറിൽ മറ്റൊരു കാറിടിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. പ്രചാരണത്തിെൻറ അവസാനത്തിൽ ഉപയോഗിക്കാനായി എത്തിച്ചതായിരുന്നു പണം. കർണാടകയിൽ നിന്നാണ് കേരളത്തിലേക്കുള്ള തുക കൊടുത്തയച്ചത്. ഇത് കോഴിക്കോട് വെച്ചാണ് വിവിധ ജില്ലകളിലേക്കായി വീതിച്ചത്.
എറണാകുളത്തേക്ക് വിതരണം ചെയ്യാൻ കാറിൽ കൊടുത്തുവിട്ട തുകയാണ് തട്ടിയത്. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകും വഴി തൃശൂരിലെത്തുമ്പോൾ നേരം ഏറെ വൈകിയിരുന്നു. ഇതോടെ കാർ തൃശൂരിലെ പാർട്ടി ഒാഫിസിലെത്തി.
രാത്രി യാത്ര സാഹസമാണെന്നും വഴിനീളെ പരിശോധനയുണ്ടെന്നും പിടിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പറഞ്ഞ് ഇവിടെയുണ്ടായിരുന്ന പാർട്ടി നേതാക്കൾ അന്ന് പോകാൻ അനുവദിച്ചില്ലത്രെ. ഇൗ നേതാക്കൾ തന്നെയാണ് പണം തട്ടൽ ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന് ലഭിച്ച സൂചന.
പണവുമായി പോയ കാർ കൊടകരയിലെത്തിയപ്പോൾ പിന്തുടർന്നെത്തിയ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. അപകടമാണെന്ന് കരുതി പണം വെച്ചിരുന്ന കാർ നിർത്തിയപ്പോഴേക്കും ഇടിച്ച കാറിലുണ്ടായിരുന്നവർ ഇറങ്ങി പണമുണ്ടായിരുന്ന കാറുമായി രക്ഷപ്പെട്ടു. കൊടകര മേൽപ്പാലം കഴിഞ്ഞയുടൻ പുലർച്ച നാലേ മുക്കാലോടെയായിരുന്നു അപകടം.
കാർ നഷ്ടപ്പെട്ടത് സംബന്ധിച്ച് ഉടമ കൊടകര പൊലീസിൽ നൽകിയ പരാതിയാണ് കോടികളുടെ കുഴൽപ്പണക്കടത്ത് പുറത്ത് വന്നത്.
തട്ടിയെടുത്ത കാർ പിന്നീട് ഇരിങ്ങാലക്കുടക്ക് സമീപം കണ്ടെത്തിയിരുന്നു. കാറിെൻറ സീറ്റും ഉൾഭാഗവും നശിപ്പിച്ച നിലയിലാണ്. പരാതിയെത്തിയതോടെ പ്രശ്നം തീർക്കാൻ നേതാക്കൾ ശ്രമിച്ചെങ്കിലും നടന്നില്ലത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.